യമുന അപകടകരമായ നിലയിൽ; പഞ്ചാബിൽ 37 മരണം: ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി

പഞ്ചാബ് 1200

ന്യൂഡൽഹി: തലസ്ഥാനത്ത് യമുനാ നദി അപകടകരമായ നിലയിൽ. പുഴയിലെ ജലനിരപ്പ് 207.41 മീറ്ററായി ഉയർന്നു, ഇത് 1978, 2023 വർഷങ്ങൾക്ക് ശേഷം രേഖപ്പെടുത്തിയ മൂന്നാമത്തെ ഉയർന്ന നിരക്കാണ്. ഇതേ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. 10,000-ത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.

പഞ്ചാബിൽ 37 മരണം:

​അതിശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പഞ്ചാബിൽ ഇതുവരെ 37 പേർ മരിച്ചതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു. ഏഴ് മരണങ്ങൾ ഇന്നലെയാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ 23 ജില്ലകളിലായി 1,655-ൽ അധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. 3.55 ലക്ഷം പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത് ഗുർദാസ്പൂർ, അമൃത്സർ ജില്ലകളിലാണ്. 1.75 ലക്ഷം ഹെക്ടറിലധികം കൃഷി നശിച്ചു.

​ദുരന്തത്തെ തുടർന്ന് സംസ്ഥാന സർക്കാർ പഞ്ചാബിനെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു. 19,474 പേരെ ഇതിനകം രക്ഷപ്പെടുത്തി. 167 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകളും കരസേന, വ്യോമസേന എന്നിവയുടെ 12 യൂണിറ്റുകളും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം സഹായധനം നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃഷിനാശം സംഭവിച്ച കർഷകർക്ക് ഏക്കറിന് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.

​വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്താൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

Tags

Share this story