180 പെൺകുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 19-കാരൻ പിടിയിൽ

Local

മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 19-കാരൻ പിടിയിലായി. അയാൻ അഹമ്മദ് തൻവീർ അഹമ്മദ് എന്ന യുവാവിനെയാണ് അമരാവതി റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി ഏപ്രിൽ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

അമരാവതിയിലെ പരത്‌വാഡ, അചൽപൂർ മേഖലകളിലെ പെൺകുട്ടികളെയാണ് പ്രതി ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു. പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കുകയും പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി.

പീഡന ദൃശ്യങ്ങൾ പെൺകുട്ടികളുടെ അനുവാദമില്ലാതെ പകർത്തിയ ശേഷം ഇവ കാണിച്ച് ഇയാൾ അവരെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. 350-ലധികം വീഡിയോകൾ ഇയാൾ ഇത്തരത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇതിൽ 100-ഓളം വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായതായും പറയപ്പെടുന്നു.

വൻ പ്രതിഷേധം, രാഷ്ട്രീയ വിവാദം

സംഭവം പുറത്തായതോടെ അമരാവതിയിൽ വലിയ തോതിലുള്ള ജനരോഷമാണ് ഉയരുന്നത്. പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് പരത്‌വാഡയിൽ ജനങ്ങൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. 180-ഓളം പെൺകുട്ടികൾ ഇയാളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. പ്രതിക്ക് അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. എന്നാൽ പ്രതിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്ന് എഐഎംഐഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി.

അന്വേഷണം ഊർജ്ജിതം

പ്രതിയുടെ മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഡിലീറ്റ് ചെയ്ത വീഡിയോകൾ വീണ്ടെടുക്കാനായി ഫോറൻസിക് വിദഗ്ധരുടെ സഹായം തേടി. പീഡന ദൃശ്യങ്ങൾ പകർത്താൻ പ്രതിയെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഏഴ് പെൺകുട്ടികൾ ഇയാളുടെ ഇരകളായതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് കരുതുന്നത്.

പീഡനത്തിന് ഇരയായവർക്ക് നിയമസഹായവും കൗൺസിലിംഗും നൽകുമെന്ന് അമരാവതി പോലീസ് അറിയിച്ചു. ഇരകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് സ്റ്റേഷനുകളിൽ 'സീറോ എഫ്ഐആർ' ഫയൽ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയമിക്കണമെന്നും രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

Share this story