‘സാമൂഹിക വിലക്കുകൾ തകർക്കണം, പുരുഷമേധാവിത്വം അവസാനിപ്പിക്കണം’: പൂനെയിലെ ‘ഛാത്രോം കീ ഗൂഞ്ച്’ സംവാദത്തിൽ വിദ്യാർത്ഥിനികളോട് രാഹുൽ ഗാന്ധി
പൂനെ: സമൂഹത്തിൽ നിലനിൽക്കുന്ന വിലക്കുകളും അനാചാരങ്ങളും തകർത്ത് സ്ത്രീകൾ സ്വന്തം അവകാശങ്ങൾക്കായി മുന്നോട്ടുവരണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൂനെയിൽ സംഘടിപ്പിച്ച ‘ഛാത്രോം കീ ഗൂഞ്ച്’ (വിദ്യാർത്ഥികളുടെ ശബ്ദം) പരിപാടിയിൽ വിദ്യാർത്ഥിനികളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്ന് എഴുതിയ ബാഡ്ജ് ധരിച്ചാണ് രാഹുൽ ഗാന്ധി പരിപാടിക്ക് എത്തിയത്. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷമേധാവിത്വപരമായ ചിന്താഗതികൾ മാറണമെന്നും, ഭയമില്ലാതെ ജീവിക്കാനുള്ള അന്തരീക്ഷമാണ് പെൺകുട്ടികൾക്ക് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ എപ്പോഴും മകൾ, ഭാര്യ, അല്ലെങ്കിൽ അമ്മ എന്നീ നിലകളിൽ മാത്രം ചുരുക്കിക്കാണുന്ന പരമ്പരാഗത കാഴ്ചപ്പാടിനെ അദ്ദേഹം വിമർശിച്ചു. പ്രൊഫഷണലുകളും കായികതാരങ്ങളും സംരംഭകരുമായി സ്വന്തം കഴിവ് തെളിയിക്കുന്ന സ്ത്രീകളുടെ യഥാർത്ഥ ശക്തി രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ സമ്പത്താണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
സുരക്ഷിതമല്ലാത്ത യാത്രകൾ, ലൈംഗികാതിക്രമങ്ങൾ, ഉന്നത വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക പ്രയാസങ്ങൾ തുടങ്ങി തങ്ങൾ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ വിദ്യാർത്ഥിനികൾ രാഹുലുമായി പങ്കുവെച്ചു. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ ഈ സംവാദ പരിപാടിയിൽ പങ്കെടുത്തു.
