വിജയ് വീണ്ടും കരൂരിൽ; മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ സന്ദർശനം: ദുരന്തബാധിതരുടെ ആശ്രിതർക്കുള്ള സർക്കാർ ജോലി ഉത്തരവ് കൈമാറും

വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂർ സന്ദർശിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് വിജയ് കരൂരിൽ എത്തുന്നത്.

​2025 സെപ്റ്റംബറിൽ തമിഴക വെട്രി കഴകം (ടി.വി.കെ) റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേരിൽ 32 പേരുടെ ആശ്രിതർക്കുള്ള സർക്കാർ ജോലി ഉത്തരവ് മുഖ്യമന്ത്രി ചടങ്ങിൽ വെച്ച് കൈമാറും.

​തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കരൂരിൽ നടത്തിയ പര്യടനത്തിനിടയിലായിരുന്നു വൻ ദുരന്തം സംഭവിച്ചത്. തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ വിജയ്‌ക്കെതിരെ വലിയ രീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. റാലിയിൽ പങ്കെടുക്കാൻ വിജയ് വൈകിയെത്തിയതും ജനങ്ങൾക്കിടയിലേക്ക് വെള്ളക്കുപ്പി എറിഞ്ഞു നൽകിയതുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ ഇടപെടലോടെ കേസ് സി.ബി.ഐക്ക് വിടുകയും വിജയ്‌യെ ഒന്നിലധികം തവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രാദേശിക ഭരണകൂടത്തിന്റെ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് ടി.വി.കെയുടെ വാദം.

​നേരത്തെ, അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് വിജയ് പ്രഖ്യാപിക്കുകയും ഈ തുക കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആശ്രിതർക്ക് സർക്കാർ ജോലിയും ഉറപ്പാക്കുന്നത്.

Share this story