നിലാവിന്റെ തോഴൻ: ഭാഗം 100

നിലാവിന്റെ തോഴൻ: ഭാഗം 100

രചന: ജിഫ്‌ന നിസാർ

മുറിയിൽ നിന്നും ഫോണെടുക്കാൻ പോയതാണ് മീരാ. താഴെ എല്ലാവരും പാത്തുവിന്റെ ചുറ്റുമാണ്. "ഇന്നിനി എല്ലാവരും ക്ഷീണിച്ചു നിൽപ്പല്ലേ.. ഭക്ഷണം നമ്മുക്ക് ഓർഡർ ചെയ്യാമെന്ന് "ക്രിസ്റ്റിയാണ് പറഞ്ഞത്. സത്യത്തിൽ അതൊരു വലിയ അനുഗ്രഹം തന്നെയായിരുന്നു. ഒറ്റ ദിവസം കൊണ്ടവർ ശാരീരകമായും മാനസികമായും അത്രയും തകർന്ന് പോയൊരു അവസ്ഥയിലായിരുന്നുവല്ലോ? ക്രിസ്റ്റിയെ നേരിട്ട് കണ്ടപ്പോഴാണ് ശ്വാസമൊന്നു നേരെ വീണത് പോലും. ഓർഡർ ചെയ്യാൻ ഫൈസിയെ ഏൽപ്പിച്ചു കൊണ്ട് ക്രിസ്റ്റി കുളിക്കാൻ വേണ്ടി മുകളിൽ അവന്റെ മുറിയിലേക്ക് പോയതാണ്. ഫോൺ എടുത്തു കൊണ്ട് തിരിഞ്ഞ മീരയുടെ മുന്നിലേക്ക് വാതിൽ ചാരി കൊണ്ട് ഫൈസി വന്നു നിന്നതും അവളൊന്നു പകച്ചുപോയി. താഴെ ഹാളിലെ സോഫയിൽ കണ്ണടച്ച് ചാരി കിടക്കുന്നത് കണ്ടിട്ട് തന്നെയാണ് പൂച്ചയെ പോലെ പമ്മി പതുങ്ങി മുകളിലേക്ക് വന്നത്. വന്നപ്പോൾ മുതലുള്ള ആ നോട്ടം.. ചങ്ക് പിടയും.. അതിനൊപ്പം ഇടനെഞ്ചിൽ ഒരമ്പ് വന്നു തറച്ചത് പോലൊരു ഫീൽ. നോക്കാനും നോക്കാതിരിക്കാനും കഴിയാതെ.. ഉള്ളിൽ അലതല്ലുന്ന പ്രണയം പരസ്പരം പങ്കിടാൻ അല്ലങ്കിലും എന്തിനാണ് ഒരുപാട് വാക്കുകളുടെ അകമ്പടി..? ഉള്ളുലയുന്ന ഒരു നോട്ടം മതിയാവുമല്ലോ..? പ്രണയം തുടിക്കുന്ന നേർത്തൊരു ചിരി ധാരാളമാണല്ലോ..ഉള്ള് നിറയാൻ.! വാതിലിൽ ചാരി കവിളിൽ നാവ് മുഴപ്പിച്ചു തന്നെ നോക്കി ഒരു കള്ളചിരിയോടെ നിൽക്കുന്ന ഫൈസി.. അവൾക്കുള്ളിൽ വീണ്ടും പിടച്ചിലുയർന്നു. ആ നോട്ടം നേരിടാൻ തന്നെ കൊണ്ട് വയ്യെന്ന് തോന്നിയ ആ നിമിഷം മീരാ അവനിൽ നിന്നും തിരിഞ്ഞു നിന്നു. പിന്നിൽ നിന്നും അവന്റെ സാമീപ്യം അറിഞ്ഞിട്ടും കൈകൾ ചുരിദാറിൽ മുറുകെ പിടിച്ചതല്ലാതെ അവളപ്പോഴും തിരിഞ്ഞു നോക്കിയില്ല. തൊട്ടടുത്തവൻ ചേർന്നു നിൽക്കുന്നതും പിന്നിൽ നിന്നും ഒറ്റ കൈ കൊണ്ട് അവനിലേക്ക് ചേർത്ത് പിടിക്കുന്നതും ഒരു വിറയലോടെ അറിയുന്നുണ്ട്. "എന്താണ്.. ഞാൻ നോക്കുമ്പോഴൊക്കെയും ന്റെ പെണ്ണിന് ഒരൊളിച്ചു കളി. മ്മ്ഹ്?" കാതോട് ചേർന്നിട്ട് ഫൈസി ചോദിക്കുമ്പോൾ മീരാ അവന്റെ കയ്യിൽ മുറുകെ പിടിച്ചു. അവൾക്കുത്തരമൊന്നും പറയാനുണ്ടായിരുന്നില്ല. അതറിഞ്ഞു കൊണ്ട് തന്നെ പിന്നെ അവനൊന്നും ചോദിച്ചതുമില്ല. "വേദന.. വേദനയൊക്കെ കുറഞ്ഞോ?" ഫൈസിയുടെ നേരെ മുഖം ചെരിച്ചു കൊണ്ടവൾ മെല്ലെ ചോദിച്ചു. "മ്മ് " ചിരിയോടെ അവൻ മൂളി. അവന്റെ കൈ എടുത്തു മാറ്റി കൊണ്ട് മീരാ ഫൈസിയുടെ നേരെ തിരിഞ്ഞു നിന്നു. "ഇനിയെന്നാ ഹോസ്പിറ്റലിൽ പോണ്ടത്?" "നാളെ കഴിഞ്ഞ്.." ഉത്തരം പറയുമ്പോഴും കാന്തം പോലെ ഫൈസിയുടെ കണ്ണുകൾ മീരയുടെ നേരെ തറച്ചു നിൽപ്പാണ്. അധികനേരം ആ നോട്ടം താങ്ങാനുള്ള കെൽപ്പില്ലാത്തത് കൊണ്ട് വീണ്ടും മീര മുഖം താഴ്ത്തി പിടിച്ചു. "ആളും ആരാവങ്ങളുമൊന്നുമില്ലാതെ.. ഇനിയെപ്പാഴാ മീരാ..നീ എനിക്ക് സ്വന്തമാവുന്നത്?" വീണ്ടും അവളുടെ കൈ പിടിച്ചു വലിച്ചടുപ്പിച്ചു കൊണ്ട് ഫൈസി ചോദിച്ചു. മീരാ ഒരു നിമിഷം ഒന്നും മിണ്ടാതെ അവന്റെ കണ്ണിലേക്കു നോക്കി. "എനിക്കിനി വയ്യ മീരാ.. കാത്തിരിക്കാൻ " അവന്റെ സ്വരം നേർത്തുപോയിരുന്നു. "എനിക്കിങ്ങനെ അല്ല ഫൈസിക്ക.. നിങ്ങടെ സ്വന്തമാവേണ്ടത്.." മീരയുടെ സ്വരവും പതിഞ്ഞു പോയി. "പിന്നെങ്ങനെ..?" അവളുടെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു കൊണ്ട് ഫൈസി ചിരിയോടെ ചോദിച്ചു. "എല്ലാരേം കൂട്ടിയിട്ട്. ഉമ്മച്ചീയും ഉപ്പച്ചയും .. പിന്നെ ഫറയും ഇവിടുത്തെ അമ്മമാരും ദിലുവും .. ന്റെ ഇച്ഛായും.. എല്ലാരും കൂടിയിട്ട്..എല്ലാരും കൂടിയിട്ട് എന്റെ കൈ പിടിച്ചേൽപ്പിക്കുമ്പോ..." ഏതോ ഓർമകൾ കൊണ്ട് മീരയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു. ആരോരുമില്ലാത്തവളുടെ സ്വപ്നമായിരിക്കണം അത്..! ഫൈസിയുടെ ഹൃദയം പിടഞ്ഞു. പക്ഷേ അവനത് പുറമെ കാണിച്ചില്ല. "മ്മ്.. അങ്ങനെ മതി.. നിന്റെ ഇഷ്ടം പോലെ.." മീരയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ഫൈസിയും സമ്മതിച്ചു കൊടുത്തു. "എക്സാം എന്നാ തീരുന്നത്? " അവൻ ചോദിച്ചു. "രണ്ടാഴ്ച കൂടിയുണ്ട്.." "ഏതായാലും അത് തീരട്ടെ.. ഇല്ലെങ്കിൽ ഇത്രേം പഠിച്ചത് വെറുതെയാവും. " വീണ്ടും കള്ളചിരിയോടെ ഫൈസി പറഞ്ഞു. "അതെന്താ..?" മീരക്ക് അവന്റെ കള്ളത്തരം മനസ്സിലായില്ല. "അത്.. അതിനിടക്ക് കല്യാണം കഴിച്ച നിന്റെ പഠനം നടക്കൂല മീരാ.. അപ്പൊ എക്സാം പൊട്ടില്ലേ .. പഠിച്ചത് വെറുതെ ആവില്ലേ..?" വീണ്ടും അതേ ചിരി. ഇപ്രാവശ്യം അവന്റെ ഉദ്ദേശം വ്യക്തമായി മനസ്സിലായത് കൊണ്ട് തന്നെ മീരയുടെ മുഖം ചുവന്നു പോയിരുന്നു.. 💞💞 "ഫുഡ്‌ എത്തിയോട..?" മുടി കൈ കൊണ്ട് കോതി കൊണ്ട് സ്റ്റെപ്പിറങ്ങി വരുന്നതിനിടെ തന്നെ ക്രിസ്റ്റി ഹാളിലെ സോഫയിൽ അവൻ പോകുമ്പോൾ ഇരുന്ന അതേ പൊസിഷനിൽ തന്നെ ഇരിക്കുന്ന ഫൈസിയോട് ചോദിച്ചു. "എത്തിയില്ലടാ. ഇപ്പൊ വരുമായിരിക്കും " ഫോണിൽ നോക്കി കൊണ്ട് തന്നെ ഫൈസി പറഞ്ഞു. അവനെയൊന്ന് നോക്കി കൊണ്ട് മൂളി ക്രിസ്റ്റി അടുക്കള ഭാഗത്തേക്ക് തല ചെരിച്ചു നോക്കി. ഒച്ചയും ബഹളവും കേൾക്കുന്നുണ്ട്. "നീ എന്നെയൊന്നു വീട്ടിൽ വിട്ട് താ. സമയം വൈകി." ഫൈസി ക്രിസ്റ്റിയെ നോക്കി. "ഇതെന്നതാ നിനക്കിപ്പോ പെട്ടന്നൊരു ധൃതി?" ക്രിസ്റ്റി അവന്റെ നേരെ സൂക്ഷിച്ചു നോക്കി. "അത് കൊള്ളാലോ.. എനിക്കെന്റെ വീട്ടിൽ പോണമെന്നല്ലേ ഞാൻ പറഞ്ഞത്. ഈ വയ്യാത്ത കയ്യും വെച്ചോണ്ട് ഞാനെങ്ങനെ വണ്ടി ഓടിക്കും. അതല്ലേ നിന്നോട് പറഞ്ഞത്.?" ഇല്ലാത്ത നിഷ്കളങ്ക വാരി വിതറി കൊണ്ട് ഫൈസി ക്രിസ്റ്റിയെ നോക്കി. "മ്മ്. ഏതായാലും ഇനി ഫുഡ്‌ കഴിച്ചിട്ട് പോവാ.. കൊറച്ചു നേരം കൂടി നീ ഇരിക്ക് " അവനെ ഒന്ന് കൂടി നോക്കിയിട്ട് ക്രിസ്റ്റി പറഞ്ഞു. അത് പറഞ്ഞിട്ട് അവൻ അടുക്കളയിലേക്ക് പോവുന്നത് നോക്കി ഫൈസി ശ്വാസം വലിച്ചു വിട്ടു കൊണ്ട് തല കുടഞ്ഞു. "പാത്തോ.. നിനക്ക് ഫ്രഷ് ആവണെങ്കിൽ മുകളിലേക്ക് ചെല്ല്.." അവർക്കിടയിലേക്ക് ചെന്നിട്ട് യാതൊരു ഔപചാരികതയുമില്ലാതെ... അവൾ അവിടെ തന്നെ ഉള്ള ഒരാളെന്ന മട്ടിലാണ് ക്രിസ്റ്റി പറഞ്ഞത്. അവരെല്ലാം അവനെ തിരിഞ്ഞ് നോക്കി. "അവൾക്ക് ഡ്രസ്സ്‌ ഒന്നും ഉണ്ടാവില്ല ക്രിസ്റ്റി..." പെട്ടന്ന് ഓർത്തത് പോലെ ഡെയ്സി പറഞ്ഞപ്പോഴാണ് ക്രിസ്റ്റീയും അതോർത്തത്. ശേ... അതൊന്നും ഓർമയിൽ പോലും ഇല്ലായിരുന്നു. അവൻ കയ്യിലെ വാച്ചിലേക്ക് നോക്കി. സമയം എട്ടു മണിയോളം ആയിട്ടുണ്ട്. ഇനിയിപ്പോ ഡ്രസ്സ്‌ കിട്ടണമെങ്കിൽ ടൗണിൽ പോകേണ്ടിയും വരും. "ഏയ്‌.. ഇപ്പൊ ഡ്രസ്സൊന്നും വേണ്ട.. അത്യാവശ്യം ഉള്ളതെല്ലാം എന്റെ ബാഗിലിരിപ്പുണ്ട് " പത്തു പറഞ്ഞു. "നാളെ പോയിട്ട് വേണ്ടതെല്ലാം വാങ്ങിച്ചു വന്നേക്കണം. പെണ്ണ് കെട്ടാൻ മാത്രം ആവേശമുണ്ടായ പോരെടാ മോനെ.. കെട്ടിയ പെണ്ണിനെ... നല്ലത് പോലെ കൊണ്ട് നടക്കുന്നതാ ഹീറോയിസം.." ആ ഗ്യാപ്പിൽ കൂടി മറിയാമ്മച്ചിയുടെ ഗോൾ. "ഓഓഓ.. ഉത്തരവ്.." അവൻ തല കുനിച്ചു കൊണ്ട് വാ പൊതിഞ്ഞു പിടിച്ചു പറഞ്ഞതും അവരെല്ലാം ചിരിച്ചു കൊണ്ടവനെ നോക്കി. "എങ്കിൽ മോള് പോയിട്ട് ഒന്ന് മേല് കഴുകി.. ഈ ഉടുപ്പൊക്കെ മാറി വായോ. എന്നിട്ട് ഭക്ഷണം കഴിക്കാം .." മറിയാമ്മച്ചി പാത്തുവിനെ നോക്കി പറഞ്ഞു. തലയാട്ടി കൊണ്ട് അവൾ എഴുന്നേറ്റു. 'മീരേ.. മോൾക്ക്..ഇച്ഛയുടെ മുറി കാണിച്ചു കൊടുക്ക് " "ഏയ്.. അതിന്റെ ആവിശ്യമൊന്നുമില്ല.. അതെല്ലാം അവൾക്കറിയാം " ഡെയ്സി മീരയോട് പറഞ്ഞത് കേൾക്കെ.. മറ്റൊന്നും ഓർക്കാതെ ആ വാക്കുകൾ പറഞ്ഞു കഴിഞ്ഞിട്ടാണ് ക്രിസ്റ്റിക് പറഞ്ഞു പോയതിന്റെ പാകപിഴ മനസിലായത്. "അവൾക്കറിയാമെന്നോ .. അതെങ്ങനെ?" ഡെയ്സി അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു. "കർത്താവെ.. പെട്ടു.." തല ചെറിഞ്ഞു കൊണ്ടവൻ ഉത്തരം തപ്പുന്ന അതേ സമയം തന്നെയാണ് കോളിങ് ബെല്ലടിച്ചത്.. "ആ.. ഫുഡ്‌ വന്നു.." മുങ്ങി താഴാൻ പോകുന്നവന് മുന്നിലെ കച്ചി തുരുമ്പ് പോലെ... ക്രിസ്റ്റി അവിടെ നിന്നും ഓടി... ❣️❣️ ഭക്ഷണം കഴി‌ക്കുമ്പോഴും നഷ്ടം വന്ന കല്യാണസദ്യയെ കുറിച്ചോർത്തു കൊണ്ട്.. മറിയാമ്മച്ചി പരിതപിക്കുന്നുണ്ടായിരുന്നു. "അതേയ്... ഈ കല്യാണം ന്ന് പറയുന്നത് ഒരു പ്രഹസനം കാണിക്കാൻ ഉള്ള സംഭവം അല്ലെന്ന് മനസിലാക്ക് നിങ്ങളാദ്യം. വെറുതെ കുറച്ചു കാശ് പൊടിച്ചു.. നാട്ടുകാർക്കും, കുറ്റം മാത്രം പറയാൻ അറിയാവുന്ന കുടുംബക്കാർക്കും നല്ലത് പോലെ ഭക്ഷണം കൊടുത്തു വിടും.. അതും കഴിച്ച്.. അപ്പുറത്തോട്ട് മാറി അവിടെ എന്തേലും കുറവുണ്ടോ ന്ന് ചികഞ്ഞു നോക്കി വയർ നിറഞ്ഞ ക്ഷീണം മാറുവോളം കൂറ്റോം പറയും..എന്തിനാ വെറുതെ.. ഇത് രണ്ടോപ്പ് കൊണ്ട് സംഭവം കഴിഞ്ഞു. ആർക്കും കുറ്റവും കുറവും പറയാൻ അവസരവും കൊടുത്തില്ല..." ക്രിസ്റ്റി ഗൗരവത്തോടെ പറഞ്ഞു. അതോടെ മറിയാമ്മച്ചിയുടെ മുഖം കൂടുതൽ വീർത്തു.. "നീ പോടാ പിശുക്കാ " "നമ്മൾക്ക് ഈ സന്തോഷം പോരെ ന്റെ മറിയാമ്മോ.. ആളെ കാണിക്കാൻ ന്തോന്നിന് വെറുതെ..ല്ലേ?." അത് മനസ്സിലാക്കിയ ക്രിസ്റ്റി പൊതിഞ്ഞു പിടിച്ചു കൊണ്ട് ചോദിച്ചതോടെ ആ പരിഭവം അലിഞ്ഞു പോയിരുന്നു. സ്വന്തം തറവാട്ടിൽ തിരിച്ചെത്തിയ സന്തോഷം..അത് മാത്തച്ഛന്റെയും ത്രേസ്യയുടെയും വാക്കുകളിലും പ്രവർത്തികളിലും പ്രകടനമായിരുന്നു. ലില്ലി പിന്നെ എപ്പോഴെത്തെയും പോലെ തന്നെ. അധികം ബഹളങ്ങളൊന്നും തന്നെയില്ലാതെ.. എല്ലാം ഒരു ചിരിയിലൊതുക്കി.. എല്ലാം ഒരു ചിരി കൊണ്ട് നേരിട്ട് അവർക്കിടയിൽ... തന്നെ ഉണ്ടായിരുന്നു. വർക്കിയെയും റിഷിനെയും കുറിച്ച് അവരാരും ഒന്നും തന്നെ ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല. നിറഞ്ഞ ചിരിയോടെ അവരെല്ലാം അത് ആസ്വദിച്ചു കഴിക്കുമ്പോഴും ഡെയ്സിയുടെ മുഖംനിറയെ ... വല്ലാത്തൊരു മ്ലാനത നിറഞ്ഞു നിന്നിരുന്നു. ക്രിസ്റ്റിയെ പോലെ തന്നെ.. അവിടെ മുന്നേയുള്ള ഒരാളോടെന്ന പോലാണ് അവിടുള്ളവരെല്ലാം പാത്തുവിനോട് സംസാരിക്കുന്നത്. ക്രിസ്റ്റി പറഞ്ഞിട്ട് അവരെയെല്ലാം നന്നായി അറിയാവുന്നത് കൊണ്ട് അന്ന് വന്നു കയറിയതിന്റെ ആ അപരിചിത്തം,അവൾക്കും തോന്നുന്നുണ്ടായിരുന്നില്ല. കുന്നെലെ ഹാളിലെ വലിയ ടേബിളിൽ ഒരുമിച്ചിരുന്നു കഴിക്കുമ്പോഴും ഫൈസിയുടെ നേരെ നോക്കാതിരിക്കാൻ മീരാ കഷ്ടപ്പെടുന്നത് കാണെ അവൻ ചിരിച്ചു പോയിരുന്നു. "ഞാനിവനെ ആക്കിയിട്ട് വരാം.." ഭക്ഷണം കഴിഞ്ഞു.. ക്രിസ്റ്റി കാറിന്റെ കീയുമായി വന്നിട്ട് എല്ലാവരോടുമായി പറഞ്ഞു. "പോയിട്ട് വരാം.." നിറഞ്ഞ ചിരിയോടെ എല്ലാവരോടുമായി ഒന്നിച്ചൊരു യാത്ര പറഞ്ഞിട്ട് ഫൈസിയും അവന് പിറകെ ചെന്നു. "പാറി പറക്കാതെ പതിയെ പോയ മതി. കേട്ടോടാ.." സിറ്റൗട്ടിലേക്കിറങ്ങി വന്നു കൊണ്ട് മറിയാമ്മച്ചി പറഞ്ഞു. "സെറ്റ്.." ക്രിസ്റ്റി ചിരിയോടെ കൈ വിരൽ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞു. കാറിലേക്ക് കയറും മുന്നേ.. ഫൈസി ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. പ്രതീക്ഷിച്ചത് പോലെ.. വാതിൽ പടിയിൽ മീരയുണ്ട്. അവൾക്ക് നേരെ നോക്കി ചിരിയോടെ കൈ വീശി കാണിച്ചിട്ട് ഫൈസി അവിടെ തന്നെ നിന്നു. "ദുബായ്ലെക്കൊന്നും അല്ലല്ലോ നീ പോണത്.. ഇത്രേം യാത്ര പറയാൻ. പോരാത്തതിന് നാളെ വെളുപ്പിനെ ഇവിടെ വായിൽ നോക്കാൻ ഇങ്ങോട്ട് എത്തുകയും ചെയ്യും. ഇളിച്ചു നിക്കാതെ ഇങ്ങോട്ട് കയറെടാ തെണ്ടി..." ഫൈസി പുറത്ത് തന്നെ നിൽക്കുന്നത് കണ്ടതും ക്രിസ്റ്റി ഒച്ചയിട്ടു. "നിനക്കെന്താടാ ഇന്നിത്ര തിരക്ക്?" അത് കേട്ട് കാറിനകത്തേക്ക് കയറി ഇരുന്നു കൊണ്ട് ഫൈസി ചോദിച്ചു. അവന്റെ മുഖത്തൊരു കള്ളചിരി ഉണ്ടായിരുന്നു. "പോടാ.." ക്രിസ്റ്റീയും ചിരിയോടെ മുഖം തിരിച്ചു.. കൊണ്ട് വണ്ടി സ്റ്റാർട് ചെയ്തു. "കോളേജും എക്സമുമെല്ലാം ഉള്ളതാ.." ഫൈസി വീണ്ടും പറഞ്ഞു. "അതിന്.. അത് അവിടെ തന്നെ ഉള്ളതല്ലേ..?" ക്രിസ്റ്റി തിരിച്ചു ചോദിച്ചു. "അതേ..അത് അവിടെ തന്നെ കാണും. പക്ഷേ പൊന്നുമോൻ ചെലപ്പോ അത് അവിടുള്ള കാര്യം മറന്നു പോകും. അത് കൊണ്ട് പറഞ്ഞു പോയതാണെ..." അതും പറഞ്ഞു കൊണ്ട് ഫൈസി സീറ്റിലേക്ക് ചാരി കിടന്നു. ഒന്ന് ചിരിച്ചതല്ലാതെ ക്രിസ്റ്റി അതിനുത്തരമൊന്നും പറഞ്ഞില്ല. "റിഷിനെയും പൊറുക്കിയെയും എവിടെ പോയി കണ്ട് പിടിക്കുമെടാ..?" വണ്ടി ഓടിക്കുന്നതിനിടെ തന്നെ ഏന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന ക്രിസ്റ്റിയെ നോക്കി ഫൈസി ചോദിച്ചു. "കണ്ട് പിടിക്കണം..." ക്രിസ്റ്റി അവനെ നോക്കി കൊണ്ട് പറഞ്ഞു. "എനിക്ക് തോന്നുന്നു ഇതും ഷാഹിദ് അറക്കലിന്റെ പ്ലാൻ തന്നെയാണെന്ന്.." "എനിക്കും.." ഫൈസിയും പറഞ്ഞു. "ഏതായാലും നാളെയാവട്ടെ.. ഇതിനൊരു തീരുമാനം ഉണ്ടാക്കാതെ വയ്യല്ലോ" ക്രിസ്റ്റി പറഞ്ഞത് കേട്ട് ഫൈസി ഒന്ന് മൂളി. കുന്നേൽ നിന്നും.. പതിനഞ്ചു മിനിറ്റ് നേരത്തെ യാത്ര മാത്രമേയുള്ളൂ ഫൈസിയുടെ വീട്ടിലേക്ക്. അവർ എത്തുമ്പോൾ അവരെ കാത്തെന്ന പോലെ തന്നെ മുഹമ്മദും ആയിഷയും സിറ്റൗട്ടിൽ തന്നെ ഉണ്ടായിരുന്നു. "നീ ഇറങ്ങുന്നില്ലേ..?" ഡോർ തുറന്നു കൊണ്ട് ഫൈസി. "ഇല്ലടാ ഞാൻ പോട്ടെ..." "മ്മ്മ്.." നീട്ടിയൊന്ന് മൂളി കൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ഫൈസി വീണ്ടും കള്ളചിരിയോടെ അവനെയൊന്ന് തിരിഞ്ഞു നോക്കി.. "ചേട്ടായി..." അവന്റെ കാറിന്റെ ശബ്ദം കേട്ടതും.. അങ്ങോട്ട് ഓടി വന്ന ഫറ വിളിച്ചു. "മ്മ്.." ക്രിസ്റ്റി ചിരിയോടെ കാറിൽ നിന്നും തലപുറത്തേക്കിട്ട് അവളെ നോക്കി. "ആരും അറിയാതെ ഒറ്റയ്ക്ക് പോയി കല്യാണം കഴിച്ചു ല്ലേ...?" അവൾ അവിടെ നിന്ന് വിളിച്ചു ചോദിച്ചു. "ഒരു പ്രതേക സാഹചര്യത്തിൽ.. അങ്ങനൊന്നു സംഭവിച്ചു പോയി മോളെ " ക്രിസ്റ്റി ചിരിയോടെ പറഞ്ഞു. "എപ്പഴാ.. നിക്കുള്ള ചെലവ്..?" ഫറ അവനെ നോക്കി. "ഇയ്യോരൂസം കുന്നെലോട്ട് വാ മോളെ. നമ്മക്ക് സെറ്റാക്കാ ന്ന് " വിരൽ ഉയർത്തി കാണിച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞതും അവരെല്ലാം ചിരിക്കുന്നുണ്ടായിരുന്നു. "പോയി ട്ടോ..." ക്രിസ്റ്റി യാത്ര പറഞ്ഞു. 'മറിയാമ്മച്ചി പറഞ്ഞ പോലെ സൂക്ഷിച്ചു പോ.. ആക്രാന്തം കാണിച്ചിട്ട് ഓവർ സ്പീഡിൽ പോവരുത്. അവളവിടെ തന്നെ കാണും.. " വീണ്ടും അതെ കള്ളചിരിയോടെ മറ്റാർക്കും കേൾക്കാൻ കഴിയാത്ത പരുവത്തിൽ കുനിഞ്ഞു നിന്ന് ഫൈസി പറഞ്ഞതും ക്രിസ്റ്റി പല്ല് കടിച്ചു. ❣️❣️❣️ തിരിച്ചുള്ള യാത്രയിൽ അവനൊരുപാട് കാര്യങ്ങളിലൂടെ ഒറ്റയ്ക്ക് സഞ്ചരിച്ചു. ചെയ്തു തീർക്കാനുള്ള കാര്യങ്ങളെ ഒന്നൂടെ ഓർത്തു.. വന്നതും.. വരാനുള്ളതുമായ അനേകം നിമിഷങ്ങൾ.. ആ ഇത്തിരി നേരം കൊണ്ട് ഒരു തിരശീലയിലേന്നത് പോലെ.. അവനുള്ളിൽ കൂടി മിന്നി മാഞ്ഞു പോയി. കുന്നേലെത്തുമ്പോൾ ഒച്ചയും ബഹളങ്ങളുമെല്ലാം ഒരുവിധം ഒതുങ്ങി കഴിഞ്ഞിരുന്നു. കാർ പോർച്ചിൽ കയറ്റി നിർത്തി.. ക്രിസ്റ്റി പോയി ഗേറ്റ് അടച്ചു വന്നു. കയറി ചെല്ലുമ്പോൾ ഹാളിലൊന്നും ആരുമില്ല. എങ്കിലും വെളിച്ചമുണ്ട്. വാതിൽ തുറക്കുന്ന ശബ്ദം കേട്ടിട്ടാവും ഡെയ്സി ഇറങ്ങി വന്നു. "കിടന്നോ എല്ലാരും..?" വാതിലടച്ചു കുറ്റിയിട്ട് കൊണ്ട് ക്രിസ്റ്റി ചോദിച്ചു. "മ്മ്.. ഇന്നലെ ഇവിടൊറ്റ മനുഷ്യരും ഉറങ്ങിയിട്ടില്ലല്ലോ?" ഡെയ്സി ചിരിയോടെ അവനെ നോക്കി പറഞ്ഞു. ക്രിസ്റ്റി ചിരിയോടെ അമ്മയുടെ അരികിലേക്ക് ചെന്നു. ഡെയ്സി അവന്റെ മുഖം പിടിച്ചു താഴ്ത്തി കൊണ്ട് നെറ്റിയിൽ ഉമ്മ വച്ചു. "ഒടുവിൽ നിന്റെ കുഞ്ഞി പാത്തുവിനെ തന്നെ നീ സ്വന്തമാക്കി അല്ലേ?" നിറഞ്ഞ ചിരിയോടെ അവരുടെ ചോദ്യം. "അമ്മയെങ്ങനെ അറിഞ്ഞു..?" ക്രിസ്റ്റി അത്ഭുതത്തോടെ ചോദിച്ചു. അവരോടത് പറയാൻ കൂടി കരുതി വന്നതായിരുന്നു അവൻ. "നിന്റെ പെണ്ണ് തന്നെ പറഞ്ഞു..." ഡെയ്സി അവനെ നോക്കി. "കർത്താവ് കരുണയുള്ളവനാണ് മോനെ.." അതിലുണ്ടായിരുന്നു അവരുടെ സന്തോഷം മുഴുവനും. "വല്യപ്പച്ചൻ ഉറങ്ങിയോ..?" ക്രിസ്റ്റി അടഞ്ഞു കിടക്കുന്ന അവരുടെ മുറിയുടെ നേരെ നോക്കി കൊണ്ട് ചോദിച്ചു. "കിടന്നു.. ഉറങ്ങിയോ എന്നറിയില്ല." ഡെയ്സി ചിരിയോടെ പറഞ്ഞു. "പോയി കിടന്നോ ഇനി.. അവളവിടെ കാത്തിരിപ്പുണ്ടാവും.." ഡെയ്സി അവന്റെ കവിളിൽ തഴുകി. ക്രിസ്റ്റി ചിരിയോടെ തലയാട്ടി കൊണ്ട് തിരിഞ്ഞു നടന്നു. പക്ഷേ സ്റ്റെപ് കയറി തുടങ്ങിയ അവൻ ഒരു നിമിഷം നിന്നിട്ട് വീണ്ടും തിരിച്ചിറങ്ങി വന്നിട്ട് മറിയാമ്മച്ചിയുടെ മുറിയുടെ നേരെ നടന്നു. "ഇതെന്താണ്... ഇന്ന് നേരത്തെ കേറി കിടന്നുറങ്ങിയോ..?" ചോദ്യത്തോടെ അവൻ മുറിയിലെ ലൈറ്റ് ഇട്ടു. "കണ്ണ് പുളിച്ചിട്ട് വയ്യ.. അത് ഓഫ് ചെയ്യടാ വൃത്തികെട്ടവനെ " കണ്ണിന് മുകളിൽ കൈ വെച്ച് കൊണ്ട് മറിയാമ്മച്ചി പറഞ്ഞു. "ഉറങ്ങിയിട്ടില്ല അല്ലേ?" അവൻ അത് കേൾക്കാതെ അവരുടെ അരുകിൽ പോയിരുന്നു. "നിനക്കുറക്കൊവൊന്നും ഇല്ല്യോടാ..?" അവരും എഴുന്നേറ്റു കൊണ്ട് ചോദിച്ചു. "ഞാനിപ്പോ വന്നൊള്ളു " ക്രിസ്റ്റി കണ്ണ് ചിമ്മി. മറിയാമ്മച്ചി അവന്റെ കവിളിൽ പതിയെ തലോടി. "പേടിച്ചു പോയായിരുന്നോ?" ക്രിസ്റ്റി അലിവോടെ ആ കയ്യിൽ പിടിച്ചു. "ഏയ്.. ഞാൻ നിന്റെ തള്ളിനി കേൾക്കണ്ടല്ലോ എന്ന് കരുതി സമാധാനത്തോടെ ഇരിക്കുകയായിരുന്നു " അവർ പറയുന്നത് കേട്ടതും ക്രിസ്റ്റി അമർത്തി ചിരിച്ചു. "ഞാൻ.. ഞാനങ്ങു ഇല്ലാണ്ടായി പോയ പോലായെടാ.." അപ്പോഴും ആ വേദന ഓർത്തെന്ന പോലെ അവരുടെ ശബ്ദം ഇടറി. ക്രിസ്റ്റിയുടെ തോളിൽ ചാരി. അവൻ അവരെ പൊതിഞ്ഞു പിടിച്ചു. "എന്റെ കൊച്ചെങ്ങനെയുണ്ട്. കൊള്ളാവോ?" അങ്ങനെയിരുന്നു കൊണ്ട് തന്നെ ക്രിസ്റ്റി ചോദിച്ചു. "അതൊരു പാവം.. പക്ഷേ നിന്നെ തലയിലേറ്റാൻ മാത്രം എന്നതാ ആ കൊച്ച് ചെയ്ത പാപമെന്ന ഞാൻ അന്നേരം തൊട്ട് ഓർത്തോണ്ടിരുന്നത് " അടക്കി പിടിച്ച ചിരിയോടെ മറിയാമ്മച്ചി പറഞ്ഞത് കേട്ടതും ക്രിസ്റ്റി അവരിൽ നിന്നും കുറച്ചു മാറിയിരുന്നു. "ഇതെന്നതാ.. ഓന്തോ. ഇത്ര പെട്ടന്ന് സ്വഭാവം മാറാൻ " അവൻ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു. "നട്ടപാതിരാത്രി എന്റെ സ്വഭാവം അളക്കാൻ നിക്കാതെ പോയി കെടക്ക് ചെർക്കാ.." അത് പറഞ്ഞു കൊണ്ടവർ... പുതപ്പ് വലിച്ചെടുത്തു കൊണ്ട് വീണ്ടും കിടന്നു. ക്രിസ്റ്റി ചിരിയോടെ അത് നോക്കി കിടക്കയിൽ നിന്നും എഴുന്നേറ്റു. ലൈറ്റ് ഓഫ് ചെയ്തു കൊണ്ടവൻ മുകളിലേക്കുള്ള സ്റ്റെപ്പ് കയറി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story