ബാബറി മസ്ജിദിൽ 'പ്രത്യക്ഷമായ' പഴയ രാമ വിഗ്രഹം ഇപ്പോൾ എവിടെ...?

അയോധ്യ: 1949 ഡിസംബർ 22ന് അയോധ്യയിലെ ബാബറി മസ്ജിദിനുള്ളിൽ ഒരു രാമവിഗ്രഹം പെട്ടെന്ന് 'പ്രത്യക്ഷമായി'. ഇത് ആരു കൊണ്ടുവച്ചു എന്നതിനെച്ചൊല്ലി തർക്കങ്ങൾ മുറുകുന്ന സമയത്തും, ഈ വിഗ്രഹം ഇവിടെ പ്രത്യക്ഷമായതാണെന്ന വിശ്വാസം വച്ചുപുലർത്തുന്നവർ ഏറെയായിരുന്നു. രാമക്ഷേത്ര നിർമാണം എന്ന ആവശ്യം ഒരു വികാരമായി കത്തിപ്പടരുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് ഈ വിഗ്രഹമായിരുന്നു.

അന്നു മസ്ജിദിനുള്ളിൽ വന്ന വിഗ്രഹം പിന്നീട് തർക്കഭൂമിയിൽ തന്നെയുള്ള ഒരു കൂടാരത്തിലാണ് സൂക്ഷിച്ചിരുന്നത്. പുതിയ ക്ഷേത്രം നിർമിച്ചപ്പോൾ പ്രതിഷ്ഠിച്ചത് മറ്റൊരു പുതിയ വിഗ്രഹവും. എന്നാൽ, പഴയ രാംലല്ലയെ ഉപേക്ഷിക്കാൻ അധികൃതർ ഉദ്ദേശിക്കുന്നില്ല. ഇതും പുതിയ ക്ഷേത്രത്തിന്‍റെ ശ്രീകോവിലിനുള്ളിൽ തന്നെ പ്രതിഷ്ഠിക്കാനാണ് തീരുമാനം. ഇതിനു വേണ്ടി പ്രത്യേകമായൊരു ചടങ്ങും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

ഇപ്പോൾ പ്രതിഷ്ഠിച്ചിരിക്കുന്ന അഞ്ച് വയസുള്ള ബാലക രാമന് അഭിമുഖമായാണ് മറ്റൊരു സിംഹാസനത്തിൽ പഴയ വിഗ്രഹം പ്രതിഷ്ഠിക്കാൻ പോകുന്നത്. അതിനു മുന്നോടിയായി ചില ചടങ്ങുകൾ കൂടി ബാക്കിയുണ്ടെന്ന് ക്ഷേത്ര നിർമാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു.

Share this story