ഭാര്യയെ 'മന്ത്രവാദിനി'യെന്ന് മുദ്രകുത്തി ജനക്കൂട്ടത്തിന്റെ ആക്രമണം; സംരക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ തല്ലിക്കൊന്നു: 12 പേർ അറസ്റ്റിൽ
ഗാന്ധിനഗർ: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ അന്ധവിശ്വാസത്തെത്തുടർന്ന് ഒരു കുടുംബത്തിന് നേരെ ജനക്കൂട്ടത്തിന്റെ ക്രൂരമായ ആക്രമണം. ഭാര്യയെ മന്ത്രവാദിനിയെന്ന് ആക്രോശിച്ചെത്തിയ അക്രമിസംഘത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ക്രൂരമായി മർദനമേറ്റ് കൊല്ലപ്പെട്ടു. സബർകാന്ത ജില്ലയിലെ ഗാഡിവാങ്കഡ ഗ്രാമത്തിൽ മനുഭായ് രാംജി ദാമോർ (50) എന്നയാളാണ് മരിച്ചത്. ആക്രമണത്തിൽ ഇയാളുടെ രണ്ട് ആൺമക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകൾ ഉൾപ്പെടെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മനുഭായിയുടെ ഭാര്യ കമലാബെൻ മന്ത്രവാദം നടത്തുന്നുണ്ടെന്ന് ആരോപിച്ച് അയൽവാസികളായ ചിലർ ഇവരുടെ കുടുംബത്തെ മുൻപും പീഡിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം മഴുവും വടികളുമായി ആയുധമേന്തിയ 12 ഓളം പേർ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കമലാബെൻ മന്ത്രവാദിനിയാണെന്നും അവളെ കൊല്ലണമെന്നും വിളിച്ചുപറഞ്ഞായിരുന്നു ആക്രമണം. ജനക്കൂട്ടം ഭാര്യയെ ലക്ഷ്യമിട്ട് അടുത്തേക്ക് വന്നതോടെ മനുഭായ് അവർക്ക് മുന്നിൽ പ്രതിരോധം തീർത്തു. മാതാപിതാക്കളെ രക്ഷിക്കാൻ ആൺമക്കളായ ജിതേന്ദ്രയും സഹോദരനും ശ്രമിച്ചെങ്കിലും ആയുധങ്ങളുമായെത്തിയ ജനക്കൂട്ടം ഇവരെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പ്രതികളിലൊരാൾ മഴു ഉപയോഗിച്ച് ജിതേന്ദ്രയുടെ തലയ്ക്ക് അടിച്ചതായും പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ മനുഭായിയെയും മക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മനുഭായ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ ചിതോഡ പോലീസും ലോക്കൽ ക്രൈംബ്രാഞ്ചും ചേർന്ന് ഗ്രാമത്തിൽ തിരച്ചിൽ നടത്തുകയും അക്രമികളായ 12 പേരെയും കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. പരിക്കേറ്റ മക്കൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
