കർണാടകയിൽ വിജയഭേരി: കോൺഗ്രസ് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യ ബിജെപി മുക്തം

dk

കർണാടകയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് 137 സീറ്റുകളിൽ മുന്നിലാണ്. ഇതോടെ ആരുടെയും പിന്തുണയില്ലാതെ തന്നെ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കും. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. 

ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കർണാടകയിൽ ഏറ്റിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം ഇറക്കി ദിവസങ്ങളോളം നീണ്ടുനിന്ന പ്രചാരണമൊക്കെ ജനങ്ങൾ തള്ളിക്കളഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ് അലയടിച്ചതെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. വെറും 64 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്.

കർണാടകയിൽ കിംഗ് മേക്കറാകുമെന്ന് കരുതിയിരുന്ന കുമാരസ്വാമിയുടെ ജെഡിഎസ് 20 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. മറ്റുള്ളവർ 3 സീറ്റിലും മുന്നിട്ട് നിൽക്കുന്നു. കർണാടക ഫലത്തോടെ ദക്ഷിണേന്ത്യയിൽ നിന്നും ബിജെപി പൂർണമായി പുറത്തായി. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും ബിജെപിക്ക് ഭരണമില്ലാത്ത സ്ഥിതിയായി മാറി.
 

Share this story