എന്നെ നിശബ്ദനാക്കാം, പക്ഷേ തോൽപ്പിക്കാനാവില്ല'; എഎപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രാഘവ് ചദ്ദ
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യപ്പോരിലേക്ക്. രാജ്യസഭാ ഉപനേതാവ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനവുമായി രാഘവ് ചദ്ദ രംഗത്തെത്തി. തന്നെ നിശബ്ദനാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ തന്റെ പോരാട്ടം പരാജയപ്പെട്ടിട്ടില്ലെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നത് കുറ്റമാണോ എന്ന് അദ്ദേഹം ചോദിച്ചു. എയർപോർട്ടുകളിലെ ഭക്ഷണവില, ഗിഗ് വർക്കർമാരുടെ ദുരിതം, ടോൾ പ്ലാസകളിലെ കൊള്ള, മൊബൈൽ റീചാർജ് വർധന തുടങ്ങിയ ജനകീയ വിഷയങ്ങളാണ് താൻ സഭയിൽ ഉന്നയിച്ചത്. ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് എങ്ങനെയാണ് പാർട്ടിയെ ദോഷകരമായി ബാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് സംസാരിക്കാൻ സമയം അനുവദിക്കരുത് എന്ന് പാർട്ടി തന്നെ രാജ്യസഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചതിലുള്ള അതൃപ്തിയും ചദ്ദ പരസ്യമാക്കി.
രാഘവ് ചദ്ദയെ മാറ്റി പഞ്ചാബിൽ നിന്നുള്ള എംപി അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്നാണ് എഎപി ആവശ്യപ്പെട്ടിരിക്കുന്നത്. അച്ചടക്ക ലംഘനവും പാർട്ടി നിലപാടുകൾ പാലിക്കാത്തതുമാണ് ചദ്ദയെ തഴയാൻ കാരണമെന്ന് സൂചനയുണ്ടെങ്കിലും നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2022-ൽ രാജ്യസഭയിലെത്തിയ ചദ്ദ, പാർട്ടിയുടെ പ്രമുഖ മുഖമായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ പെട്ടെന്നുണ്ടായ ഈ നീക്കം എഎപിക്കുള്ളിലെ വലിയൊരു പൊട്ടിത്തെറിയുടെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
