കൊൽക്കത്തയിൽ വെയർഹൗസ് മേൽക്കൂര തകർന്നു വീണു; നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങി

kol

കൊൽക്കത്ത: പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ താരാതലയിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണിന്റെ കൂറ്റൻ ഇരുമ്പ് മേൽക്കൂരയും കോൺക്രീറ്റ് സ്ലാബുകളും തകർന്നു വീണു. അപകടത്തിൽ നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കപ്പെടുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ താരാതല ബ്രേസ് ബ്രിഡ്ജ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാൻസ്പോർട്ട് ഡിപ്പോ റോഡിലാണ് സംഭവം.

​ഒരു ചായക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള വെയർഹൗസിലാണ് അപകടമുണ്ടായത്. കോൺക്രീറ്റ് വാർക്കപ്പണികൾ നടന്നു കൊണ്ടിരിക്കെ കെട്ടിടത്തിന്റെ മുകൾഭാഗം പെട്ടെന്ന് തകർന്നു വീഴുകയായിരുന്നു. അപകടസമയത്ത് അമ്പതിലധികം തൊഴിലാളികൾ ഈ സൈറ്റിൽ ജോലി ചെയ്തിരുന്നതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ നിലവിളികൾ കേൾക്കാമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

​ഇതുവരെ 10-ലധികം തൊഴിലാളികളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി സമീപത്തെ എസ്.എസ്.കെ.എം (SSKM) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

​കൊൽക്കത്ത പൊലീസും ദുരന്തനിവാരണ സേനയും (DMG) ഫയർഫോഴ്സും സംഭവസ്ഥലത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. കനത്ത ഇരുമ്പ് ബീമുകളും കോൺക്രീറ്റ് പാളികളും നീക്കം ചെയ്യുന്നതിനായി കട്ടറുകളും മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും രംഗത്തിറക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാനായി ഇന്ത്യൻ സൈന്യവും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. നിർമ്മാണത്തിന് നിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags

Share this story