കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് ശരീരം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു; ഭാര്യ പിടിയിൽ
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് പല സ്ഥലങ്ങളിൽ ഉപേക്ഷിച്ച ഭാര്യ പിടിയിൽ. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ചന്തൗസിയിലെ പത്രൗവ റോഡിലെ ഈദ് ഗാഹിന് സമീപം ചാക്കുകളിൽ ശരീര ഭാഗങ്ങൾ കണ്ടെതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു
മുറിച്ചെടുത്ത ഒരു കയ്യിൽ രാഹുൽ എന്ന് പച്ച കുത്തിയതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്. ചന്തൗസിയിലെ ഷൂ വ്യാപാരിയായ രാഹുലാണ്(40) കൊല്ലപ്പെട്ടതെന്ന് അന്വേഷണ സംഘം പിന്നാലെ കണ്ടെത്തി. നവംബർ 18ന് രാഹുലിന്റെ ഭാര്യ റൂബി ഭർത്താവിനെ കാണാതായതായി പരാതി നൽകിയിരുന്നു
റൂബിയെ ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. റൂബി, കാമുകൻ ഗൗരവ്, മറ്റൊരാൾ അടക്കം മൂന്ന് പേരാണ് പിടിയിലായത്. 15 വർഷമായി വിവാഹിതരായിരുന്നു രാഹുലും റൂബിയും. ഇരുവർക്കും 12 വയസുള്ള മകനും 10 വയസുള്ള മകളുമുണ്ട്
മകളുടെ മൊഴിയും അന്വേഷണത്തിൽ നിർണായകമായി. വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും അമ്മയുടെ സുഹൃത്തുക്കൾ പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും മകൾ മൊഴി നൽകി.
