ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്; കണക്കുകളിലെ മുൻതൂക്കം എൻഡിഎക്ക്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. എൻഡിഎ സ്ഥാനാർഥിയായി സി പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാർഥിയായി ജസ്റ്റിസ് സുദർശൻ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. കണക്കുകളിലെ മുൻതൂക്കം അനുകൂലമാക്കി മാറ്റാനുള്ള തന്ത്രങ്ങളാണ് എൻഡിഎ മുന്നണി ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതിപക്ഷ വോട്ടുകൾ പരമാവധി സമാഹരിച്ച് ശക്തി തെളിയിക്കാനുള്ള നീക്കമാണ് ഇന്ത്യാ മുന്നണി നടത്തുന്നത്. ബിആർഎസും ബിജെഡിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ സഖ്യം ലക്ഷ്യം വെയ്ക്കുന്ന ക്രോസ് വോട്ടുകൾക്കുള്ള സാധ്യത കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിലും ക്രോസ് വോട്ടുകൾ ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ രഹസ്യ ബാലറ്റ് വഴിയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.