അഞ്ച് കോടി രൂപ വില; മൂന്ന് വർഷത്തെ അധ്വാനം: ചർച്ചയായി നിത അംബാനിയുടെ കൂറ്റൻ മാല

നീതു അംബാനി

വ്യത്യസ്തമായ ആഭരണങ്ങളിലൂടെ ഫാഷൻ ലോകത്തെ ഒന്നാകെ അമ്പരപ്പിക്കുന്നതിൽ നിത അംബാനിയ്ക്ക് പ്രത്യേക കഴിവാണ്. അംബാനി കുടുംബം നടത്തുന്ന ഓരോ പരിപാടിയ്ക്കും നിത തുറന്നുവിടുന്ന അത്ഭുതത്തിനായി ഫാഷൻ ലോകം കാത്തിരിക്കാറുണ്ട്. ഇത്തവണ കൂറ്റൻ മാല അണിഞ്ഞെത്തിയാണ് നിത അത്ഭുതം സൃഷ്ടിച്ചത്. യോദ്ധാവിന്‍റെ കവചത്തോട് സമാനമായ രീതിയിൽ തോളും മാറിടവുമെല്ലാം മൂടി നിൽക്കുന്ന തരത്തിലുള്ളതാണ് മാല. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ് ഇത്.

അംബാനി കുടുംബത്തിൽ നടന്ന ഗണപതി പൂജയ്ക്കായാണ് കൂറ്റൻ മാല അണിഞ്ഞ് നിത അംബാനി പ്രത്യക്ഷപ്പെട്ടത്. ഏറെ പ്രത്യേകതകളുള്ളതാണ് ഈ മാല. ഇരു തോളുകളും നിറഞ്ഞ് നിൽക്കുന്ന തരത്തിലുള്ള കൂറ്റൻ റോയൽ ജ്വല്ലറിക്ക് അമ്രപാലി ഭാരതം എന്നാണ് പേര്. അഞ്ച് കോടിയിൽ അധികമാണ് വില വരുന്നത്. മരതകം, മാണിക്യം, വജ്രങ്ങൾ തുടങ്ങിയവകൊണ്ടാണ് മാല നിർമിച്ചിരിക്കുന്നത്. പഴയകാലത്തെ മഹാരാജാക്കന്മാരുടേയും രാജ്ഞമാരുടേയും ആഭരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ കൂറ്റൻ മാല നിർമിച്ചിരിക്കുന്നത്.

ഒറ്റ മാലയായിട്ടല്ല ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച പുരാതനമായ പലതരം ആഭരണങ്ങൾ കോർത്തിണക്കിയാണ് അമ്രപാലി ഭാരതം രൂപംനൽകിയത്. മാലകൾ കൂടാതെ കമ്മലുകളും ഞാത്തുകളുമെല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനു പറ്റിയ ആഭരണങ്ങൾ കണ്ടെത്താൻ മാത്രം മൂന്നു വർഷമെടുത്തു. 14 ആഭരണശിൽപികൾ ചേർന്നാണ് മാല നിർമിച്ചതെന്നും അമ്രപാലി ജുവലിന്‍റെ സിഇഒ തരംഗ് അറോറ വ്യക്തമാക്കി.

Tags

Share this story