ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോയ വോൾവോ ബസിന് തീപിടിച്ചു; 24 പേർ മരിച്ചു

bus

ആന്ധ്രാപ്രദേശിൽ വോൾവോ ബസിന് തീപിടിച്ച് വൻ അപകടം. 24 പേർ മരിച്ചതായാണ് റിപ്പോർട്ട്. ബസിൽ 40 പേരുണ്ടായിരുന്നു. ബസ് പൂർണമായി കത്തി നശിച്ചു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രയിലെ കുർനൂലിൽ പുലർച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്.

 കാവേരി ട്രാവൽസ് എന്ന വോൾവോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയിൽ കുടുങ്ങിപ്പോയിരുന്നു. ഇരുചക്ര വാഹനം ബസിന് അടിയിൽ കുടുങ്ങിയതോടെ റോഡിൽ ഉരഞ്ഞ് തീ പിടിക്കുകയായിരുന്നു.മുഴുവൻ ഗ്ലാസ് വിൻഡോകളുള്ള എസി ബസാണ് അപകടത്തിൽപ്പെട്ടത്. ജനൽച്ചില്ല് തകർത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാർ രക്ഷപ്പെട്ടതായി കുർനൂൽ എസ്പി വിക്രാന്ത് പാട്ടീൽ അറിയിച്ചു. 

 രക്ഷാപ്രവർത്തനം തുടരുകയാണ്. ബസിൽ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കുകളോടെ പതിനഞ്ചോളം പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പോലീസ് സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. അപകടത്തിൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനും പരുക്കേറ്റവരുടെ ചികിത്സയ്ക്കുമായി സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു.
 

Tags

Share this story