അവരെ നടത്തിച്ചത് എന്തിനാണ്, അക്രമികൾ വിവരം എങ്ങനെ അറിഞ്ഞു; യുപി സർക്കാരിനോട് സുപ്രീം കോടതി

athik

മുൻ എംപി അതീഖ് അഹമ്മദ്, സഹോദരൻ അഷ്‌റഫ് എന്നിവർ പോലീസിന്റെ കൺമുന്നിൽ വെച്ച് വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇടപെട്ട് സുപ്രീം കോടതി. മെഡിക്കൽ പരിശോധനക്കായി എത്തിച്ച ഇരുവരെയും എന്തിനാണ് ആശുപത്രി എത്തുംമുമ്പേ വാഹനത്തിൽ നിന്ന് പുറത്തിറക്കി നടത്തിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. വാഹനത്തിന് പുറത്തിറക്കി ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മാധ്യമപ്രവർത്തകരായി ചമഞ്ഞ് വന്നവർ ഇവരെ വെടിവെച്ചു കൊന്നത്

ആ വീഡിയോ ദൃശ്യം ഞങ്ങൾ കണ്ടു. അവരെ എന്തുകൊണ്ടാണ് ആശുപത്രിയുടെ വാതിൽക്കൽ വരെ വാഹനത്തിൽ കൊണ്ടുപോകാതിരുന്നത്. എന്തുകൊണ്ടാണ് അത്രയും ദൂരം നടത്തിച്ചതെന്നും കോടതി ചോദിച്ചു. ഇവരെ വൈദ്യപരിശോധനക്ക് ഈ സമയം എത്തിക്കുമെന്ന് അക്രമികൾ എങ്ങനെ മനസ്സിലാക്കിയെന്നും കോടതി ചോദിച്ചു

അതീഖിന്റെ മകൻ ആസാദിനെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസുമാരായ രവീന്ദ്ര ഭട്ട്, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. അതീഖിന്റെ കൊലപാതകത്തിന് ശേഷം സ്വീകരിച്ച നടപടികളുടെ തൽസ്ഥിതി റിപ്പോർട്ട് നൽകാനും യുപി സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
 

Share this story