ഡൽഹി എസ്‌ഐആറില്‍ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ വെട്ടിയതിൽ വ്യാപക വിമർശനം; നിയമപോരാട്ടത്തിന് മുസ്‍ലിം സംഘടനകള്‍

SIR

ന്യൂഡല്‍ഹി: എസ്‌ഐആറില്‍ ഡല്‍ഹിയിലെ ന്യൂനപക്ഷങ്ങളെ കൂട്ടത്തോടെ വെട്ടിയതിൽ വ്യാപക വിമർശനം. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു പുറത്താക്കിയത് കേന്ദ്രത്തിന്റെ വേട്ടയാടലെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാത നിലപാടിൽ നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് മുസ്‌ലിം സംഘടനകൾ.

ഓഖ്ല, തുഗ്ലക്കാബാദ്‌ തുടങ്ങി മുസ്‌ലിം ഭൂരിപക്ഷമുള്ള അഞ്ചു മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കിയത്. ഓഖ്ലയില്‍ മാത്രം ആകെ വോട്ടർമാരുടെ 45 ശതമാനത്തിലധികം പേരും പട്ടികയിൽ ഇടം പിടിച്ചില്ല. ആർകെപുരത്തും കസ്തൂർഭ മണ്ഡലത്തിലും സ്ഥിതി സമാനം. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ മുസ്‌ലിം സംഘടനകള്‍ രംഗത്ത് എത്തിയത്

വോട്ടർമാരെ ഒഴിവാക്കിയത് ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം, ഇത് ശരിയാണെങ്കില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വൈസ് പ്രസിഡന്റ് പ്രൊഫസർ മുഹമ്മദ് സലീം ആവശ്യപ്പട്ടു. ബിഹാറിലും ബംഗാളിലും കേന്ദ്രത്തിൽ നിന്നും ന്യൂനപക്ഷങ്ങൾക്കെതിരെയുണ്ടായ ജനാധിപത്യ വിരുദ്ധ സമീപനം നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഡൽഹിയിലെ വോട്ടർമാർ.

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ കരട് പട്ടികയിൽ നിന്ന് 47 ലക്ഷം പേരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത്.

Tags

Share this story