2047 വരെ കാത്തിരിക്കൂ; എല്ലാം ശരിയാകും: ഗുരുഗ്രാമിലെ വെള്ളക്കെട്ടിൽ ബിജെപി എംപിയുടെ പ്രതികരണം
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഗുരുഗ്രാമിൽ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും തുടരുന്നതിനിടെ, പ്രശ്നങ്ങൾക്ക് പൂർണ പരിഹാരം കാണാൻ 2047 വരെയുള്ള പുതിയ മാസ്റ്റർ പ്ലാൻ നടപ്പാക്കേണ്ടിവരുമെന്ന് ബിജെപി എംപി ധരംബീർ സിങ്. ഗുരുഗ്രാമിലെ നിലവിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾക്ക് 60 വർഷം മുമ്പുണ്ടാക്കിയ നഗരാസൂത്രണത്തിലെ പിഴവുകളാണ് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഗുരുഗ്രാം ഇത്രയും വലുതായി വളരുമെന്നും ഇത്രയധികം ആളുകളും വീടുകളും വാഹനങ്ങളും നഗരത്തിലെത്തുമെന്നും അന്നത്തെ ആസൂത്രകർ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഭിവാനി-മഹേന്ദ്രഗഢ് എംപിയായ ധരംബീർ പറഞ്ഞു. പഴയ ഡ്രെയിനേജ് സംവിധാനങ്ങളിലേക്ക് കെട്ടിടങ്ങൾ നിർമിച്ചതോടെ ഓടകളുടെ വീതി കൂട്ടാൻ ഇപ്പോൾ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത കാലത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ മഴ ലഭിക്കുന്നതാണ് മറ്റൊരു പ്രശ്നമെന്നും ധരംബീർ സിങ് പറഞ്ഞു. മഴവെള്ളം വലിയ തോതിൽ കെട്ടിക്കിടക്കുന്നതിനാൽ ഒഴുകിപ്പോകാൻ സമയമെടുക്കുന്നു. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ അധികൃതർ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നിലവിലെ പ്രശ്നങ്ങൾക്ക് സർക്കാർ ഉത്തരവാദിയാണോ എന്ന ചോദ്യത്തിന്, സർക്കാരിനും ഭരണസംവിധാനത്തിനും കഴിയുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു എംപിയുടെ മറുപടി. ഗുരുഗ്രാമിലെ പ്രശ്നങ്ങൾക്ക് പൂർണ പരിഹാരം കാണുക 2047ലെ പുതിയ മാസ്റ്റർ പ്ലാനിലൂടെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ ആവശ്യങ്ങൾ പരിഗണിച്ചായിരിക്കും പുതിയ നഗരവികസനം ആസൂത്രണം ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗുരുഗ്രാമിലെ വെള്ളക്കെട്ടിന് മുൻ കോൺഗ്രസ് സർക്കാരുകളുടെ കാലത്തെ വികസന നയങ്ങളാണ് കാരണമെന്ന് ബിജെപി എംപി റാവു ഇന്ദർജിത് സിങ് ആരോപിച്ചു. മലനിരകളിൽനിന്നുള്ള വെള്ളം യമുനയിലേക്ക് ഒഴുകിയിരുന്ന പരമ്പരാഗത നീർചാലുകൾക്ക് മുകളിലൂടെയാണ് വികസനം നടന്നതെന്നും ഇതിന്‍റെ പ്രത്യാഘാതമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ഭൂഗർഭ തുരങ്കങ്ങളാണ് ഏക ശാശ്വത പരിഹാരമെന്നും റാവു ഇന്ദർജിത് സിങ് പറഞ്ഞു. പഴയ നീർചാലുകളുടെ പാതയിലൂടെ മെട്രോ തുരങ്കങ്ങൾക്ക് സമാനമായ ഭൂഗർഭ തുരങ്കങ്ങൾ നിർമിച്ച് വെള്ളം ഒഴുക്കിവിടണമെന്നാണ് അദ്ദേഹത്തിന്‍റെ നിർദേശം.
