
ഇനി മുതൽ ലോകത്ത് ഏറ്റവും അധികം പണം വാരിയ ആനിമേറ്റഡ് ചലച്ചിത്രം നിർമ്മിച്ചുവെന്ന ഖ്യാതി ഹോളിവുഡിലെ ഭീമൻ പ്രൊഡക്ഷൻ സ്റ്റുഡിയോകളായ ഡിസ്നിക്കോ, പിക്സാറിനോ ഒന്നും അല്ല, ചെങ്ങടു കോകോ കാർട്ടൂൺ, ബെയ്ജിങ് എൻലൈറ് മീഡിയ എന്നീ ചൈനീസ് സിനിമാ നിർമ്മാതാക്കൾക്കുള്ളതാണ്. 2019ൽ പുറത്തിറങ്ങിയ നെജാ എന്ന ഫാന്റസി അഡ്വെഞ്ചർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ നെജാ 2 ആണ് ഇപ്പോൾ അവേഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ കളക്ഷനെപ്പോലും പിന്നിലാക്കി 2 ബില്യണും പിന്നിട്ട് കുതിക്കുന്നത്.
മരണത്തിൽ പോലും നന്മ തിന്മയെ എങ്ങനെ ജയിക്കുമെന്ന് കാണിക്കുന്ന ഒരു ഇതിഹാസ കഥയാണ് ‘യു യാങ്’ സംവിധാനം ചെയ്ത നെജാ 2 പറയുന്നത്. ചൈനീസ് നാടോടിക്കഥകളിലെ ഒരു സംരക്ഷണ ദേവതയാണ് നെജാ. അയാളുടെ ബാല്യകാലത്തെയും, ധീരനായ ഒരു ആൺകുട്ടിയിൽ നിന്ന് ഒരു ദൈവമായി അയാൾ എങ്ങനെ രൂപാന്തരപ്പെട്ടു എന്നതും ആണ് ചിത്രത്തിന്റെ പ്രമേയം.
റിലീസ് ചെയ്ത് 33 ദിവസം കൊണ്ട് 2 ബില്യൺ ഡോളർ കളക്ഷൻ നേടിയ നെജാ 2 മറികടന്നത് ഇന്സൈഡ് ഔട്ട് എന്ന ഹോളിവുഡ് ചിത്രത്തിന്റെ 1.6 ബില്യൺ എന്ന കടമ്പയാണ്. 2 ബില്യൺ ക്ലബ്ബിൽ കയറുന്ന ലോകത്തിലെ ആദ്യ ആനിമേറ്റഡ് ചിത്രവും നെജാ 2 തന്നെ. കളക്ഷനിൽ ഭൂരിഭാഗവും ചൈനീസ് മാർക്കറ്റിൽ നിന്ന് തന്നെയാണ് ചിത്രം നേടിയത് എന്നതും ശ്രദ്ധേയമാണ്.
കണ്ണഞ്ചിക്കുന്ന ബോക്സോഫീസ് നമ്പരുകൾ നേടാൻ ഹോളിവുഡിനെ ചൈനയ്ക്ക് ആശ്രയിക്കേണ്ട എന്നതിന്റെ തെളിവ് കൂടിയാണ് ചിത്രത്തിന്റെ വിജയം. ഇന്ത്യ പോലെ അനവധി ഭാഷകൾ ചൈനയിൽ സംസാരിക്കുന്നില്ല എന്നതും ചൈനീസ് ചിത്രങ്ങളുടെ പരിധിയില്ലാത്ത മുന്നേറ്റത്തിനൊരു കാരണമാണ്