ആദായ വിലയ്ക്ക് സ്വർണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവതിക്ക് നഷ്ടമായത് 28 ലക്ഷം രൂപ

Gold

കുറഞ്ഞ നിരക്കില്‍ അരക്കിലോ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കബളിപ്പിച്ച് 28 ലക്ഷം രൂപ തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ നെരൂൾ സ്വദേശിനിയായ 36 കാരിയാണ് തട്ടിപ്പിനിരയായത്. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തതായി നവി മുംബൈ പോലീസ് അറിയിച്ചു. സ്വർണത്തിന്റെ കാര്യം പറഞ്ഞു സ്ത്രീയുമായി ബന്ധപ്പെട്ട താനെ സ്വദേശികളായ രാകേഷ് ശിവാജി ഷിംഗ്ട (39), രൂപേഷ് സുബാഷ് സപ്കലെ (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മറ്റു പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. 27.81 ലക്ഷം രൂപയ്ക്ക് അര കിലോ സ്വർണം നൽകാം എന്ന് പറഞ്ഞ് പ്രതികളിൽ ഒരാൾ യുവതിയെ ബന്ധപ്പെടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വിപണിയിലെ വിലയേക്കാൾ കുറവാണ് ഈ തുക.

ഈ സ്വർണ്ണം കൈമാറാനാണെന്ന വ്യാജേന മെയ് 18 ന് പ്രതികൾ യുവതിയെ കാറിൽ കയറ്റി സൻപദ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ എത്തിയ ചിലർ യുവതിയെ ഭീഷണിപ്പെടുത്തി ഇവരുടെ കയ്യിൽ ഉണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. യുവതിക്കൊപ്പം കാറിൽ സഞ്ചരിച്ച രണ്ടുപേരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.

Share this story