എന്തിന് ഉത്തരേന്ത്യ, കേരളത്തിന് മത്സരങ്ങൾ തരൂ എന്ന് തരൂർ; റൊട്ടേഷൻ നയപ്രകാരമാണ് തീരുമാനമെന്ന് രാജീവ് ശുക്ല

shukla

കനത്ത മൂടൽ മഞ്ഞ് വില്ലനായതോടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ടോസ് പോലും ഇടാനാകാതെ ഇന്നലെ ഉപേക്ഷിച്ചിരുന്നു. ലക്‌നൗവിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. അതിശൈത്യകാലമായ ഡിസംബർ, ജനുവരി മാസങ്ങളിൽ ഉത്തരേന്ത്യയിൽ മത്സരങ്ങൾ സംഘടിപ്പിച്ചത് ബിസിസിഐയുടെ വീഴ്ചയാണെന്ന് പലരും വിമർശനമുന്നയിച്ചു. കോൺഗ്രസ് എംപി ശശി തരൂരും സമാനമായ വിമർശനം ഉന്നയിച്ച് രംഗത്തുവന്നു

പാർലമെന്റിന് മുന്നിൽ മാധ്യമങ്ങളോടും തരൂർ ഇക്കാര്യം ആവർത്തിച്ചു. തരൂർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അതുവഴി കടന്നുപോയ കോൺഗ്രസിന്റെ രാജ്യസഭാ എംപിയും ബിസിസിഐ വൈസ് പ്രസിഡന്റുമായ രാജീവ് ശുക്ലയെ തരൂർ വിളിച്ച് വരുത്തി ഇക്കാര്യം ചോദിക്കുകയും ചെയ്തു. മൂടൽമഞ്ഞ് സാഹചര്യത്തിൽ എന്തിനാണ് മത്സരങ്ങൾ ഉത്തരേന്ത്യയിൽ ഷെഡ്യൂൾ ചെയ്യുന്നത്, ദക്ഷിണേന്ത്യയിലേക്ക് തന്നൂടെ എന്നായിരുന്നു തരൂരിന്റെ ചോദ്യം

എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് റൊട്ടേഷൻ നയം പ്രകാരമാണ് മത്സരങ്ങൾ അനുവദിക്കുന്നത് എന്നായിരുന്നു ശുക്ലയുടെ പ്രതികരണം. തരൂർ ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ എന്നാൽ പിന്നെ എല്ലാ മത്സരങ്ങളും കേരളത്തിന് തരാമെന്ന് കളിയായി രാജീവ് ശുക്ല പറഞ്ഞു. അത് ഞങ്ങൾക്ക് നല്ലതാണെന്നായിരുന്നു ഇതിനോട് തരൂരിന്റെ മറുപടി. ജനുവരിയിൽ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരം കാര്യവട്ടത്ത് നടക്കുന്നുണ്ട്.
 

Tags

Share this story