സിംഹത്തിന് സീത എന്ന് പേരിട്ടാൽ എന്താണ് കുഴപ്പം; വി എച്ച് പിയോട് കൊൽക്കത്ത ഹൈക്കോടതി

ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തിൽ ചോദ്യവുമായി കൊൽക്കത്ത ഹൈക്കോടതി. സിംഹത്തിന് സീത എന്ന് പേരിടുന്നതിൽ എന്താണ് കുഴപ്പമെന്നും എവിടെയാണ് മൗലികാവകാശം ലംഘിക്കപ്പെട്ടതെന്നും കോടതി ചോദിച്ചു. വി എച്ച് പി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി

സീത ദേവിയുടെ പേര് നൽകിയതിലാണ് പരാതിയെന്ന് വി എച്ച് പി പറഞ്ഞപ്പോൾ ഹിന്ദു വിശ്വാസപ്രകാരം മൃഗങ്ങളും ദൈവമല്ലേയെന്നും ദുർഗയുടെ ചിത്രം സിംഹമില്ലാതെ സങ്കൽപ്പിക്കാനാകുമോയെന്നും കോടതി ആരാഞ്ഞു. 

സിംഹങ്ങൾക്ക് പേര് നൽകിയിണ്ടോയെന്ന് പശ്ചിമ ബംഗാൾ സർക്കാരിനോട് കോടതി ചോദിച്ചു. ഇക്കാര്യം നാളെ വ്യക്തമാക്കണം. ഹർജി നാളെ വീണ്ടും പരിഗണിക്കും. അതേസമയം ഹർജി നിലനിൽക്കില്ലെന്നും തള്ളിക്കളയണമെന്നും സർക്കാർ ആവശ്യപ്പെട്ടു

പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകളിട്ടതാണ് വിവാദത്തിന് കാരണം. അക്ബർ എന്ന സിംഹത്തിനോടൊപ്പം സീത എന്ന പെൺ സിംഹത്തെ താമസിപ്പിച്ചതിനെതിരെയാണ് തീവ്ര ഹിന്ദു സംഘടനയായ വിഎച്ച്പി കോടതിയെ സമീപിച്ചത്.
 

Share this story