യുകെ സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തി വിജയ്; തമിഴ്നാടിന് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ
ചെന്നൈ: ആറ് ദിവസത്തെ ഔദ്യോഗിക യുകെ സന്ദർശനം പൂർത്തിയാക്കി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വ്യാഴാഴ്ച ചെന്നൈയിൽ തിരിച്ചെത്തി. സംസ്ഥാനത്തേക്ക് 15,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും 10,000ത്തിലധികം നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങളും സന്ദർശനത്തിലൂടെ ഉറപ്പാക്കിയതായി സർക്കാർ അറിയിച്ചു.
കാര്യക്ഷമവും സുതാര്യവുമായ ഭരണത്തിലൂടെ 2036ഓടെ തമിഴ്നാടിനെ 1.5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള സംസ്ഥാനത്തിന്‍റെ പദ്ധതിയുടെ ഭാഗമായിരുന്നു സന്ദർശനം. സെപ്റ്റംബർ 12ന് യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ കുമരൻ പെരിയസ്വാമിയുമായി വിജയ് കൂടിക്കാഴ്ച നടത്തി. ഇന്ത്യ–യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാർ വഴി ലഭിക്കുന്ന വ്യാപാര സാധ്യതകൾ സംബന്ധിച്ച് ചർച്ചയും നടത്തി.
സെപ്റ്റംബർ 14ന് വാഹന ഘടക നിർമാണം, ഗവേഷണ-വികസനം, പുനരുപയോഗ ഊർജം, പവർ ഗ്രിഡ് ഉപകരണങ്ങൾ, ഗ്ലോബൽ കാപ്പബിലിറ്റി സെന്‍ററുകൾ തുടങ്ങിയ മേഖലകളിൽ ധാരണാപത്രങ്ങളും താൽപര്യപത്രങ്ങളും ഒപ്പുവച്ചു.
യൂറോപ്യൻ, ബ്രിട്ടീഷ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഡിസൈൻ, എൻജിനീയറിങ്, നിർമാണം, ലോജിസ്റ്റിക്സ്, അസംബ്ലി മേഖലകളിൽ സാംവർധന മദേഴ്സൺ ഇന്‍റർനാഷണൽ കമ്പനി 11,000 കോടി രൂപ നിക്ഷേപിക്കും. ഇതിലൂടെ 7,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
സ്വീഡിഷ് കമ്പനിയായ സിഗ്മ ടെക്നോളജി ഗ്രൂപ്പ് ശ്രീയ സൊല്യൂഷൻസ് വഴി തിരുച്ചിറപ്പള്ളിയിലും ചെന്നൈയിലും ഗ്ലോബൽ കാപ്പബിലിറ്റി സെന്‍ററുകൾ വികസിപ്പിക്കും. എംബഡഡ് സിസ്റ്റംസ്, ഇൻഡസ്ട്രിയൽ ഡിജിറ്റലൈസേഷൻ മേഖലകളിൽ 600 ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങളാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.
എർണസ്റ്റ് ആൻഡ് യങ് ചെന്നൈയിലെ മൗണ്ട്–പൂനമല്ലി ഇടനാഴിയിൽ ബിൽഡ്–ഓപ്പറേറ്റ്–ട്രാൻസ്ഫോം–ട്രാൻസ്ഫർ മാതൃകയിൽ ഗ്ലോബൽ കാപ്പബിലിറ്റി സെന്‍റർ സ്ഥാപിക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. 1,000 കോടി രൂപ ചെലവഴിക്കുന്ന കേന്ദ്രത്തിലൂടെ 2,000ത്തിലധികം ഉയർന്ന മൂല്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
യുകെ ആസ്ഥാനമായ വിൽസൺ പവർ സൊല്യൂഷൻസ് തിരുവള്ളൂർ ജില്ലയിൽ ട്രാൻസ്ഫോർമർ നിർമാണത്തിനായി 300 കോടി രൂപ നിക്ഷേപിക്കുന്നതിനും ധാരണയായി. ഇതിലൂടെ 400 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സർക്കാർ അറിയിച്ചു.
സെപ്റ്റംബർ മൂന്നിന് തമിഴ്നാട് നിയമസഭയിൽ ചട്ടം 110 പ്രകാരം ലോകോത്തര ‘മോട്ടോർ സ്പോർട്സ് സിറ്റി’ സ്ഥാപിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സിൽവർസ്റ്റോൺ സർക്യൂട്ടിലെ റേസ് കൺട്രോൾ, റേസ് ട്രാക്ക്, സുരക്ഷാ സംവിധാനങ്ങൾ, സിൽവർസ്റ്റോൺ മ്യൂസിയം എന്നിവ മുഖ്യമന്ത്രി സന്ദർശിച്ചു. നടനും റേസറുമായ അജിത് കുമാർ സർക്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് വിദശീകരിച്ച് നൽകുകയും ചെയ്തു. നിക്ഷേപ പദ്ധതികൾ വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി സംസ്ഥാന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
