പശ്ചിമേഷ്യൻ സംഘർഷം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്; കേരളമടക്കം 5 സംസ്ഥാനങ്ങൾ പങ്കെടുക്കില്ല
പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകുന്നേരമാണ് സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി യോഗം ചേരുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേമ്ട നടപടികൾ യോഗത്തിൽ ചർച്ചയാകും
ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടാനുള്ള ചർച്ചകൾ നടത്തുകയാണ് യോഗത്തിന്റെ അജണ്ട. മുൻകരുതലായി സ്വീകരിക്കേണ്ട നടപടികളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന കാര്യത്തിലും മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ തീരുമാനമാകും. ഇന്ധനലഭ്യത, വളം ലഭ്യത, അവശ്യവസ്തു വിതരണം, ക്രമസമാധാനം ഉറപ്പാക്കൽ എന്നിവയിലും ചർച്ച നടക്കും
അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണിത്. ഈ സാഹചര്യത്തിൽ കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
