പ്ലാറ്റ്‌ഫോം മാറാൻ മെട്രോ ട്രാക്കിലേക്ക് ഇറങ്ങി യുവതി; കൊൽക്കത്തയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കൊൽക്കത്ത: തെറ്റായ പ്ലാറ്റ്‌ഫോമിൽ കയറിയതിനെ തുടർന്ന് എതിരെ കിടന്ന പ്ലാറ്റ്‌ഫോമിലേക്ക് മാറാനായി മെട്രോ റെയിൽ ട്രാക്കിലേക്ക് ഇറങ്ങി നടന്ന യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. കൊൽക്കത്ത മെട്രോയുടെ 'മാസ്റ്റർദാ സൂര്യ സെൻ' (ബാൻസ്‌ദ്രോണി) സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായത്. സമയബന്ധിതമായ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.
യുവതി ട്രാക്കിലേക്ക് ഇറങ്ങിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മറ്റ് യാത്രക്കാർ ഒച്ചവെച്ച് മുന്നറിയിപ്പ് നൽകുകയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെ (RPF) വിവരമറിയിക്കുകയുമായിരുന്നു. അപായ സൂചന ലഭിച്ച ഉടൻ തന്നെ മെട്രോ അധികൃതർ അതിവേഗം ഇടപെട്ട് ട്രാക്കിലേക്കുള്ള 750 വോൾട്ട് ഡി.സി ഹൈ-വോൾട്ടേജ് വൈദ്യുതി ബന്ധം (Third Rail Power) പൂർണ്ണമായും വിച്ഛേദിച്ചു.
ആ സമയത്ത് രണ്ട് പ്ലാറ്റ്‌ഫോമുകളിലും മെട്രോ ട്രെയിനുകൾ സർവീസ് നടത്തുന്ന തിരക്കേറിയ സമയമായിരുന്നു. വൈദ്യുതി ലൈനിൽ തൊട്ടിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന സാഹചര്യത്തിൽ നിന്നുമാണ് സെക്യൂരിറ്റി ജീവനക്കാരും ആർ.പി.എഫും ചേർന്ന് യുവതിയെ ട്രാക്കിൽ നിന്നും സുരക്ഷിതമായി പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയത്.
തുടർന്ന് സ്റ്റേഷൻ മാസ്റ്ററുടെ റൂമിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ, തനിക്ക് ന്യൂ ഗാരിയ ഭാഗത്തേക്ക് പോകേണ്ട ട്രെയിൻ മാറിപ്പോയെന്നും, പെട്ടെന്ന് അടുത്ത പ്ലാറ്റ്‌ഫോമിൽ കയറാനുള്ള ധൃതിയിലാണ് ഓവർബ്രിഡ്ജ് ഉപയോഗിക്കാതെ ട്രാക്കിലേക്ക് ഇറങ്ങിയതെന്നും യുവതി സമ്മതിച്ചു. കനത്ത മുന്നറിയിപ്പ് നൽകിയ ശേഷം ഇവരെ പിന്നീട് വീട്ടുകാർക്കൊപ്പം വിട്ടയച്ചു. സംഭവത്തെ തുടർന്ന് ബ്ലൂ ലൈനിലെ മെട്രോ സർവീസുകൾ 10 മിനിറ്റോളം തടസ്സപ്പെട്ടു. ട്രാക്കിലേക്ക് അതിക്രമിച്ചു കയറുന്നത് കടുത്ത നിയമലംഘനമാണെന്നും യാത്രക്കാർ കർശനമായും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മെട്രോ അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.
