ചെന്നൈയിൽ ലോകോത്തര ഒളിമ്പിക് സിറ്റി; നിയമസഭയിൽ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്
ചെന്നൈ: തമിഴ്‌നാടിന്റെ കായിക മേഖലയ്ക്ക് വലിയ കുതിപ്പേകുന്ന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ചെന്നൈയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 'തമിഴ്‌നാട് ഒളിമ്പിക് സിറ്റി' നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിൽ നിയമം 110 പ്രകാരം പ്രഖ്യാപിച്ചു.
തമിഴ്‌നാട് സ്പോർട്സ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര കായിക മാമാങ്കങ്ങളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള കായികതാരങ്ങൾക്ക് കൂടുതൽ മെഡലുകൾ സ്വന്തമാക്കാൻ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അത്യാധുനിക കായിക ഉപകരണങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്റർ, സ്പോർട്സ് സയൻസ് - സ്പോർട്സ് മെഡിസിൻ കേന്ദ്രങ്ങൾ എന്നിവ ഒളിമ്പിക് സിറ്റിയിൽ സജ്ജീകരിക്കും. കൂടാതെ, കായികതാരങ്ങൾക്കും പരിശീലകർക്കും താമസിക്കാനുള്ള ആധുനിക സൗകര്യങ്ങളും ഇവിടെയൊരുക്കും.
ഇതിനുപുറമെ, ഫോർമുല 1 റേസുകൾ ഉൾപ്പെടെ നടത്താൻ പ്രാപ്തിയുള്ള പ്രത്യേക 'മോട്ടോർസ്പോർട്സ് സിറ്റി'യും ചെന്നൈയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് ഫോർമുല 1 തിരികെ കൊണ്ടുവരാനുള്ള കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നീക്കങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ പ്രഖ്യാപനം.
