ധർമേന്ദ്ര പ്രധാൻ രാജിവെക്കുമോ? സിജെപിയുമായി ചർച്ചയ്ക്ക് പിന്നാലെ രണ്ട് ആവശ്യങ്ങൾക്ക് കേന്ദ്രത്തിന്റെ അനുകൂല നിലപാട്; നിർണായക തീരുമാനം നാളെ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി നടന്ന നിർണായക ചർച്ചയ്ക്ക് പിന്നാലെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് കോക്രോച്ച് ജനത പാർട്ടി (CJP) വക്താക്കൾ വ്യക്തമാക്കി. രാജിക്കാര്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചവരെ സമയം ആവശ്യപ്പെട്ടതായി CJP നേതാക്കൾ അറിയിച്ചു.
ഭരണഘടനാ ക്ലബ്ബിൽ നടന്ന ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് CJP മുന്നോട്ടുവെച്ചത്:
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക.
- നീറ്റ് വിവാദത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക.
- സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളും കേസുകളും പിൻവലിക്കുക.
ഇതിൽ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനും വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതിനും കേന്ദ്ര സർക്കാർ തത്വത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കാര്യത്തിൽ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനമെടുക്കേണ്ടതിനാലാണ് സർക്കാർ നാളെ ഉച്ചവരെ സമയം ചോദിച്ചിട്ടുള്ളത്. ധർമേന്ദ്ര പ്രധാൻ സ്ഥാനമൊഴിയാതെ സമരം അവസാനിപ്പിക്കില്ലെന്ന ശക്തമായ നിലപാടിലാണ് സിജെപി.
