വിജയിയുടെ രാഷ്ട്രീയ നീക്കം: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് അനുമതി തേടി ടിവികെ

Vijay CM

2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സി. ജോസഫ് വിജയിൻ്റെ തമിഴക വെട്രി കഴകം (TVK) ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് തൊട്ടരികിൽ തടസ്സപ്പെട്ടു നിൽക്കുന്നു. ഇതോടെ സർക്കാർ രൂപീകരിക്കുന്നതിനുള്ള തീവ്രമായ ചർച്ചകൾക്ക് തമിഴ്നാട് സാക്ഷ്യം വഹിക്കുകയാണ്.

വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിൽ 108 എണ്ണത്തിലും ടിവികെ വിജയിച്ചു. എങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ പാർട്ടിക്ക് 10 സീറ്റുകൾ കൂടി ആവശ്യമാണ്. 59 സീറ്റുകൾ നേടിയ ഡിഎംകെ രണ്ടാം സ്ഥാനത്തും 47 സീറ്റുകളുമായി എഐഎഡിഎംകെ മൂന്നാം സ്ഥാനത്തുമാണ്.

മറ്റ് പാർട്ടികളുടെ നില

ചെറിയ പാർട്ടികളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 5 സീറ്റുകളും പട്ടാളി മക്കൾ കക്ഷി (PMK) 4 സീറ്റുകളും നേടി. കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടെ വിജയിന്റെ നേതൃത്വത്തിലാണ് സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ നടക്കുന്നത്. ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി ടിവികെ 'പ്ലാൻ ബി' നടപ്പിലാക്കിത്തുടങ്ങിയതായാണ് സൂചനകൾ. ഇതിനായി മറ്റ് പാർട്ടികളുമായി സഖ്യ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു.

സഖ്യ ചർച്ചകൾ

കോൺഗ്രസും പിഎംകെയും ടിവികെ സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് റിപ്പോർട്ടുകളുണ്ട്. പകരമായി ഇരു പാർട്ടികളും രണ്ട് മന്ത്രിസ്ഥാനങ്ങൾ വീതം ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം ഇടത് പാർട്ടികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. വിടുതലൈ ചിരുതൈഗൾ കക്ഷി (VCK), ഡിഎംഡികെ തുടങ്ങിയ പ്രാദേശിക പാർട്ടികളും രാഷ്ട്രീയ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്.

വിജയ് ആവശ്യമായ സീറ്റുകൾ ഉറപ്പാക്കി തമിഴ്നാടിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുമോ എന്നതിലേക്കാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ ഗവർണറുടെ അപ്പോയിന്റ്മെന്റ് ടിവികെ തേടിയിട്ടുണ്ട്.

Tags

Share this story