ചാറ്റ്ജിപിടി ഇനി അടിമപ്പണി ചെയ്യും; പുത്തന്‍ ഫീച്ചര്‍ ടാസ്‌ക്‌സ് അവതരിപ്പിച്ചു
ഉണര്‍ത്താനും ഓര്‍മിപ്പിക്കാനും വാര്‍ത്ത നല്‍കാനും ഇനി എ ഐ
എനിക്ക് എട്ട് മണിക്ക് വാര്‍ത്ത കേള്‍ക്കണം, ഏഴ് മണിക്ക് ഉണര്‍ത്തണം, അടുത്ത മാസം 12ന് ബോസുമായുള്ള മീറ്റിംഗ് ഓര്‍മിപ്പിക്കണം ഇങ്ങനെ തുടങ്ങി ഇനി എന്തും ചാറ്റ്ജിപിടിയോട് പറയാം. മറുത്തൊരു അക്ഷരം പറയാതെ അങ്ങ് ചെയ്‌തേക്കും. അതാണ് എ ഐയുടെ പുതിയ ലോകം.
ഓപ്പണ്‍ എഐയായ ചാറ്റ്ജിപിടിയാണ് പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ടാസ്‌ക്‌സ് എന്ന ഫീച്ചറില്‍ എന്തെല്ലാം ലഭിക്കുമെന്ന് കൃത്യമായി വിശദീകരിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ആ വീഡിയോ ഒന്ന് കാണൂ…
ദിവസേനയുള്ള വാര്‍ത്തകള്‍ അറിയാനും, ഓഹരി നിരക്കുകള്‍ അറിയിക്കാനും ചാറ്റ് ജി.പി.ടിയെ ഉപയോഗിക്കാനാവും.മറ്റൊരു ആപ്പിന്റെ സഹായമില്ലാതെ ഈ ജോലികളെല്ലാം ചാറ്റ് ജി.പി.ടിയില്‍ തന്നെ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ ചാറ്റ് ജി.പി.ടിയുടെ സബ്സ്‌ക്രിപ്ഷന്‍ എടുത്തവര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ. സൗജന്യ ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
ടാസ്‌ക്‌സ് വഴി ചാറ്റ്ജിപിടിയെ ചില ജോലികള്‍ പറഞ്ഞേല്‍പ്പിക്കാന്‍ സാധിക്കും. അലാറം സെറ്റ് ചെയ്യാനും, നടക്കാനിരിക്കുന്ന മീറ്റിങ് ഓര്‍മിപ്പിക്കാനുമെല്ലാം ഇതുവഴി ചാറ്റ് ജി.പി.ടിയെ ചുമതലപ്പെടുത്താനാവും.
സാധാരണ റിമൈന്റര്‍ ആപ്പുകളെ പോലെ ദിവസേന റിമൈന്ററുകള്‍ നല്‍കാന്‍ ചാറ്റ് ജി.പി.ടിയ്ക്ക് സാധിക്കും. റിമൈന്ററുകള്‍ക്ക് പുറമെ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനുള്ള നിര്‍ദേശവും നേരത്തെ പറഞ്ഞുവെക്കാം.