ബംഗാളികൾ കൂട്ടത്തോടെ കേരളം വിടും? ഉയർന്ന ശമ്പള വാഗ്ദാനവുമായി സുവേന്ദു അധികാരി
കോൽക്കത്ത: ബംഗാളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി ജോലി ചെയ്യുന്നവരോട് തിരികെ വരാൻ അഭ്യർഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. സ്വന്തം സംസ്ഥാനത്ത് മികച്ച ശമ്പളത്തോടെ തൊഴിലവസരങ്ങൾ നൽകാമെന്നും നിക്ഷേപ കേന്ദ്രമായി പശ്ചിമ ബംഗാളിനെ പുനഃസ്ഥാപിക്കുമെന്നും സുവേന്ദു വ്യക്തമാക്കി.
ഇത് നടപ്പാവുന്നതോടെ കേരളമുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ പ്രതിസന്ധിയിലാവുമെന്നതാണ് വാസ്തവം. ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബംഗാളികൾ നാട്ടിൽ പോയതോടെ കേരളത്തിലെ പല വ്യവസായ മേഖലയും പ്രതിസന്ധിയിലായിരുന്നു. ഇവർ പൂർണമായും തിരികെ പോയാൽ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം കേരളം തന്നെയാവുമെന്നതിൽ സംശയമില്ല.
പുറത്ത് പോയി ജോലി ചെയ്യുന്നവരുടെ കണക്ക് ബംഗാൾ സർക്കാർ ശേഖരിച്ചു കഴിഞ്ഞു. എല്ലാവർക്കും ഗ്രാമീൺ റോസ്ഗർ ഗ്യാരന്‍റി കാർഡ് (ജിആർജിസി) കൊടുക്കാനും ഉയർന്ന വേതനത്തോടെ തൊഴിൽ ഉറപ്പാക്കാനുമാണ് സർക്കാർ പദ്ധതി തയാറാക്കുന്നത്. നിലവിൽ ബംഗാളിൽ നിന്ന് 23 ലക്ഷത്തോളം പേരാണ് മറ്റ് സംസ്ഥാനങ്ങളിൽ പോയി പണിയെടുക്കുന്നത്.
കേരളത്തിൽ 30 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്കുകൾ. എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം ഇത് 50 ലക്ഷത്തിന് മുകളിലാണ്. ഇതിൽ പകുതിയിലധികവും ബംഗാളികളാണ്.
