എന്തു പറയാൻ? വാക്കുകളില്ല; ഭാരതിരാജയ്ക്ക് അന്ത്യോപചാരമർപ്പിച്ച് ഇളയരാജ
ചെന്നൈ: അന്തരിച്ച പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജയ്ക്ക് അന്ത്യോപചാരമർപ്പിക്കവെ വൈകാരികമായി പ്രതികരിച്ച് സംഗീത ചക്രവർത്തി ഇളയരാജ. ചെന്നൈയിലെ ഭാരതിരാജയുടെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വിതുമ്പുകയും വാക്കുകൾ കിട്ടാതെ പ്രയാസപ്പെടുകയും ചെയ്തു.
"എന്തു പറയാൻ? എനിക്ക് സത്യത്തിൽ ഒന്നും പറയാനില്ല. നമുക്ക് ഒരു മികച്ച മനുഷ്യനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതൊരു അഭിമുഖത്തിനുള്ള സ്ഥലമല്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു," ഇളയരാജ അതീവ ദുഃഖത്തോടെ പറഞ്ഞു. പ്രേക്ഷകരുമായി തനിക്കുള്ള ബന്ധം ഭാരതിരാജയുമായി പങ്കിട്ട ബന്ധത്തിന്റെ തുടർച്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിൽ എത്തുന്നതിന് മുൻപ്, നാടക വേദിയിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽക്കേ ഇരുവരും തമ്മിൽ പതിറ്റാണ്ടുകളുടെ ആഴമേറിയ സൗഹൃദമുണ്ടായിരുന്നു. ചെന്നൈയിലേക്ക് സിനിമ സ്വപ്നങ്ങളുമായി ഇരുവരും ഒന്നിച്ചാണ് എത്തിയത്. ഭാരതിരാജയുടെ വിപ്ലവകരമായ ആദ്യ ചിത്രം '16 വയതിനിലെ' മുതൽ ഇരുപതോളം ചിത്രങ്ങളിൽ ഇളയരാജയാണ് സംഗീതമൊരുക്കിയത്. തമിഴ് സിനിമയെ സ്റ്റുഡിയോ സെറ്റുകളിൽ നിന്ന് ഗ്രാമീണ പശ്ചാത്തലങ്ങളിലേക്ക് ഇറക്കിക്കൊണ്ടുവന്ന ഭാരതിരാജയുടെ ക്ലാസിക് ഹിറ്റുകളായ 'കിഴക്കെ പോഗും റെയിൽ', 'സിഗപ്പു റോജാക്കൾ', 'പുതിയ വാർപ്പുഗൾ' തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഈ കൂട്ടുകെട്ടാണ് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചത്.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ വസതിയിലായിരുന്നു ഭാരതിരാജയുടെ അന്ത്യം. തെന്നിന്ത്യൻ സിനിമയിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് ഇതോടെ തിരശ്ശീല വീണിരിക്കുന്നത്.
