2021 മുതൽ വിജയ്ക്ക് അവിഹിത ബന്ധം, മാനസിക പീഡനം; സംഗീത നൽകിയ വിവാഹമോചന ഹർജിയിലെ കൂടുതൽ വിവരങ്ങൾ

vijay sangeetha

തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയ് യുമായുള്ള വിവാഹബന്ധം വേർപെടുത്താൻ ഭാര്യ സംഗീത നൽകിയ ഹർജിയിൽ ഗുരുതര ആരോപണങ്ങൾ. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഗൗരവമേറിയ ആരോപണങ്ങളാണ് ഹർജിയിൽ സംഗീത ഉന്നയിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി അവിഹിത ബന്ധമുണ്ടെന്നതാണ് ഇതിലേറ്റവും പ്രധാന ആരോപണം

1998 ജൂലൈ 10ന് യുകെയിൽ വെച്ചാണ് സംഗീത-വിജയ് വിവാഹം രജിസ്റ്റർ ചെയ്തത്. പിന്നീട് 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ ആചാരപ്രകാരം വിവാഹം നടന്നു. 2021 ഏപ്രിൽ മാസം മുതൽ വിജയ്ക്ക് നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് സംഗീത ആരോപിക്കുന്നു. ഇത് ദാമ്പത്യത്തോടുള്ള വിശ്വാസ വഞ്ചനയാണെന്നും നോട്ടീസിൽ പറയുന്നു. നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകി. എന്നാൽ വാക്കുപാലിക്കാൻ വിജയ് തയ്യാറായില്ല. 

ഇത് തനിക്ക് കടുത്ത മാനസിക പീഡനം സമ്മാനിച്ചു. പ്രശ്‌നങ്ങൾ പരിഹരിക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. പക്ഷേ പരിഹാരമുണ്ടായില്ല. വിജയ് തന്നെ വൈകാരികമായും മാനസികമായും ശാരീരികമായും അവഗണിച്ചു. ആരോപിക്കപ്പെട്ട നടിയുമായി വിജയ് വിദേശ യാത്രകൾ നടത്തി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇത് തനിക്കും കുട്ടികൾക്കും നാണക്കേടും കടുത്ത വേദനയും സമ്മാനിച്ചു. 

വിഷയം സ്വകാര്യമായി പരിഹരിക്കാൻ പലതവണ ശ്രമിച്ചു. വേറെ വഴിയില്ലാതെയാണ് ഇപ്പോൾ കോടതിയെ സമീപിച്ചത്. വിവാഹ മോചനത്തിന് പുറമെ വിജയ് യുടെ വരുമാനത്തിന് അനുസരിച്ചുള്ള ജീവനാംശവും നിലവിൽ വിജയ്ക്ക് ഒപ്പം താമസിച്ചിരുന്ന വീട്ടിൽ തുടർന്നും ജീവിക്കാനുള്ള അവകാശവും തനിക്ക് വേണമെന്ന് സംഗീത നോട്ടീസിൽ പറയുന്നു
 

Tags

Share this story