വിശാലമായ വിഷയങ്ങളിൽ ചർച്ച നടന്നു; റോമിൽ ജോർജിയ മെലോനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി

ittaly

റോം: അഞ്ച് രാജ്യങ്ങളുടെ യൂറോപ്യൻ പര്യടനത്തിന്റെ അവസാന ഘട്ടമായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായി കൂടിക്കാഴ്ച നടത്തി. റോമിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

​കൂടിക്കാഴ്ചയ്ക്ക് ശേഷം, വളരെ വിശാലമായ വിഷയങ്ങളിൽ തങ്ങൾ ആശയവിനിമയം നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) അറിയിച്ചു. റോമിലെത്തിയ പ്രധാനമന്ത്രിക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി വലിയ സ്വീകരണമാണ് ഒരുക്കിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് പ്രശസ്തമായ കൊളോസിയം സന്ദർശിക്കുകയും അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും ഇരുവരും ചേർന്നെടുത്ത സെൽഫിയും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

​ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEC), ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, പ്രതിരോധം, ക്ലീൻ എനർജി, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം തുടങ്ങിയവയാണ് ഈ സന്ദർശനത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. 2025-2029 കാലയളവിലേക്കുള്ള സംയുക്ത തന്ത്രപ്രധാന കർമ്മപദ്ധതിയും (Joint Strategic Action Plan) ഇരു നേതാക്കളും അവലോകനം ചെയ്യും.

​ഇറ്റലിയിലെ ഇന്ത്യൻ സമൂഹവും പ്രധാനമന്ത്രിക്ക് റോമിൽ വെച്ച് വൻ വരവേൽപ്പ് നൽകിയിരുന്നു. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി ഇന്ന് ഔദ്യോഗിക ചർച്ചകൾ നടത്തും.

Tags

Share this story