രാഷ്ട്രീയത്തിലേക്കില്ല; ഇറങ്ങിയാൽ ഇ ഡിയും സിബിഐയും വേട്ടയാടും: വെളിപ്പെടുത്തലുമായി സിജെപി നേതാവ് അഭിജീത് ദീപ്‌കെ

അഭിജിത്ത്

ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാര്‍ രാജ്യത്തെ ഏറ്റവും വലിയ ചതിയനെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനം രാജിവെക്കുന്നത് വരെ സമരം നടത്തുമെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും അന്വേഷണം വേണമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. എസ്‌ഐആര്‍ പിന്‍വലിക്കണമെന്നും എസ്‌ഐആര്‍ ഉണ്ടെങ്കില്‍ അമേരിക്കയിലും മോദി ജയിക്കുമെന്നും മുംബൈയില്‍ വച്ച് നടന്ന് പത്രസമ്മേളനത്തില്‍ അഭിജീത് ദീപ്‌കെ ആരോപിച്ചു.

ഒക്ടോബര്‍ 2 മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് സിജെപി. 'സേവ് ഡെമോക്രസി മാര്‍ച്ച്' ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മുംബൈയിലെ പ്രതിഷേധത്തിന് ഇതുവരെയും അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല. രാജ്യവ്യാപക പ്രതിഷേധത്തിന് ദേശീയ പതാകയും ഗാന്ധി ചിത്രമുള്ള വസ്ത്രവും ധരിച്ച് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. എസ്‌ഐആര്‍ പിന്‍വലിക്കുന്നതിന് സുപ്രീംകോടതി വിധി വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമെന്ത്? ഏത് സുപ്രീം കോടതിയുടെ കാര്യമാണ് മാധ്യമങ്ങള്‍ പറയുന്നത്? എസ്‌ഐആറില്‍ സുപ്രീംകോടതിയും തെറ്റ് ചെയ്തിട്ടുണ്ടെന്നും സിജെപി ആരോപിച്ചു. ശിവാജി പാര്‍ക്കില്‍ ദേവേന്ദ്ര ഫട്‌നാവിസിന് രാഷ്ട്രീയ പരിപാടികള്‍ നടത്താമെങ്കില്‍ എന്ത് കൊണ്ട് സിജെപിക്ക് പ്രതിഷേധിക്കാന്‍ പാടില്ലെന്നും അഭിജീത് ദീപ്‌കെ ചോദിച്ചു.

എല്ലാ പാര്‍ട്ടികളും ഒന്നിച്ചിരുന്ന് തീരുമാനിക്കണം. സിജെപി ഏതു പാര്‍ട്ടിയുടെ ഭാഗമാണെന്ന് അവര്‍ തീരുമാനിക്കട്ടെ. മുംബൈ പൊലീസ് ഇതുവരെ ആര്‍ക്കും നോട്ടീസ് നല്‍കിയിട്ടില്ല. ഡല്‍ഹി പോലീസ് പോലെയല്ല മുംബൈ പൊലീസെന്നും മികച്ച പൊലീസ് സേനയിലൊന്നാണിതെന്നും അഭിജീത് ദീപ്‌കെ അഭിപ്രായപ്പെട്ടു. തന്നെ മൂന്നുമാസം എങ്കിലും ജയിലില്‍ കിടത്താന്‍ കഴിയുമോ എന്നും അഭിജീത് ദീപ്‌കെ ചോദിച്ചു. സിജെപി ഫണ്ടിങ്ങിനെക്കുറിച്ച് തെറ്റായ പ്രചരണം വേണ്ട. താന്‍ അമേരിക്കയില്‍ പോയി വരുന്ന വ്യക്തിയാണ്. ആയിരങ്ങള്‍ വിലയുള്ള ഷൂ വാങ്ങിയിടാന്‍ തനിക്ക് ശേഷിയുണ്ടെന്നും അഭിജീത് പറഞ്ഞു.

ജനങ്ങള്‍ക്ക് സിജെപിയില്‍ വലിയ പ്രതീക്ഷയാണുള്ളത്. സിജെപി ഇന്ത്യയുടെ ഭാവിക്കായി പൊരുതാന്‍ തയ്യാറാണ്. എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും പ്രശ്‌നപരിഹാരവും തങ്ങളുടെ പക്കല്‍ ഇല്ല. പക്ഷേ രാജ്യത്തിനായി പൊരുതാന്‍ തയ്യാറാണ്. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കി. സിജെപിയെ രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്നതാണ് ഒന്നാമത്തെ കാര്യം. ഇനി അനുവദിച്ചാല്‍ ഇ ഡി, സിബിഐ തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടും. പിന്നീട് സിജെപിയെ പിന്തുണയ്ക്കുന്നവരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കുമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.

Tags

Share this story