യുപി, കർണാടക, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

ഉത്തർപ്രദേശ്, കർണാടക, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്. യുപിയിൽ പത്ത് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. ഇവിടെ ബിജെപിക്ക് ഏഴ് സീറ്റുകളിൽ ജയിക്കാനാകും. സമാജ് വാദി പാർട്ടിക്ക് രണ്ട് സീറ്റുകളിൽ ജയിക്കാം. പത്താമത്തെ സീറ്റിൽ ഇരു പാർട്ടികളും തമ്മിൽ കടുത്ത മത്സരം നടക്കും

കർണാടകയിൽ നാലിൽ മൂന്ന് സീറ്റിൽ കോൺഗ്രസിനും ഒരെണ്ണം ബിജെപിക്കും ജയിക്കാം. ഉത്തർപ്രദേശിൽ ബിജെപി എട്ട് സ്ഥാനാർഥികളെ നിർത്തിയതോടെ 10 രാജ്യസഭാ സീറ്റുകളിലേക്ക് 11 പേരാണ് മത്സരരംഗത്തുള്ളത്. 403 അംഗ നിയമസഭയിലെ നിലവിലെ അംഗബലം 399 ആയതിനാൽ ഒരു സ്ഥാനാർഥിക്ക് 37 മുൻഗണന വോട്ടുകൾ ആവശ്യമാണ്

ഹിമാചൽപ്രദേശിലെ 68 അംഗ നിയമസഭയിൽ ഒരു സ്ഥാനാർഥിക്ക് വിജയിക്കാൻ 35 ഒന്നാം മുൻഗണന വോട്ടുകൾ ആവശ്യമാണ്. കോൺഗ്രസിന്റെ അഭിഷേക് മനു സിംഗ്‌വിക്കെതിരെ ഹർഷ് മഹാജനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്. 

രാജ്യസഭയിലെ ആകെ ഒഴിവു വരുന്ന 56 സീറ്റുകളിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ അടക്കം 41 സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 20 സീറ്റിൽ ജയിച്ച ബി.ജെ.പിക്കാണ് കൂടുതൽ നേട്ടം.

Share this story