കാസര്‍കോഡ്: നീലേശ്വരം വീരര്‍കാവ് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൂടുതല്‍ പേരെ ചോദ്യം ചെയ്തു കൊണ്ടിരിക്കെയാണ് അപകടത്തെ കുറിച്ചുള്ള വിശദീകരണങ്ങള്‍ പുറത്തുവന്നത്. ജനങ്ങള്‍ പടക്കത്തിന് തീ കൊളുത്തരുതെന്ന് പറഞ്ഞിട്ടും മദ്യ ലഹരിയിലായിരുന്ന സംഘമാണ് അപകടത്തിന് കാരണക്കാരായതെന്നും തീ കൊളുത്തിയവര്‍ ആ സമയം നന്നായി മദ്യപിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിലും ഇതുണ്ട്.
അതിനിടെ, അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. നീലേശ്വരം കൊട്രച്ചാലിലെ കെ വി വിജയനെ ആണ് ഏറ്റവും ഒടുവിലായി അറസ്റ്റ് ചെയ്തത്. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് പികെ ചന്ദ്രശേഖരന്‍, സെക്രട്ടറി കെടി ഭരതന്‍, പടക്കം പൊട്ടിച്ച പി രാജേഷ് എന്നിവരെയാണ് ആദ്യം പോലീസ് അറസ്റ്റ് ചെയ്തത്. പടക്കം പൊട്ടിക്കാന്‍ വിജയനും ഉണ്ടായിരുന്നെന്ന രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജയനെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ വെടിക്കെട്ട് അപകടം നടന്നത്. ഈ സമയത്ത് രാജേഷും വിജയനും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിലാണ് വെടിക്കെട്ട് നടത്തിയതെന്നും വെടിപൊട്ടിക്കരുതെന്ന് വിളിച്ച് പറഞ്ഞെങ്കിലും ഇവര്‍ കേട്ടില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം അറസ്റ്റിലായവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതിയില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ നാളെ കോടതി പരിഗണക്കും.
വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ 98 പേരാണ് ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നത്. ഇതില്‍ ഏഴുപേര്‍ വെന്റിലേറ്ററിലാണ്. ഇതില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ദീപ് എന്ന ആളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. 159 പേരെയാണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സ ചെലവ് ഏറ്റെടുത്തതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.