തമിഴ്‌നാട്ടിൽ വിജിലൻസ് വേട്ട; 22.33 ലക്ഷം രൂപ പിടിച്ചെടുത്തു: ഏഴ് സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

ചെനൈ

തമിഴ്‌നാട്ടിൽ അഴിമതി വിരുദ്ധ-വിജിലൻസ് ഡയറക്ടറേറ്റ് (DVAC) സംസ്ഥാനവ്യാപകമായി നടത്തിയ വൻ റെയ്ഡിൽ 22.33 ലക്ഷം രൂപയുടെ അവിഹിത പണം പിടിച്ചെടുത്തു. വിവിധ കൈക്കൂലി കേസുകളുമായി ബന്ധപ്പെട്ട് ഏഴ് സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തു. ജൂലൈ 4 മുതൽ ജൂലൈ 10 വരെയുള്ള ദിവസങ്ങളിലാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിജിലൻസ് പരിശോധന കർശനമാക്കിയത്.

​വിജിലൻസ് ഡയറക്ടർ എ. അരുൺ പുറത്തുവിട്ട പ്രസ്താവന പ്രകാരം കൃഷ്ണഗിരി, തിരുവള്ളൂർ, തേനി, കന്യാകുമാരി, ദിണ്ടിഗൽ, തഞ്ചാവൂർ, റാണിപ്പേട്ട് എന്നീ ജില്ലകളിലെ 11 സർക്കാർ ഓഫീസുകളിലാണ് ഒരേസമയം മിന്നൽ പരിശോധന നടത്തിയത്. ഈ ഓഫീസുകളിൽ നിന്നായി രേഖകളില്ലാത്ത 12.46 ലക്ഷം രൂപ കണ്ടെടുത്തു. കൂടാതെ സംസ്ഥാന അതിർത്തികളിലെ ആറ് ചെക്ക്‌പോസ്റ്റുകളിൽ നടത്തിയ വാഹന പരിശോധനയിൽ 9.87 ലക്ഷം രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു.

​കെട്ടിട നിർമാണ അനുമതിക്ക് 15,000 രൂപ കൈക്കൂലി വാങ്ങിയ വില്ലുപുരം ടൗൺ പഞ്ചായത്തിലെ ജൂനിയർ അസിസ്റ്റന്റ് ബാലമുരുകൻ, പട്ടയ മാറ്റത്തിനായി 5,000 രൂപ വാങ്ങിയ തിരുപ്പൂരിലെ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (VAO) അബ്ദുൾ റഹ്മാൻ, ചെന്നൈ വേളച്ചേരിയിൽ വാഹന രേഖകൾ തിരികെ നൽകാൻ കൈക്കൂലി വാങ്ങിയ ട്രാഫിക് പൊലീസ് കോൺസ്റ്റബിൾ അഴകുരാജ എന്നിവരുൾപ്പെടെ ഏഴ് പേരാണ് വിജിലൻസിന്റെ വലയിലായത്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. 

Tags

Share this story