വോട്ട് ചോർ, ഗദ്ദി ഛോഡ്; കടുപ്പിച്ച് ഇന്ത്യ സഖ്യം; റാംലീല മൈതാനത്ത് വൻ പ്രതിഷേധം: ദൽഹിയിൽ കനത്ത സുരക്ഷ
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകളിലും വോട്ട് വെട്ടിച്ചുരുക്കൽ ആരോപണങ്ങളിലും പ്രതിഷേധിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC) ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ (INDIA) സഖ്യം ഡൽഹി റാംലീല മൈതാനത്ത് കൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. 'വോട്ട് ചോർ, ഗദ്ദി ഛോഡ്' (വോട്ട് കള്ളന്മാരേ, അധികാരം ഒഴിയൂ) എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെന്നും ജനാധിപത്യം സംരക്ഷിക്കാൻ സി.ഇ.സി ഉടനടി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രതിഷേധ മഹാറാലിയുടെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. നാലായിരത്തോളം പോലീസുകാരെയും കേന്ദ്ര സേനയെയും നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്. റാംലീല മൈതാനത്തെ 14 സുരക്ഷാ മേഖലകളാക്കി തിരിച്ച് സി.സി.ടി.വി, ഡ്രോണുകൾ എന്നിവ മുഖേന കർശന നിരീക്ഷണം ഏർപ്പെടുത്തി. റാലിയെ തുടർന്ന് നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
