'ബി.ജെ.പിക്ക് അനുകൂലമായ നിലപാടിലേക്ക് വീഴരുതായിരുന്നു'; വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ അസ്വസ്ഥത പുകയുന്നു

കോൺഗ്രസ്

ന്യൂഡൽഹി: പാർട്ടി പരിപാടികളിൽ 'വന്ദേമാതരം' ഗാനത്തിൻ്റെ ആദ്യ രണ്ട് വരികൾ (ചരണങ്ങൾ) മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ (CWC) നിലപാടിൽ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നസ്വരവും അസ്വസ്ഥതയും വളരുന്നതായി റിപ്പോർട്ടുകൾ. വിഷയം കൂടുതൽ നയതന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയ്ക്ക് അനുസൃതമായി നിലപാട് എടുത്തത് തിരിച്ചടിയായെന്നും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വിശ്വസിക്കുന്നു.

​"ഇതൊരു വൈഡ് ബോൾ പോലെ വിട്ടുകളയാമായിരുന്ന വിഷയമായിരുന്നു. ബി.ജെ.പിക്ക് മുൻതൂക്കമുള്ള വിഷയത്തിലേക്ക് കോൺഗ്രസ് സ്വയം കടന്നുചെല്ലരുതായിരുന്നു," എന്ന് ഒരു മുതിർന്ന സി.ഡബ്ല്യു.സി അംഗം നിരീക്ഷിച്ചു. പരീക്ഷാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ, അയോധ്യയിലെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ തുടങ്ങി കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കാൻ നിരവധി പ്രധാന വിഷയങ്ങൾ മുന്നിലുള്ളപ്പോൾ വന്ദേമാതരം വീണ്ടും ചർച്ചാവിഷയമാക്കിയത് അനാവശ്യമായിരുന്നുവെന്നാണ് ഒരു വിഭാഗത്തിൻ്റെ അഭിപ്രായം.

അതേസമയം, പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഒഴിവാക്കാനും സ്വാതന്ത്ര്യസമരത്തിൻ്റെ പാരമ്പര്യം ഉയർത്തിപ്പിടിക്കാനുമാണ് വ്യക്തമായ നിലപാട് സ്വീകരിച്ചതെന്ന് ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിച്ച കോൺഗ്രസ് നേതാവ് കനയ്യ കുമാർ ന്യായീകരിച്ചു. ഇതിനിടെ, സർക്കാർ ഔദ്യോഗിക ചടങ്ങുകളും ഒരു പാർട്ടിയുടെ ആഭ്യന്തര ചടങ്ങുകളും തമ്മിൽ നിയമപരമായി വ്യത്യാസമുണ്ടെന്നും, സ്വന്തം പാർട്ടി പരിപാടികളിൽ ഏത് രീതിയിൽ ഗാനം ആലപിക്കണമെന്ന് തീരുമാനിക്കാൻ സംഘടനയ്ക്ക് അവകാശമുണ്ടെന്നും കോൺഗ്രസ് ലീഗൽ സെൽ മേധാവി അഭിഷേക് മനു സിംഗ്വി വ്യക്തമാക്കി.

Tags

Share this story