Novel

നിലാവിന്റെ തോഴൻ: ഭാഗം 102

രചന: ജിഫ്‌ന നിസാർ

“അവനെന്റെ അനിയനാണ്. ഇത് ഞങ്ങളുടെ അമ്മയും. റിഷിനെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഈ ക്രിസ്റ്റി ഫിലിപ്പ് കണ്ടിട്ടേ പോകൂ ”
കണ്ണടച്ചു കിടന്നിട്ടും ആ വാക്കുകൾ തനിക്കുള്ളിലേക്ക് ഒരു വെടിയുണ്ട പോലെ തുളച്ചു കയറി വരുന്നത് റിഷിൻ അറിയുന്നുണ്ടായിരുന്നു.

കണ്ണ് തുറന്നൊന്നു നോക്കാൻ അതിയായ ആഗ്രഹമുണ്ടായിട്ടും.. അതിനും കൂടി വയ്യാത്ത വിധം അവശതയോടെ അവനാ ഹോസ്പിറ്റൽ കിടക്കയിൽ തകർന്ന്.. തളർന്നു കിടന്നു.

കഴിഞ്ഞു പോയ രണ്ട് ദിവസങ്ങളെ കുറിച്ചോർക്കാൻ തന്നെ അവനേറെ ഭയന്നു.

ഓർക്കുമ്പോൾ ഉള്ളം കാലിലൂടെ ഒരു തരിപ്പ് കയറും.
അവനറിയാതെ തന്നെ വിറച്ചു പോകും.

അലറി വിളിക്കാനുള്ള ആവാതു പോയ നിമിഷം തൊട്ട് എങ്ങനെങ്കിലും ജീവിക്കണമെന്നുള്ള അതിയായ മോഹം കൊണ്ടാണ് അടഞ്ഞു കിടക്കുന്ന ആ വാതിലിൽ തുടരെ മുട്ടി കൊണ്ടിരുന്നത്.

അവസാനപ്രതീക്ഷ പോലെ.. ചുരുട്ടി പിടിച്ച കയ്യിൽ രക്തം കല്ലിച്ചു നീല നിറമാകുന്നത് വരെയും അവനാ മുട്ടി വിളിക്കുന്നത് തുടർന്നു.

ആഡംബരം കാണിക്കാൻ കളഞ്ഞ ഭക്ഷണങ്ങളും.. പാഴാക്കി കളഞ്ഞ വെള്ളത്തിന്റെയും മൂല്യമറിഞ്ഞ നിമിഷങ്ങൾ.

തൊണ്ട വരണ്ടണങ്ങി പൊട്ടി പോകുമെന്ന് പേടിച്ചു.. കരയാൻ ശബ്ദപോലുമുണ്ടായിരുന്നില്ല.

അവനെക്കാൾ മുന്നേ തളർന്നു വീണ പപ്പയുടെ അടഞ്ഞു പോയ കണ്ണുകളും ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടും കണ്മുന്നിൽ കാണേണ്ടി വന്നു കിടന്നപ്പോഴും മരണം അടുത്തെവിടെയോ പതിയിരുപ്പുണ്ടെന്ന് ഉള്ളം ഓർമ്മിപ്പിച്ചു.

കൈ നീര് വന്നു അനക്കാൻ വയ്യെന്നായപ്പോൾ കാല് കൊണ്ടാണ് വാതിലിൽ ചവിട്ടി ശബ്ദമുണ്ടാക്കിയത്.

ശബ്ദം കേട്ടിട്ട് ആരെങ്കിലും കണ്ടെത്തുമെന്നുള്ള അവസാനപ്രതീക്ഷയും അസ്തമിച്ച് കൊണ്ട് കണ്ണടയും മുന്നേയുള്ള ഓർമ അവിടെ അവസാനിക്കുന്നു.

പിന്നെങ്ങനെ ഇവിടെ എത്തിയെന്നറിയില്ല.
കണ്ണ് തുറക്കുമ്പോൾ കണ്ട പച്ച കർട്ടൻ.. ഇടതു കൈയിൽ പിടിപ്പിച്ച ഗ്ലൂക്കോസ് വയർ.. മുകളിൽ പൊളിഞ്ഞു വീഴുമെന്ന് പേടിപ്പിക്കുന്നത്രേം ശബ്ദത്തിൽ മുരണ്ട് കൊണ്ടിരിക്കുന്ന ഒരു ഫാൻ.. ചെവിയിൽ കൂടി കയറിയിറങ്ങി പോകുന്ന പലവിധ ശബ്ദങ്ങൾ.. എല്ലാം കൂടി ഒരു ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി.

കൂടെയുള്ള പപ്പയെവിടെയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു.

താനെങ്ങനെ ഇവിടെത്തി എന്നും ചോദിക്കണമെന്നുണ്ടായിരുന്നു.

പക്ഷേ കണ്ണ് തുറക്കാനോ ഒരക്ഷരം മിണ്ടാനോ കഴിയുന്നില്ല.
രണ്ട് ദിവസം ഭക്ഷണവും വെള്ളവും കിട്ടാതിരുന്നാൽ തീരാവുന്ന അഹങ്കാരമേ ഒരു മനുഷ്യനൊള്ളുവെന്ന് അന്നാദ്യമായി മനസ്സിലാവുയാണ്.

“അവനെന്റെ അനിയനാണ്..”
കാതിൽ ആ വാക്കുകൾ മാത്രം പ്രകമ്പനം കൊള്ളുന്നുണ്ട്..

എത്ര ഒതുക്കി പിടിക്കാൻ ശ്രമിച്ചിട്ടും അവന്റെ ചെന്നിയിലൂടെ കണ്ണീർ ചാലുകൾ ഒഴുകുന്നുണ്ടായിരുന്നു.

അതേ.. അതെന്നും അങ്ങനെ തന്നെ ആയിരുന്നു.
ക്രിസ്റ്റി ഫിലിപ്പിനെന്നും താൻ അനിയനായിരുന്നു.
തനിക്കായിരുന്നു അവനൊരു ശത്രു.

താനായിരുന്നു അവനൊരു ശത്രു പരിവേഷം കൊടുത്തത്.
തരം കിട്ടുമോഴെല്ലാം ഉപദ്രവിക്കാൻ ശ്രമിച്ചത്.

തന്നെകൊണ്ട് അവനെയൊതുക്കി തീർക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ കാശ് കൊടുത്തിട്ട് ആളെ ഇറക്കിയത്..തല്ലി ഒടിക്കണം എന്ന് പറഞ്ഞിരുന്നുവെങ്കിലും അന്ന് കൊല്ലാനുള്ള ദേഷ്യത്തിലാണ് കൊട്ടേഷൻ കൊടുത്തത്.
താനാണ് അതിന് പിന്നിൽ എന്നറിഞ്ഞിട്ടും ഒന്നും പറഞ്ഞില്ല.

റിഷിനൊന്നു പൊട്ടി കരയാൻ കൊതിച്ച അതേ നിമിഷം തന്നെയാണ്.. അവന്റെ കണ്ണുനീർ തുടച്ചു കൊണ്ടൊരു കൈ നീണ്ടത്.
കരുത്തുള്ള ആ കൈകളുടെ ഉടമയെ കണ്ണ് തുറക്കാതെ തന്നെ അവൻ തിരിച്ചറിഞ്ഞു.

വയ്യാഞ്ഞിട്ടും കണ്ണുകൾ വലിച്ച് തുറന്നു കൊണ്ട് റിഷിൻ നോക്കുമ്പോൾ തൊട്ടരികിൽ.. ക്രിസ്റ്റി.

താൻ വെറുത്തവൻ..

കാരണങ്ങളൊന്നും തന്നെയില്ലാതെ വെറുത്തവൻ.
അവനെ നോക്കുമ്പോൾ.. റിഷിന്റെ കണ്ണുനീർ വീണ്ടും കുതിച്ചു ചാടി .

“സാരമില്ലടാ…”
നേർത്തൊരു ചിരിയോടെ ക്രിസ്റ്റി അവന്റെ അരികിലേക്കിരുന്നു.
അവന് പിന്നിൽ കല്ലിച്ച മുഖത്തോടെ ഡെയ്സിയും.. യാതൊരു ഭാവങ്ങളെയും മുഖത്തു കാണിക്കാതെ ഫൈസിയും നിൽക്കുന്നുണ്ടായിരുന്നു.

കുറ്റബോധം കൊണ്ട് റിഷിന് കരച്ചിൽ ഒതുക്കാനെ കഴിഞ്ഞില്ല.

“വെള്ളം വേണോ നിനക്ക്?”
വരണ്ടുണങ്ങിയ റിഷിന്റെ ചുണ്ടുകൾ കണ്ടിട്ടായിരുന്നു ക്രിസ്റ്റിയത് ചോദിച്ചത്.

“മ്മ് ”
ആർത്തിയോടെ അവൻ തലയാട്ടി.

ഒരിറ്റ് വെള്ളത്തിനു വേണ്ടി… അവനപ്പോൾ അത്ര മാത്രം കൊതിക്കുന്നുണ്ടായിരുന്നു.

“ഗ്ളൂക്കോസ് തീരാതെ വെള്ളം കൊടുത്താൽ ഛർദിയുണ്ടാവും ക്രിസ്റ്റി ”
ഫൈസി പറഞ്ഞതും ക്രിസ്റ്റിയുടെ കണ്ണുകൾ ഗ്ളൂക്കോസ് കുപ്പിയിലേക്ക് നീണ്ടു.

ഭാഗ്യത്തിനു അത് തീരാനായിട്ടുണ്ട്.

അവനെയൊന്ന് നോക്കിയിട്ട് ഫൈസി ഇറങ്ങി പുറത്തേക്ക് പോയി.

“അമ്മയൊന്ന് നേഴ്സിങ് റൂമിൽ ചെന്നു പറ.. ഇതൊന്ന് ഊരി തരാൻ ”
അപ്പോഴും അതേ നിൽപ് തുടരുന്ന ഡെയ്സിയെ നോക്കി ക്രിസ്റ്റി പറഞ്ഞു.

റിഷിനെ പുച്ഛത്തോടെയൊന്ന് നോക്കിയിട്ടാണ് ഡെയ്സി പിന്തിരിഞ്ഞു നടന്നത്.

റിഷിൻ മനഃപൂർവം ക്രിസ്റ്റിയെ നോക്കാതെ മുഖം തിരിച്ചു കിടപ്പാണ്.ക്രിസ്റ്റിയാവട്ടെ അവനെ തന്നെ നോക്കി ഇരുന്നു.

ഡെയ്സി ചെന്നു പറഞ്ഞിട്ട് ഒരു നേഴ്സ് വന്നിട്ട് റിഷിന്റെ കയ്യിൽ നിന്നും ഗ്ലോക്കോസ് വയർ ഊരി മാറ്റി.

അപ്പോഴേക്കും കയ്യിലൊരു കുപ്പി വെള്ളവുമായി ഫൈസിയും കയറി വന്നു.

“കുറച്ചു കൊടുത്താൽ മതി.വോമിറ്റ് ചെയ്യും ”
അതും പറഞ്ഞിട്ട് നേഴ്സ് പോയി.

“എണീക്ക് വെള്ളം കുടിക്കാം ”

ക്രിസ്റ്റി പറഞ്ഞതും റിഷിൻ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു.

പക്ഷേ കുഴഞ്ഞു കൊണ്ടവൻ അവിടേക്ക് തന്നെ വീണു.

കയ്യിലുള്ള കുപ്പി വെള്ളം ഡെയ്സിയെ ഏൽപ്പിച്ചു കൊണ്ട് ഫൈസി കൂടി ക്രിസ്റ്റിക്കൊപ്പം റിഷിനെ താങ്ങി എഴുന്നേൽപ്പിച്ചു.

തനിക്ക് നേരെ കുനിഞ്ഞ ഫൈസിയുടെ തോളിലുള്ള മുറിവ്… മുറിവിനെ തട്ടാതിരിക്കാൻ അഴിച്ചിട്ട ഷർട്ടിന്റെ മുകളിലുള്ള ബട്ടണിന്റെ ഇടയിൽ കൂടി റിഷിൻ വ്യക്തമായി കണ്ടിരുന്നു.

അതവന്റെ ഉള്ളിലെ നീറ്റൽ ഒന്നുകൂടി കൂട്ടി.

ക്രിസ്റ്റിയുടെ ദേഹത്ത് ചാരി ഇരുത്തിയിട്ട് ഫൈസിയാണ് അവന്റെ വായിലേക്ക് കുറേശ്ശേ വെള്ളം ഒഴിച്ച് കൊടുത്തത്.

ആർത്തിയോടെ കുടിക്കുന്നതിനിടെ റിഷിൻ വെള്ളം തൊണ്ടയിൽ കുടുങ്ങിയ പോലെ ചുമച്ചു.

“പതിയെ.. ശ്രദ്ധിച്ചു കുടിക്ക് ”
അവന്റെ തലയിൽ പതിയെ തട്ടി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

അപ്പോഴൊക്കെയും റിഷിന്റെ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു.

❣️❣️

ഏതോ ദുസ്വപ്നം കണ്ടത് പോലെ ചാടി എഴുന്നേൽക്കാൻ തുനിഞ്ഞ വർക്കി വെട്ടിയിട്ടത് പോലെ കിടക്കയിലേക്ക് തന്നെ വീണു.

കണ്മുന്നിൽ കാഴ്ചകൾ ഓരോന്നും വ്യക്തമാവുന്നതിനൊപ്പം താനിപ്പോൾ എവിടെയാണെന്ന് കൂടി ഓർമ വന്നതോടെ അയാൾ തീർത്തും തളർന്നു പോയിരുന്നു.

ഇത് വരെയും അനുഭവിച്ചതൊന്നുമല്ല ഇനി തന്നെ കാത്തിരിക്കുന്നതെന്ന് അയാൾക്കുറപ്പായിരുന്നു.

തനിക്കിനിയൊരു രക്ഷയില്ലെന്നും.

ചെയ്തു കൂട്ടിയതെല്ലാം അത്രയേറെയുണ്ട്.
ഈ അവസ്ഥയിൽ ഇനിയൊരു ചെറുത്തു നിൽപ്പിന് തന്നെ കൊണ്ടാവില്ലെന്നും തീർച്ചയാണ്.

അവസാനശ്രമമാണ് ഇങ്ങനൊരു ഹോസ്പിറ്റലിൽ മുറിയിൽ എത്തിച്ചത്. പഴയ പ്രതാപത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യം.

ആ അവസ്ഥയിലും അയാൾക്കുള്ളിൽ ഇച്ഛാഭംഗം നുരഞ്ഞു പൊന്തി.

വെള്ളം കുടിക്കണമെന്നുണ്ട്. വയറും വിശപ്പ് കൊണ്ടേരിയുന്നുണ്ട്.എങ്കിലും മുന്നിട്ട് നിൽക്കുന്നത് എങ്ങനെ രക്ഷപെട്ടു പോകും എന്നുള്ള ചിന്ത തന്നെയാണ്.

പക്ഷേ അപ്പോഴും തനിക്കൊപ്പമുണ്ടായിരുന്ന മകനെ വർക്കി ഓർത്തതെ ഇല്ലായിരുന്നു.അവനെന്തു പറ്റിയെന്നാവോ എന്ന് വേവലാതിപ്പെട്ടതുമില്ല.

അയാൾക്കപ്പോഴും ഏറ്റവും പ്രിയപ്പെട്ടത് അയാൾ മാത്രമായിരുന്നു.

❣️❣️

“കുഴപ്പമൊന്നുമില്ല പാത്തോ.. അവനിപ്പോ ഒക്കെയാണ് ”
ഹോസ്പിറ്റലിൽ വരാന്തയിലേക്ക് മാറി നിന്ന് കൊണ്ടാണ് ക്രിസ്റ്റി പാത്തുവിന് വിളിച്ചത്.

രാവിലെ ഫൈസി വന്നിട്ട് റിഷിനെയും വർക്കിയെയും കണ്ട് കിട്ടിയെന്നും.. അത്യസന്നാ നിലയിൽ അവശരായ അവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ടെന്നും പറയുമ്പോൾ ഒരുനിമിഷം പകച്ചുപോയി.

അവനെന്തു പറ്റിയെന്നുള്ള ആധി ഓരോ നിമിഷവും മനസ്സിൽ വിങ്ങുന്നുണ്ടായിരുന്നു.

അതേ വേഷത്തിൽ ഫൈസിയുടെ കൂടെ ചാടിയിറങ്ങി പോരുമ്പോൾ.. ഡെയ്സി കൂടി കൂടെ വന്നു.

ഇവിടെത്തിയപ്പോൾ അവന് കാവൽ നിൽക്കുന്ന പോലീസുകാരൻ തടഞ്ഞു.

പോലിസ് അറസ്റ്റ് ചെയ്ത ക്രിമിനൽ ഷാഹിദിന്റെ കൂട്ടാളികളാണെന്ന് ഇവരെന്ന് സംശയമുണ്ടെന്നുള്ള അവരുടെ വാദം ക്രിസ്റ്റിക്ക് എതിർക്കാനും കഴിഞ്ഞില്ല.

ഒടുവിൽ അവിടെ നിന്നവൻ വഴക്കുണ്ടാക്കുമെന്ന് തോന്നിയ നിമിഷം ഫൈസി റഷീദിനെ വിളിച്ചു പറഞ്ഞിട്ടാണ് അവർക്ക് അകത്തേക്ക് കയറാൻ പെർമിഷൻ കിട്ടിയത്.

“പൊറുക്കിയുടെ അവസ്ഥ ന്താ ഇച്ഛാ ”
പാത്തു ചോദിച്ചു.
അത് വരെയും ഉണ്ടായിരുന്ന ശാന്തത അവന്റെ മുഖത്തപ്പോൾ ഉണ്ടായിരുന്നില്ല.

“ഇച്ഛാ…”
ഉത്തരമൊന്നും മിണ്ടാതെ അവൻ നിൽക്കുന്നത് കൊണ്ടാണ് പാത്തു വീണ്ടും വിളിച്ചു നോക്കിയത്.

“നീ ഫോൺ വെക്ക് പാത്തോ. ഞാൻ ന്തായാലും ഉച്ചയോടെ വരാം ”
അതും പറഞ്ഞു കൊണ്ടവൻ ഫോൺ കട്ട് ചെയ്തു.

“ജീവനോടെ കിട്ടിയാൽ… വർക്കി ചെറിയാനെന്ന മനുഷ്യനെ നീ വെറുതെ വിടരുത് ക്രിസ്റ്റി.”
പോരും വഴി കാറിന്റെ പിൻസീറ്റിൽ ഇരുന്നു കൊണ്ട് ഡെയ്സി പറയുമ്പോൾ ക്രിസ്റ്റി തിരിഞ്ഞ് നോക്കി.

“നിന്റെ അപ്പനെയും പാത്തുവിന്റെ ഉപ്പയെയും അയാൾ കൊന്നതാണ് ”
ഏതോ ഗാർത്തതിലെന്നത് പോലെയുള്ള ഡെയ്സിയുടെ സ്വരം.
ക്രിസ്റ്റിയുടെ കയ്യിൽ നിന്നും പാളിയ സ്റ്റിയറിങ്ങ്.. ഫൈസി ചാടി പിടിച്ചു കൊണ്ടാണ് കാർ നിർത്തിച്ചത്.

“എന്താ… എന്താ പറഞ്ഞത്..?”
അവന്റെ ദേഹത്തിനൊപ്പം സ്വരം കൂടി വിറക്കുന്നുണ്ടായിരുന്നു അത് ചോദിക്കുമ്പോൾ.

പണ്ട് നടന്നൊരു ചതിയുടെ കഥ.. ആത്മാർത്ഥ സുഹൃത്തുക്കളെ പണത്തിനു വേണ്ടി ഒരു അപകടത്തിൽ കൊലപ്പെടുത്തിയ വർക്കി ചെറിയാനെന്ന നീചമായൊരു മനുഷ്യന്റെ കഥ ഡെയ്സി പറയുമ്പോൾ ക്രിസ്റ്റി തളർച്ചയോടെ കാറിന്റെ സീറ്റിലേക്ക് ചാരി കിടന്നു.

“എന്നിട്ടും.. എന്നിട്ടും എങ്ങനാ അമ്മേ നിങ്ങൾ അയാളുടെ കൂടെ?”
എല്ലാം പറഞ്ഞു കേട്ട ശേഷം ഹൃദയം തകർന്ന് കൊണ്ടവൻ ചോദിക്കുമ്പോൾ ഡെയ്സിയുടെ കണ്ണുകൾ നിറഞ്ഞു തൂവി.

“അയാളും അയാളുടെ ഏട്ടനും കൂടിയുള്ള സംസാരം ഞാൻ യാഥർച്ഛികമായി കേൾക്കുകയായിരുന്നു. അന്ന് മുതൽ അയാളെനിക്ക് ആരുമല്ലായിരിന്നു. ഞാൻ അയാളുടെ ഭാര്യയായിട്ടില്ല പിന്നെ. അനുസരിച്ചിട്ടുണ്ട്. അത് പക്ഷേ പേടിച്ചിട്ടല്ല.ഞാനയാളെ എതിർത്തു തുടങ്ങി..അന്ന് മുതൽ അയാളുടെ ഉപദ്രവവും സഹിച്ചു കൊണ്ട് ഞാൻ കുന്നേൽ ബാംഗ്ലവിൽ തന്നെ തൂങ്ങി കടിച്ചു നിന്നതിനു പിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ മോനെ..”
ഡെയ്സി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
എന്നിട്ടും അവനുള്ളിലെ തിര ഒതുങ്ങുന്നുണ്ടായിരുന്നില്ല.

അവനമ്മയെ നോക്കിയതുമില്ല.

“നീ അറിയണം നിന്റെ അപ്പനെ കൊന്നതാണെന്ന്. നീ വേണം അതിനുള്ള ശിക്ഷ അയാൾക്ക് കൊടുക്കാൻ. നിന്നെയും അയാളെയും ഒരുമിച്ച് നിർത്തി ആ ശിക്ഷ എനിക്കും കാണണമായിരുന്നു. എന്റെ ഉള്ളിൽ ആളി കത്തുന്ന കുറ്റബോധത്തിന്റെ തീ അണക്കാൻ അങ്ങനൊരു കാഴ്ച വേണമായിരുന്നു.. അതിനാണ്.. അതിന് വേണ്ടി മാത്രമാണ് അയാൾ എത്രയൊക്കെ അപമാനിച്ചു രസിച്ചിട്ടും ഉപദ്രവിക്കാൻ മടിക്കാഞ്ഞിട്ടും ഞാൻ ഇറങ്ങി പോകാഞ്ഞതും..ജീവിതം മടുത്തിട്ടും മരണം തിരഞ്ഞെടുക്കാൻ ശ്രമിക്കാഞ്ഞതും ”

അത് പറയുമ്പോൾ ഡെയ്സി വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

ആ ഓർമകൾ മനസ്സിലെത്തിയ നിമിഷം തന്നെ ക്രിസ്റ്റിയുടെ കൈകൾ വരാന്തയിലെ കമ്പിയിൽ മുറുകി.

താനൊട്ടും ഓക്കേയല്ലായിരുന്നു പിന്നീട്ടിങ്ങോട്ട് എത്തുന്നത് വരെയും.
അത് മനസ്സിലാക്കി ഫൈസി ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്നു.

“ഇനിയാരും ഇതറിയരുത്.. ഇനി എന്ത് വേണമെന്ന് എനിക്കറിയാം ”
എന്നും പറഞ്ഞിട്ടാണ് ഹോസ്പിറ്റലിൽ വന്നിറങ്ങിയത്.
പോലീസ് കണ്ടെടുത്തു കൊണ്ട് വന്നത് കൊണ്ട് ഒരു സർക്കാർ ഹോസ്പിറ്റലിൽ ആയിരുന്നു വർക്കിയെയും റിഷിനെയും അഡ്മിറ്റ് ചെയ്തിരുന്നത്.
വർക്കിയുടെ നില അതീവ ഗുരുതരമായതിനാൽ ICU വിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.

രണ്ടു പേർക്കും നിരീക്ഷണതിന് പോലീസ്കാരെയും ഏർപ്പാട് ചെയ്തിട്ടുണ്ട്.

“അയാളെ കാണണ്ടേടാ. ബോധം തെളിഞ്ഞെന്ന് വിവരം കിട്ടിയിട്ടുണ്ട് ”

ഏറെനേരം പുറത്തേക്ക് തുറിച്ചു നോക്കി എന്തൊക്കെയോ ആലോചിച്ചു നിൽക്കുന്ന ക്രിസ്റ്റിയുടെ അരികിലേക്ക് വന്നിട്ട് ഫൈസി ചോദിച്ചു.

‘വേണം ”
അപ്പോഴും.. അങ്ങനെ പറയുമ്പോഴും അവന്റെ മുഖമോ സ്വരമോ അൽപ്പം പോലും അയാഞ്ഞിട്ടില്ല.

“വേണ്ടാത്തതൊന്നും മനസ്സിൽ ആലോചിച്ചു വെറുതെ കാട് കയറേണ്ട. ഇത്രേം കാലത്തെ നിന്റെ സ്വപ്നം ഇപ്പൊ കൈ എത്തും ദൂരെയാണ്. ഒരു എക്സാമിന്റെ ദൂരം മാത്രം ഇനി നിന്റെ മുന്നിലൊള്ളൂ ”

ഫൈസി അവനെ നോക്കാതെ നെഞ്ചിൽ കൈ കെട്ടി നിന്നിട്ട് ശാന്തമായി പറഞ്ഞു.

“നിനക്ക് നിന്റെ അപ്പനോട് എത്രത്തോളം സ്നേഹം ഉണ്ടായിരുന്നുവെന്ന് എനിക്കറിയാം ക്രിസ്റ്റി. ഇതുപോലൊരു വാർത്ത കേൾക്കുന്ന ഏതൊരു മകന്റെയും അവസ്ഥയും എനിക്ക് നിന്റെ മുഖത്തു നിന്നും മനസ്സിലാവും. പക്ഷേ അപ്പോഴും നീ ഒന്നോർക്കുക.. ഈ പേരിൽ.. വർക്കി ചെറിയാന്റെ കൊലയാളിയായി നീ മാറണമെന്ന് നിന്റെ അപ്പൻ ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാവില്ല.”

ക്രിസ്റ്റി മുഖം ചെരിച്ചു കൊണ്ട് ഫൈസിയെ നോക്കി.

അവനപ്പോഴും ക്രിസ്റ്റിക്ക് മുഖം കൊടുത്തില്ല.

‘ജീവിതത്തിന്റെ മുക്കാൽ ഭാഗവും ജീവിച്ചു തീർത്ത വർക്കിക്ക് വേണ്ടി… ഇന്നലെയൊരു ജീവിതം തുടങ്ങിയ നീ, നിന്റെ ജീവിതം തകർക്കരുത്. കൊന്ന് കളയാതെ തന്നെ.. നിന്റെ അപ്പനോട് ചെയ്തതിനുള്ളത് വർക്കിക്ക് കൊടുക്കാൻ ഏതറ്റം വരെയും പോവാൻ ഞാനും നിന്റെ കൂടെയുണ്ടാകും.. എന്റെ മരണം വരെയും ”
ഇപ്രാവശ്യം ഫൈസി നേർത്തൊരു ചിരിയോടെ ക്രിസ്റ്റിയെ നോക്കി.

അലയോതുങ്ങിയ കടൽ പോലെ ക്രിസ്റ്റി ശാന്തനായിരുന്നു.
തിളച്ചു തൂവുന്ന കോപത്തിന്റെ തീയിലേക്ക് ഒരു കടലോളം വെള്ളമാണ് ഫൈസി തൂവി തെറിപ്പിച്ചതെന്ന് അവന് തോന്നി.

“ഇല്ലെടാ… ഇപ്പഴാ എന്റെ അമ്മയോന്ന് ചിരിച്ചു കണ്ടത് . ഇനി ഞാൻ കാരണം അതില്ലാതായി പോവരുത്. പിന്നെയെന്റെ പെണ്ണ്.. അവളിച്ചിരി മനസാമാധനത്തോടെ ഒന്നുറങ്ങിയത് ഇന്നലെയാണ്.. അതും ഞാൻ കാരണം.. ഇല്ല.. ഇല്ല ഫൈസി.ഞാൻ കാരണം നിങ്ങളാരും വേദനിക്കരുതെന്ന് എനിക്ക് നിർബന്ധമുണ്ട്.”

നിലാവുദിച്ചത് പോലൊരു ചിരിയോടെ ക്രിസ്റ്റി പറഞ്ഞു.

അത് വരെയും ചൂഴ്ന്ന് നിന്നിരുന്ന ആ സംഘർഷത്തിന്റെ ചങ്ങലകണ്ണികളെയാണ് ഫൈസി കുറച്ചു വാക്കുകളുടെ മൂർച്ചകൊണ്ട് അറുത്തു മാറ്റി കളഞ്ഞത്.

“നീ പറഞ്ഞത് പോലെ.. ഞാനും എന്തൊക്കെയോ ആലോചിച്ചു. പക്ഷേ അത് ഇവിടെ ഉപേക്ഷിച്ചു കളയുന്നു. വർക്കി ചെറിയാനെ കൊന്നിട്ട് ജയിലിൽ തീരാനുള്ളതല്ല എന്റെ ജീവിതം. അത്ര പെട്ടന്ന് മരിക്കേണ്ടവനുമല്ല.. പൊറുക്കി ”

ചിരിയോടെ തന്നെ ക്രിസ്റ്റി ഫൈസിയെ നോക്കി.

ഹൃദയം നിറച്ചൊരു ചിരിയോടെ ഫൈസി അകലേക്ക്‌ നോക്കി.

കൂട്ടുകാരന്റെ മൂടി കെട്ടിയ മനസ്സിനുള്ളിൽ വേണ്ടാത്ത ചിന്തകൾ നിറയുന്നുണ്ടെന്ന് വേവലാതി പൂണ്ട അവന്റെ മനസ്സും അപ്പോൾ അങ്ങേയറ്റം ശാന്തമായിരുന്നു.

❣️❣️

അന്ന് ഉച്ച വരെയും തന്നെ ആരെങ്കിലും അനേഷിച്ചു വരുമെന്ന് ഷാഹിദിനൊരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.

നേരം പോകുന്തോറും അത് മങ്ങി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം മുഴുവനും കാണാഞ്ഞിട്ടും അനേഷിച്ചു വരാൻ മാത്രം ബന്ധങ്ങളൊന്നും തന്നെ തനിക്കല്ലേയെന്നവൻ ഒരു നിമിഷം ഓർത്തു പോയി.

പണത്തിന്റെ ഹുങ്കിൽ എന്തൊക്കെയോ കാണിച്ചു കൂട്ടി.
ആരുടെയോ…ആരൊക്കെയോ ആണെന്ന് സ്വയം കരുതി.. മതി മറന്നു.

പക്ഷേ ഒന്നുമല്ലായിരുന്നു… ആർക്കും വേണ്ടായിരുന്നു അറക്കൽ ഷാഹിദെന്ന് കാലം കണക്ക് പറയാൻ ഒരുക്കി വെച്ചൊരു ദിവസമായിരുന്നു അന്ന്.

ഉച്ചക്ക് ശേഷം കോടതിയിൽ കൊണ്ട് പോണമെന്നു പറയുന്നുണ്ട്.

അവിടെയിനി എന്തൊക്കെയാണാവോ കാത്തിരിക്കുന്നത്.

കൂലി കൊടുത്തു കൂടെ നടത്തിയ ആരെങ്കിലുമൊന്നു മുന്നിലേക്ക് വന്നിരുന്നുവെങ്കിൽ എന്നവൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു ആ നിമിഷങ്ങളിലൊക്കെയും.

പക്ഷേ ഒന്നുമുണ്ടായില്ല..

ആരും വന്നതുമില്ല.സാമ്പാദിച്ചു കൂട്ടിയ കോടികളൊന്നും തന്നെ രക്ഷക്കെത്തിയില്ല എന്നുള്ള
പ്രതീക്ഷ വറ്റിയ മനസ്സോടെയാണ് അവൻ കോടതിയിലേക്ക് പോകാൻ ഒരുങ്ങിയതും.

❣️❣️

നിർത്താതെയുള്ള ഛർദി കൊണ്ട് റിഷിൻ വളഞ്ഞു കുത്തി.

രണ്ട് ദിവസവും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെയുള്ളത് അവന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

ഇപ്പോൾ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നത് പോലും ഛർദിച്ച് പോകുകയാണ്.

കൂടാതെ നല്ല പനിയും.

ബേസിനിൽ ഛർദിച്ചത് കളയാൻ ഡെയ്സി ബാത്റൂമിൽ പോയതായിരുന്നു.

റിഷിനെ താങ്ങി പിടിച്ചു തന്നിലേക്ക് ചേർത്ത് ഫൈസി പിന്തിരിഞ്ഞിരിപ്പുണ്ട്.

ക്രിസ്റ്റി ഒരു ഗ്ലാസ്സിൽ അൽപ്പം മുൻപ് വാങ്ങിയ കട്ടൻ കാപ്പി എടുത്തു റിഷിന്റെ ചുണ്ടോട് ചേർത്ത് വെച്ച് കൊടുത്തു.

“എനിക്ക്.. വേണ്ട.”
തളർച്ചയോടെ റിഷിൻ അവനെ നോക്കി.

“ഒന്നും കുടിക്കാതെ കിടന്നാൽ ശെരിയാവില്ല. പതിയെ ശരിയാക്കി എടുക്കണമെന്ന് ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ. കുറച്ചു കുടിക്ക്. എന്നിട്ട് കിടന്നോ ”
ക്രിസ്റ്റി അവനരികിൽ ഇരുന്നു കൊണ്ട് വീണ്ടും ഗ്ലാസ്‌ ചുണ്ടോട് ചേർത്ത് വെച്ച് കൊടുത്തു.

ചൂട് കാപ്പി ആർത്തിയോടെ റിഷിൻ കുടിച്ചു.
വേണ്ടന്ന് പറഞ്ഞത് വീണ്ടും ഛർദിച്ചാലോ എന്നുള്ള അവന്റെ ഭയമായിരുന്നുവെന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.

പക്ഷേ ഭയന്നത് പോലെ.. ഒന്നോ രണ്ടോ മിനിട്ടുകൾ ശേഷം കുടിച്ചതൊക്കെയും അവൻ ക്രിസ്റ്റിയുടെ മടിയിലേക്കാണ് ഛർദിച്ചത്.

അപ്പോഴും യാതൊരു മടിയോ അറപ്പോ കൂടാതെ അവനെ തോളിലേക്ക് ചേർത്ത് പിടിക്കുന്നവനെ നോക്കി ഡെയ്സി കണ്ണ് തുടക്കുന്നുണ്ടായിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button