ഭാര്യ ടൂർ പോയി, ഫോണിൽ കിട്ടില്ല; ശേഖറിനെ കുടുക്കിയത് വാട്സാപ്പ്: കൂട്ടക്കൊലയ്ക്ക് വിരുന്നൊരുക്കി
ബെംഗളൂരു∙ രാജാജി നഗറില്‍ കുടുംബത്തിലെ ഏഴുപേരെ കൊന്ന ടാക്സി ഡ്രൈവർ എസ്.ഇന്ദുശേഖറെ കുരുക്കിയത് ബന്ധുക്കള്‍ക്ക് അയച്ച വാട്സാപ്പ് ചാറ്റുകള്‍. കുടുംബസമേതം യാത്രയിലാണെന്ന് കൊല്ലപ്പെട്ടവരുടെ ഫോണില്‍നിന്ന് അയച്ച സന്ദേശങ്ങളാണ് അന്വേഷണം ഇയാളിലേക്ക് എത്തിച്ചത്. കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹം കണ്ടെടുത്തു.
ഏഴുപേരെയും കൊന്ന ശേഷം പ്രതി ഇന്ദുശേഖര്‍ കൊല്ലപ്പെട്ടവരുടെ പരിചയക്കാര്‍ക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. ‘ഞങ്ങളെല്ലാം ഒരുമാസത്തേക്ക് യാത്ര പോകുന്നു, ഫോണിൽ കിട്ടില്ല’– ഇതായിരുന്നു സന്ദേശം. എന്നാൽ ഇന്ദുശേഖർ യാത്ര പോകാത്തത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. കൊല്ലപ്പെട്ട നളിനിയെന്ന യുവതിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിൽ ഇന്ദുശേഖർ പിടിയിലായി. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്ദുശേഖറിന്റെ ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ 7 വയസ്സുള്ള മകൻ പുനീത് എന്നിവരെയാണ് ഒക്ടോബർ 16നും 31നും ഇടയ്ക്കു കൊലപ്പെടുത്തിയത്. വീട്ടുവഴക്കിൽ ഭാര്യയെ പിന്തുണച്ച കുടുംബാംഗങ്ങളെ ഒന്നൊന്നായി കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി ഇന്ദുശേഖർ സമ്മതിച്ചു. ആദ്യം ഭാര്യയെയാണു കൊന്നത്. അരകല്ലുപയോഗിച്ചു തലയ്ക്കടിച്ചുകൊന്നശേഷം മൃതദേഹം നന്ദി ഹിൽസിൽ ഉപേക്ഷിച്ചു.
ഭാര്യ ടൂർ പോയിരിക്കുകയാണെന്ന് അയൽക്കാരെ ധരിപ്പിക്കുകയും അവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ശിവകുമാറിന്റെയും ശങ്കറിന്റെയും കുടുംബങ്ങളെ വിരുന്നിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി. ഇതിനായി 17 വയസ്സുള്ള മകളുടെ സഹായവും തേടിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ സ്വന്തം കാറിൽ ശേഖർ ഷിറാഡി ചുരം, മൈസൂരു ചാമുണ്ഡി ഹിൽസ്, സേലത്തിനു സമീപം ഏർക്കാട് ചുരം എന്നിവിടങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. നളിനിയുടെ 11 വയസ്സുള്ള മകൻ രക്ഷപ്പെട്ടു.
