സർക്കാരിന്റെ പരാജയങ്ങൾക്ക് ജനങ്ങൾ എന്തിന് ത്യാഗം സഹിക്കണം; മോദിക്കെതിരെ രാഹുൽ ഗാന്ധി
ഗൾഫ് പ്രതിസന്ധിയെ തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാൻ 'വർക്ക് ഫ്രം ഹോം' സ്വീകരിക്കാനും വിദേശയാത്രകൾ ഒഴിവാക്കാനും സ്വർണ്ണം വാങ്ങുന്നത് നിയന്ത്രിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആഹ്വാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് രാഹുൽ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ 'രാജ്യം ആദ്യം, സുഖത്തേക്കാൾ വലുത് ചുമതല' (Nation First, Duty Above Comfort) എന്ന സന്ദേശത്തോട് പ്രതികരിച്ച രാഹുൽ ഗാന്ധി, സാമ്പത്തിക സമ്മർദ്ദത്തിന് മുന്നിൽ നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും പകച്ച് നിൽക്കുകയാണെന്നും സർക്കാരിന്റെ വീഴ്ചകൾ പരിഹരിക്കാൻ ജനങ്ങളോട് ത്യാഗം ചെയ്യാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്നും വ്യക്തമാക്കി.
"ഇന്നലെ, മോദിജി പൊതുജനങ്ങളോട് ചില ത്യാഗങ്ങൾ ചെയ്യാൻ ആവശ്യപ്പെട്ടു- സ്വർണ്ണം വാങ്ങരുത്, വിദേശ യാത്ര ചെയ്യരുത്, കുറച്ച് പെട്രോൾ ഉപയോഗിക്കുക, വളവും ഭക്ഷ്യ എണ്ണയും കുറയ്ക്കുക, മെട്രോ ഉപയോഗിക്കുക, വീട്ടിൽ നിന്ന് ജോലി ചെയ്യുക. ഇവ ഉപദേശങ്ങളല്ല- അവ പരാജയത്തിന്റെ തെളിവാണ്," അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
രൂക്ഷ വിമർശനവുമായി കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരോട് പെട്രോളിയം ഉൽപന്നങ്ങൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെ, യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ച് മൂന്ന് മാസമായിട്ടും ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് കോൺഗ്രസ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
ആഗോള പ്രതിസന്ധിയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് പകരം, അസൗകര്യങ്ങൾ നേരിടാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത് ലജ്ജാകരവും, അശ്രദ്ധയും, തികച്ചും അധാർമികവുമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. യുദ്ധം ആരംഭിച്ച് മൂന്ന് മാസമായിട്ടും, ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ഇപ്പോഴും ഒരു ധാരണയുമില്ലെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ എ.ഐ.സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു.
പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് കാർത്തി ചിദംബരം
നേരത്തെ, കോൺഗ്രസ് എം.പി കാർത്തി ചിദംബരവും ഇത്തരം നിർദ്ദേശങ്ങൾ നൽകാനുള്ള സാഹചര്യം വ്യക്തമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ യഥാർത്ഥ അവസ്ഥ എന്താണെന്ന് പ്രതിപക്ഷത്തെയും ജനങ്ങളെയും അറിയിക്കാൻ അടിയന്തരമായി പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
"പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അതീവ ഗൗരവമേറിയ നിർദ്ദേശങ്ങളാണിത്. അടിയന്തരമായി ഇത്തരമൊരു മുന്നറിയിപ്പ് നൽകാനുള്ള സാഹചര്യം എന്താണ്? സർക്കാർ ഉടൻ പാർലമെന്റ് സമ്മേളനം വിളിച്ച് ഇക്കാര്യങ്ങളിൽ വിശദീകരണം നൽകി ജനങ്ങളെ വിശ്വാസത്തിലെടുക്കണം. ഇത്തരം ആഹ്വാനങ്ങൾ നടത്താൻ പ്രേരിപ്പിച്ച യഥാർത്ഥ കാരണം എന്താണെന്ന് ഞങ്ങളെ അറിയിക്കണം," കാർത്തി ചിദംബരം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആഹ്വാനം
ഹൈദരാബാദിൽ നടന്ന ബി.ജെ.പി റാലിയിൽ സംസാരിക്കവെയാണ് വിദേശനാണ്യം ലാഭിക്കാനായി പെട്രോളും ഡീസലും ശ്രദ്ധയോടെ ഉപയോഗിക്കാനും നഗരങ്ങളിൽ മെട്രോ റെയിൽ, കാർപൂളിംഗ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കാനും പ്രധാനമന്ത്രി നിർദ്ദേശിച്ചത്. കോവിഡ് കാലത്ത് ശീലിച്ച വർക്ക് ഫ്രം ഹോം രീതികൾ തിരികെ കൊണ്ടുവരണമെന്നും മോദി ആവശ്യപ്പെട്ടു.
വിദേശയാത്രകളും സ്വർണ്ണം വാങ്ങലും ഒരു വർഷത്തേക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യൻ യുദ്ധം കാരണം പെട്രോളിന്റെയും വളത്തിന്റെയും വില വർധിക്കുന്നത് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്നും അതിനെ നേരിടാൻ ജനങ്ങളുടെ പരിപൂർണമായ പിന്തുണ ആവശ്യമാണെന്നും മോദി പറഞ്ഞു.
