കേതൻ വധക്കേസിൽ പ്രതി സിയ ഗോയലുമായി പൂനെ പോലീസ് ലൊഹഗഡ് കോട്ടയിൽ തെളിവെടുപ്പ് നടത്തി; സമാന ഭാരമുള്ള ഡമ്മി താഴ്‌ചയിലേക്ക് തള്ളിവിട്ട് ക്രൈം സീൻ പുനരാവിഷ്കരിച്ചു

Pune

പൂനെ: പൂനെയിലെ പ്രമുഖ യുവ വ്യവസായി കേതൻ അഗർവാൾ (26) ലൊഹഗഡ് കോട്ടയിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ, പ്രതിശ്രുത വധു സിയ ഗോയലെയുമായി (20) പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. കേതനെ കോട്ടമുകളിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ, കൃത്യം നടന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഇരയുടെ അതേ ഭാരമുള്ള ഒരു ഡമ്മി (Mannequin) ഉപയോഗിച്ചാണ് പൂനെ റൂറൽ പോലീസ് ക്രൈം സീൻ പുനരാവിഷ്കരിച്ചത് (Crime Scene Recreation).

​ഞായറാഴ്ച പുലർച്ചെ 6:30 ഓടെയാണ് മുഖ്യപ്രതിയായ സിയ ഗോയലിനെ ലൊഹഗഡ് കോട്ടയിലെത്തിച്ചത്. കേതനെ തള്ളിയിട്ടത് എവിടെ നിന്നാണെന്നും, കൃത്യം ചെയ്ത രീതിയെക്കുറിച്ചുമുള്ള സിയയുടെ മൊഴികൾ പരിശോധിക്കാനാണ് പോലീസ് ഡമ്മി താഴേക്ക് തള്ളിവിട്ട് ശാസ്ത്രീയ പരിശോധന നടത്തിയത്. സംഭവത്തിന്റെ പൂർണ്ണമായ വീഡിയോ റെക്കോർഡിംഗും പോലീസ് സംഘം തയ്യാറാക്കിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയും സിയയുടെ കാമുകനുമായ ചേതൻ ചൗധരിയെ (22) പ്രത്യേകമായി കോട്ടയിലെത്തിച്ച് തെളിവെടുക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഗജാനൻ ടോംപെ അറിയിച്ചു.

കൊലപാതകത്തിന് പിന്നിലെ കാരണം:

ബിസിനസ്സ് കുടുംബാംഗങ്ങളായ കേതനും സിയയും തമ്മിലുള്ള വിവാഹം വരാനിരിക്കുന്ന നവംബറിൽ ഉദയ്പൂരിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ചേതനുമായി പ്രണയത്തിലായിരുന്ന സിയയ്ക്ക് ഈ വിവാഹത്തിന് താല്പര്യമില്ലായിരുന്നു. സ്വന്തം കുടുംബത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചതെന്നും, പിന്നീട് വിവാഹം വേണ്ടെന്ന് വെച്ചാൽ കുടുംബത്തിന് അത് വലിയ അപമാനമാകുമെന്ന് ഭയന്നാണ് കേതനെ കൊലപ്പെടുത്താൻ കാമുകനുമായി ചേർന്ന് സിയ പദ്ധതിയിട്ടതെന്നും പോലീസ് പറഞ്ഞു.

​ജൂൺ 18-ന് സിയ തന്റെ ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന കേതനെ ലൊഹഗഡ് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് മുൻകൂട്ടി പ്ലാൻ ചെയ്ത സിഗ്നൽ പ്രകാരം സിയയും ചേതനും ചേർന്ന് കേതനെ 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് തള്ളിയിട്ടു എന്നാണ് പോലീസ് കണ്ടെത്തൽ. തെളിവ് നശിപ്പിക്കാനായി ഇരുവരും മൊബൈൽ ചാറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു. കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാൻ മഹാരാഷ്ട്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സീനിയർ അഡ്വക്കറ്റും രാജ്യസഭാ എംപിയുമായ ഉജ്ജ്വൽ നികത്തിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു.

Tags

Share this story