എസ്.ഐ.ആറിനെതിരെ യോഗി; യു.പിയിൽ 1.27 കോടി ഹിന്ദുക്കളെ ഒഴിവാക്കി​, മുസ്‌ലിംകൾ കൂടി: മതക്കണക്ക് എങ്ങനെ കിട്ടിയെന്ന് അഖിലേഷ് യാദവ്

യോഗി

ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആറിനെതിരെ പരാതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്നും അതേസമയം മുസ്‌ലിം വോട്ടർമാരുടെ എണ്ണം വർധിച്ചെന്നും യോഗി ആരോപിച്ചു. സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന ലക്ഷക്കണക്കിന് ആളുകളും വോട്ടർപട്ടികയിൽനിന്ന് പുറത്തായിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം.

എസ്.ഐ.ആറിന്റെ മറവിൽ തെരഞ്ഞെടുപ്പ് കമീഷൻ വോട്ടുകൊള്ളക്ക് കൂട്ടുനിൽക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നതിനിടെയാണ് ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽനിന്നുതന്നെ വോട്ടർമാരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് യോഗിയുടെ ആരോപണം.

അയോധ്യയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പരിഷ്കരണത്തിനുശേഷം സംസ്ഥാനത്തെ മുസ്‌ലിം വോട്ടർമാരുടെ എണ്ണം 1.65 ശതമാനം വർധിച്ചെന്നും 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഇല്ലാതായെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. വോട്ടർപട്ടികയിലെ മാറ്റങ്ങൾക്ക് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകിയതായും യോഗി വ്യക്തമാക്കി. എസ്.ഐ.ആർ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെടാൻ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ വെല്ലുവിളിക്കുകയും ചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരുള്ള 66 ലക്ഷം പേർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള പട്ടികയിൽ ഇല്ലെന്നാണ് യോഗിയുടെ ആരോപണം. സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്ന 55 ലക്ഷം ഹിന്ദു വോട്ടർമാരും പട്ടികയിൽനിന്ന് പുറത്തായിട്ടുണ്ട്. 18നും 19നും ഇടയിൽ പ്രായമുള്ള 4.5 ലക്ഷം യുവവോട്ടർമാരുടെ പേരുകളും പട്ടികയിലില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം, എസ്.ഐ.ആർ നടപടികളെ യോഗി ന്യായീകരിച്ചു. മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്കരണത്തിന് മുമ്പ് മരിച്ച 46 ലക്ഷം പേരുടെ പേരുകൾ പട്ടികയിലുണ്ടായിരുന്നുവെന്നും യോഗി അവകാശപ്പെട്ടു.

മരിച്ചവരുടെ പേരുകൾ ഒഴിവാക്കുന്നതിനൊപ്പം വോട്ടവകാശമുള്ള മറ്റുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തേണ്ടതായിരുന്നു. എന്നാൽ, അതുണ്ടായില്ല. ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരെ പട്ടികയിൽനിന്ന് ഒഴിവാക്കണം. പുറത്തായ ഹിന്ദു വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തണം. അർഹരായ എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും യോഗി പറഞ്ഞു.

മതാടിസ്ഥാനത്തിലുള്ള കണക്ക് എവിടെനിന്ന് ലഭിച്ചെന്ന് അഖിലേഷ് യാദവ്

യോഗിയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. മതാടിസ്ഥാനത്തിൽ എത്ര പേരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയെന്നോ പുതുതായി ഉൾപ്പെടുത്തിയെന്നോ ഉള്ള വിവരങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ടിട്ടില്ല. അങ്ങനെയിരിക്കെ ഹിന്ദു, മുസ്‌ലിം വോട്ടർമാരുടെ കൃത്യമായ കണക്ക് മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് അഖിലേഷ് ചോദിച്ചു.

വോട്ടിങ്ങുമായി ആധാർ ബന്ധിപ്പിക്കണമെന്നും വ്യാജ തിരിച്ചറിയൽ കാർഡുകൾ തടയാൻ കടലാസിനും പ്ലാസ്റ്റിക്കിനും പകരം ലോഹത്തിൽ നിർമിച്ച വോട്ടർ തിരിച്ചറിയൽ കാർഡുകൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിരലടയാളം, നേത്രപടല പരിശോധന തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങളിലൂടെ വോട്ടർമാരെ തിരിച്ചറിയാനുള്ള നടപടികളും നടപ്പാക്കണം. ഇതിലൂടെ ബി.ജെ.പി വ്യാജവോട്ടിങ് നടത്തുന്നത് തടയാനാകുമെന്നും അഖിലേഷ് പറഞ്ഞു.

നേരത്തെയും ആരോപണം ഉന്നയിച്ച് യോഗി

എസ്.ഐ.ആർ നടപടികളിൽ അർഹരായ വോട്ടർമാർ പുറത്താകുന്നതിനെക്കുറിച്ച് യോഗി ആദിത്യനാഥ് നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. 2025 ഡിസംബറിൽ ലഖ്നോവിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു പരാമർശം.

ഉത്തർപ്രദേശിലെ ജനസംഖ്യ ഏകദേശം 25 കോടിയാണെന്നും അതിൽ 65 ശതമാനത്തോളം പേർക്ക് വോട്ടവകാശം ഉണ്ടായിരിക്കണമെന്നും യോഗി പറഞ്ഞിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്ത് 16 കോടിയോളം വോട്ടർമാർ ഉണ്ടാകേണ്ടതാണ്. എന്നാൽ, എസ്.ഐ.ആർ നടപടികളിൽ ഏകദേശം 12 കോടി വോട്ടർമാരെ മാത്രമാണ് ഉൾപ്പെടുത്തിയത്. നാലുകോടിയോളം അർഹരായ വോട്ടർമാർ പട്ടികയിൽ ഇല്ല. പട്ടികയിൽ ഉൾപ്പെടാത്തവരിൽ 85 മുതൽ 90 ശതമാനം വരെ തങ്ങളുടെ ആളുകളാണ്. അവരെ ഉൾപ്പെടുത്താൻ പാർട്ടി പ്രവർത്തകർ ഇടപെടണമെന്നും യോഗി പറഞ്ഞിരുന്നു.

രണ്ടുകോടിയിലേറെ വോട്ടർമാരുടെ കുറവ്

ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ കണക്കനുസരിച്ച് 2025 ഒക്ടോബർ 27ന് സംസ്ഥാനത്ത് 15.44 കോടി വോട്ടർമാരുണ്ടായിരുന്നു. എസ്.ഐ.ആറിനുശേഷം 2026 ഏപ്രിൽ 10ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇത് 13.39 കോടിയായി കുറഞ്ഞു. അതായത്, വോട്ടർമാരുടെ ആകെ എണ്ണത്തിൽ ഏകദേശം 2.05 കോടിയുടെ കുറവുണ്ടായി.

ജില്ലകൾ തിരിച്ചുള്ള കണക്കുകളിലും വലിയ വ്യത്യാസമുണ്ട്. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള ലഖ്നോ, ഗാസിയാബാദ്, കാൺപുർ, ആഗ്ര തുടങ്ങിയ ജില്ലകളിൽ താരതമ്യേന കൂടുതൽ പേരുകൾ ഒഴിവാക്കപ്പെട്ടപ്പോൾ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് ഗണ്യമായ സാന്നിധ്യമുള്ള റാംപുർ, മൊറാദാബാദ്, സംഭൽ, സഹാറൻപുർ തുടങ്ങിയ ജില്ലകളിൽ താരതമ്യേന കുറവ് പേരുകളാണ് ഒഴിവാക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. അതേസമയം, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ മതം തിരിച്ചുള്ള ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ലെന്നിരിക്കെ 1.27 കോടി ഹിന്ദു വോട്ടർമാർ പുറത്തായെന്ന യോഗിയുടെ അവകാശവാദത്തിന്റെ ആധികാരികത സംബന്ധിച്ച ചോദ്യങ്ങളും ഉയരുന്നുണ്ട്.

Tags

Share this story