മൂന്നുമാസം പ്രായമുള്ള ഇരട്ട പെൺമക്കളെ കൊലപ്പെടുത്തി യുവതിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പൊലീസ്
ബെംഗളൂരു: മൂന്നുമാസം പ്രായമുള്ള ഇരട്ട പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരുവിലെ വജ്രഹള്ളി മേഖലയിലെ ബിസിസി എച്ച്എസ് ലേഔട്ടിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
രാമലിംഗപ്പ എന്നയാളുടെ ഭാര്യ ഉമാദേവിയാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ചത്. വീടിനുള്ളിൽ അകത്തുനിന്ന് പൂട്ടിയ മുറിയിൽ കുട്ടികളെ മരിച്ച നിലയിലും ഉമാദേവിയെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലുമാണ് കണ്ടെത്തുന്നത്. ഉടൻതന്നെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുട്ടികളെ വെള്ളത്തിൽ മുക്കിയാകാം കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഐവിഎഫ് ചികിത്സയിലൂടെയാണ് ഈ വർഷം മേയിൽ ഉമാദേവി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. പ്രസവത്തിന് ശേഷം ഇവരുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ പ്രകടമായിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
