തമിഴ്‌നാട്ടിൽ വീണ്ടും ക്രൂരത; കാണാതായ പെൺകുട്ടിയുടെ മൃതദേഹം കുളക്കരയിൽ: കോയമ്പത്തൂരിൽ വൻ ജനരോഷം
കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയെ ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ കോയമ്പത്തൂർ സൂലൂർ പോലീസ് അറസ്റ്റ് ചെയ്തു. പല്ലപാളയം സ്വദേശികളായ കാർത്തിക് (33), സുഹൃത്ത് മോഹൻരാജ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച (മെയ് 21) വൈകുന്നേരമാണ് കുട്ടിയെ വീടിനടുത്തുള്ള പരിസരത്തുനിന്ന് കാണാതാകുന്നത്. പെൺകുട്ടിയുടെ കുടുംബവുമായി മുൻപരിചയമുള്ള പ്രതികളിലൊരാളായ കാർത്തിക്, ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ തന്റെ ഇരുചക്ര വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് കണ്ണമ്പാളയം കുളത്തിന് സമീപമുള്ള തെങ്ങിൻതോപ്പിലെത്തിച്ച് ഇരുവരും ചേർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു.
കുട്ടി ഭയന്ന് ബഹളം വെക്കുകയും എതിർക്കുകയും ചെയ്തതോടെ പ്രതികൾ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ കുളക്കരയിൽ ഉപേക്ഷിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികൾ നാട്ടുകാരോടൊപ്പം തിരച്ചിലിലും പങ്കെടുത്തു
കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ പ്രതികളായ കാർത്തിക്കും മോഹൻരാജും പങ്കാളികളായിരുന്നു എന്നത് പോലീസിനെപ്പോലും ഞെട്ടിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ പ്രതി കാർത്തിക്കിനെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം പ്രതി മോഹൻരാജിനെ കോടതി റിമാൻഡ് ചെയ്തു.
സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി ഒൻപത് മണി മുതൽ ശനിയാഴ്ച പുലർച്ചെ അഞ്ച് മണി വരെ നാട്ടുകാർ തിരുച്ചി റോഡ് ഉപരോധിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സംഭവത്തിൽ കടുത്ത നടുക്കം രേഖപ്പെടുത്തുകയും കേസിൽ അടിയന്തരവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
