വിജയ്‌യുടെ റാലിക്കിടെ വീണ്ടും മരണം; മദ്യത്തിൽ വിഷം ചേർത്ത് കഴിച്ചയാൾ മരിച്ചു

Vijay TVK

ചെന്നൈ: നടനും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയ് സേലത്തു നടത്തിയ പ്രചാരണ റാലിക്കിടെ വിഷം കഴിച്ചയാൾ മരിച്ചു. റാലിയുമായി ബന്ധപ്പെട്ട രണ്ടാമത്തെ മരണമാണിത്.

വിജയ്‌യുടെ പ്രസംഗവേദിക്ക് അരികിൽ വിഷം കഴിച്ച മെട്ടൂർ സ്വദേശിയായ അമ്പതു വയസുകാരൻ മുരുഗനാണ് മരിച്ചത്. ഇയാളുടെ മൃതദേഹം വേദിക്ക് സമീപം നിന്ന് കണ്ടെടുത്തു. കുടുംബപ്രശ്നങ്ങൾ കാരണം മുരുഗൻ മദ്യത്തിൽ വിഷം ചേർത്തു കഴിച്ചെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഇയാളുടെ ആത്മഹത്യാ കുറിപ്പും മൃതദേഹത്തിന് സമീപം നിന്ന് കണ്ടെടുത്തിരുന്നു.

വിജയ്‌‌യുടെ സേലത്തെ റാലിക്കിടെ ഒരു യുവാവ് കുഴഞ്ഞുവീണു മരിച്ചിരുന്നു. ഹൃദയാഘാതമാണ് ഇയാളുടെ മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമായി. മാസങ്ങൾക്കു മുൻപ് കരൂരിൽ വിജയ് നടത്തിയ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ 40 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തുടർന്ന് വിജയ് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്നു. സേലത്തെ സംഭവങ്ങൾ വിജയ്‌യുടെ റാലികളിലെ സുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സേലത്ത് യുവാവ് കുഴഞ്ഞുവീണ സമയത്ത് സംഘർഷഭരിതമായ അന്തരീക്ഷം ഉടലെടുത്തിരുന്നു. ടിവികെ അണികളും മാധ്യമ പ്രവർത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായി. യുവാവ് കുഴഞ്ഞുവീണത് ചിത്രീകരിക്കാനുള്ള മാധ്യമ പ്രവർത്തകരുടെ ശ്രമം ടിവികെ അണികൾ തടഞ്ഞതാണ് ഇരു വിഭാഗവും തമ്മിലെ കൈയാങ്കളിയിലേക്ക് നയിച്ചത്. പ്രചാരണ വേദിക്കരുകിൽ വൻ പൊലീസ് സന്നാഹമൊരുക്കിയിരുന്നെങ്കിലും കാര്യമുണ്ടായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

Tags

Share this story