കൺമുന്നിൽ നടന്ന ദുരന്തത്തിന് പിന്നാലെ ചാർട്ടേഡ് വിമാനത്തിൽ നഗരം വിട്ട് വിജയ്; വ്യാപക വിമർശനം

വിജയ് യുടെ തമിഴക വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 38 പേർ മരിച്ച സംഭവത്തിൽ പ്രതിക്കൂട്ടിലായി വിജയ്. രൂക്ഷവിമർശനമാണ് താരത്തിനെതിരെ ഉയരുന്നത്. വിജയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും ഡിഎംകെയും രംഗത്തുവന്നു. ദുരന്തത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെ താരം നഗരം വിട്ടതും വലിയ വിമർശനമാണ് വരുത്തിവെച്ചത്
തന്റെ ഹൃദയം തകർന്നുവെന്ന് കരൂരിൽ നിന്ന് മുങ്ങിയ ശേഷം വിജയ് എക്‌സ് വഴി പ്രതികരിച്ചു. ഇതും വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ മുന്നറിയിപ്പ് മറികടന്നാണ് ടിവികെ റാലി നടത്തിയത്. ഇത്തരം റാലികൾക്കിടയിൽ അനിഷ്ട സംഭവമുണ്ടായാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് കോടതി ചോദി്ചിരുന്നു. സമ്മേളനങ്ങൾ നടത്തുമ്പോൾ അത് നിയന്ത്രിക്കേണ്ടത് നേതാവാണെന്നും കോടതി പറഞ്ഞിരുന്നു. എന്നാൽ അപകടത്തിന് പിന്നാലെ ചാർട്ടേഡ് വിമാനത്തിൽ കയറി വിജയ് സ്ഥലം വിടുകയായിരുന്നു.
അതേസമയം കരൂർ അപകടത്തിൽ 38 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പന്ത്രണ്ട് പുരുഷന്മാർ, പതിനാറ് സ്ത്രീകൾ, അഞ്ച് ആൺകുട്ടികൾ, അഞ്ച് പെൺകുട്ടികൾ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ കരൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി പി മതിയഴകൻ അടക്കമുള്ളവർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. കരൂർ ടൗൺ പൊലീസിന്റേതാണ് നടപടി. നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടൻ വിജയ്ക്കെതിരെയും കേസെടുക്കും.
ഇന്നലെ വൈകിട്ടായിരുന്നു വിജയ്‌യുടെ റാലിക്കിടെ വൻ അപകടം നടന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആറ് മണിക്കൂർ വൈകിയാണ് വിജയ് സ്ഥലത്തെത്തിയത്. കടുത്ത ചൂടിലും മറ്റും കാത്തുനിന്നവർക്ക് വിജയ് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കാൻ ശ്രമിച്ചിരുന്നു. ഇത് പിടിക്കാൻ ആളുകൾ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പന്ത്രണ്ടോളം പേരുടെ നില ഗുരുതരമാണ്.