പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലഭിച്ച പണവുമായി ഭാര്യമാര്‍ കാമുകന്‍മാർക്കൊപ്പം ഒളിച്ചോടി: ഭര്‍ത്താക്കന്മാരുടെ പരാതി

PM Avas

ലഖ്‌നൗ: പാവപ്പെട്ടവര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വീടുകള്‍ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കുന്ന പ്രധാനമന്ത്രിയുടെ പദ്ധതിയാണ് പിഎംഎവൈ. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി വഴി ലഭിച്ച പണവുമായി ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച്‌ ഭാര്യമാര്‍ കാമുകന്മാരോടൊപ്പം പോയി. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. നാല് സ്ത്രീകളാണ് ഒളിച്ചോടിയത്. ഭാര്യമാര്‍ ഒളിച്ചോടിയെന്ന് ഭര്‍ത്താക്കന്മാര്‍ പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ബെല്‍ഹാര, ബങ്കി, സെയ്ദ്പൂര്‍, സിദ്ധൗര്‍ എന്നീ പഞ്ചായത്തുകളിലെ സ്ത്രീകളാണ് ഒളിച്ചോടിയതെന്നും എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലാ ഭരണകൂടം പറയുന്നതനുസരിച്ച്‌ അപേക്ഷകര്‍ക്ക് മൂന്ന് ഗഡുക്കളായി 2.5 ലക്ഷം രൂപ ലഭിക്കും. ഇതിന്റെ ആദ്യ ഗഡുവായി 50000 രൂപ നല്‍കും. തുടര്‍ന്ന് യഥാക്രമം 1.5 ലക്ഷം, 50000 രൂപ കൂടി വിതരണം ചെയ്യും. നിര്‍മ്മാണം പൂര്‍ത്തിയായതിന് ശേഷം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതാണ് നടപടിക്രമം. പദ്ധതി പ്രകാരം കുടുംബനാഥയുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറുന്നത്.

ആദ്യഗഡുവായ 50000 രൂപ ലഭിച്ച ശേഷമാണ് നാല് യുവതികള്‍ കാമുകന്മാരോടൊപ്പം ഒളിച്ചോടിയത്. ഭാര്യമാര്‍ ഒളിച്ചോടിയതിന് പിന്നാലെ വീടിന്റെ നിര്‍മ്മാണം തുടരാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഭര്‍ത്താക്കന്മാര്‍. നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്ന് കാണിച്ച്‌ ജില്ലാ നഗര വികസന ഏജന്‍സിയില്‍ നിന്ന് ഭര്‍ത്താക്കന്മാര്‍ക്ക് നോട്ടീസും ലഭിച്ചിട്ടുണ്ട്. ഇതോടെ അടുത്ത ഗഡു ഭാര്യമാരുടെ അക്കൗണ്ടിലേക്ക് അയക്കരുത് എന്നാവശ്യപ്പെട്ട് ഭര്‍ത്താക്കന്മാര്‍ സര്‍ക്കാറിനെ സമീപിച്ചു. എന്നാല്‍ ഈ ഗുണഭോക്താക്കളുടെ പണം എങ്ങനെ തിരിച്ചുപിടിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ജില്ലാ ഉദ്യോഗസ്ഥര്‍.

Share this story