എസ്.ഐ.ആറിലൂടെ വോട്ടർ പട്ടിക സുതാര്യമാക്കി; ഗ്യാനേഷ് കുമാറിന് പത്മഭൂഷണ് അർഹതയുണ്ടെന്ന് ബി.ജെ.പി
കൊൽക്കത്ത: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (CEC) ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ ബഹുമതി നൽകണമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സമീക് ഭട്ടാചാര്യ. സംസ്ഥാനത്ത് അക്രമരഹിതമായ നിയമസഭാ തെരഞ്ഞെടുപ്പ് ഉറപ്പാക്കിയതിനും വോട്ടർ പട്ടികയിൽ നിന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നീക്കം ചെയ്ത് പട്ടിക "ശുദ്ധീകരിച്ചതിനും" അദ്ദേഹത്തിന് ഈ പുരസ്കാരം നൽകാൻ അർഹതയുണ്ടെന്ന് ഭട്ടാചാര്യ പറഞ്ഞു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ പാനിഹാട്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബി.ജെ.പി അധ്യക്ഷൻ ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി സംസ്ഥാനമായ പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ കടന്നുകൂടിയ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പേരുകൾ ഒഴിവാക്കാൻ ഗ്യാനേഷ് കുമാർ മുൻകൈയെടുത്തെന്നും, ജനങ്ങൾക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താൻ സാഹചര്യം ഒരുക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഐ.ആർ (SIR) നടപടികളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് പ്രകടിപ്പിച്ചെന്ന റിപ്പോർട്ടുകളെത്തുടർന്ന് കമ്മീഷൻ്റെ പ്രവർത്തനങ്ങളിൽ വിവാദം ശക്തമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി നേതാവിൻ്റെ ഈ പ്രതികരണം. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സി.ഇ.സി ഗ്യാനേഷ് കുമാർ എന്നിവർക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ രൂക്ഷമായ വിമർശനങ്ങളെയും ഭട്ടാചാര്യ തള്ളിക്കളഞ്ഞു.
