നിലാവിന്റെ തോഴൻ: ഭാഗം 103
രചന: ജിഫ്‌ന നിസാർ
അർദ്ധരാത്രിയോടെയാണ് റിഷിനൊന്നു അൽപ്പം സമാധാനം കിട്ടിയത്.
തീ പോലെ പൊള്ളിയുന്ന അവന്റെ ദേഹത്തു വിയർപ്പ് തുള്ളികൾ പൊടിഞ്ഞു തുടങ്ങി.
അത് വരെയും അവനരികിലിരുന്നിട്ട് ഡെയ്സി നനഞ്ഞൊരു തുണി കൊണ്ട് തുടച്ച് കൊടുത്തു കൊണ്ടിരുന്നു.
ഒടുവിൽ പനിയൊന്നു ഒതുങ്ങിയെന്ന് കണ്ടതും അവർ തന്നെയാണ് ക്രിസ്റ്റിയോടും ഫൈസിയോടും വീട്ടിലേക്ക് പോകാൻ പറഞ്ഞത്.
വാർഡിൽ നിന്നും റിഷിനെ ഒരു റൂമിലേക്ക് മാറ്റിയിരുന്നു.ക്രിസ്റ്റി റഷീദിനെ വിളിച്ചു പ്രതേക പെർമിഷൻ വാങ്ങിയിട്ടാണ് അങ്ങനെ ചെയ്തത്.
തുടരെയുള്ള അവന്റെ ഛർദി… വാർഡിൽ കിടക്കുന്നവരുടെ ചുളിയുന്ന മുഖം. ഇതെല്ലാം കൊണ്ടായിരുന്നു അവനങ്ങനെ ഒരു തീരുമാനം എടുത്തതും.
“ഇനിയിപ്പോ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് വിട്ടിട്ട് പോകാൻ വയ്യെന്ന് ക്രിസ്റ്റി പറഞ്ഞെങ്കിലും ഡെയ്സി അവനെ പോകാൻ നിർബന്ധിച്ചു.
എങ്കിൽ ഞാനിവിടെ നിൽക്കാമെന്ന് ഫൈസിയും പറഞ്ഞു.
കയ്യിലെ മുറിവും വെച്ചോണ്ട് ഇവിടെയിരുന്നു വെറുതെ ഉറക്കം കളയേണ്ട.. നീയും വീട്ടിൽ പോ. ഇവിടിപ്പോ ഞാൻ മാത്രം മതിയെന്നവനോടും ഡെയ്സി നിർബന്ധം പിടിച്ചു.
ഒടുവിൽ രണ്ടു പേരും കൂടി തിരിച്ചു പോകാൻ റെഡിയായി.
“എന്തുണ്ടങ്കിലും വിളിക്കണമെന്നും രാവിലെ നേരത്തേ വരാമെന്നും പറഞ്ഞു കൊണ്ടാണ് ക്രിസ്റ്റി തിരിച്ചു പോന്നത്.
വർക്കിയേ പോയെന്നു കാണാണമെന്നുണ്ടായിരുന്നു അവന് .
പക്ഷേ അന്ന് മുഴുവനും റിഷിനൊപ്പം ചുറ്റി തിരിയേണ്ടി വന്നത് കൊണ്ട് അതിനായില്ല.
ഇന്നിനി അവനെ ഇങ്ങനൊരു അവസ്ഥയിലിട്ട് കൊണ്ട് വീട്ടിൽ പോകുന്നില്ലെന്ന് കരുതിയത് കൊണ്ടാണ് പാത്തുവിനെയും മറിയാമ്മച്ചിയേയും വിളിച്ചിട്ട് വരുന്നില്ലെന്ന് പറഞ്ഞതും വീട്ടിൽ എല്ലാവരോടും കാര്യങ്ങൾ പറയാൻ പറഞ്ഞതും.
“വിശക്കുന്നുണ്ടോ ടാ.?”
ക്രിസ്റ്റി അരികിലിരിക്കുന്ന ഫൈസിയെ നോക്കി ചോദിച്ചു.
“ലേശം…”
അവൻ ക്രിസ്റ്റിയെ നോക്കി പറഞ്ഞു.
“എങ്കിൽ വല്ലതും കഴിച്ചിട്ട് പോകാം. സമയം ഒരുപാടായി. വീട്ടിൽ എന്തെങ്കിലും ബാക്കിയുണ്ടോ എന്നറിയില്ലല്ലോ ”
ഏറ്റവും ആദ്യം കണ്ടൊരു തട്ട് കടയുടെ മുന്നിൽ കാർ നിർത്തി കൊണ്ട് ക്രിസ്റ്റിയിറങ്ങി.
പരസ്പരം ഒന്നും മിണ്ടാതെ രണ്ട് പേരും ഭക്ഷണം കഴിച്ചു.
“നാളെ കൊണ്ട് കളികൾ മാറും ക്രിസ്റ്റി ”
യാത്രയുടെ ഇടയിൽ എപ്പഴോ ഫൈസി ഓർമ്മിപ്പിച്ചു.
ക്രിസ്റ്റി ഒന്നമർത്തി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.
അന്ന് ഷാഹിദിനെ കോടതിയിൽ കൊണ്ട് പോവുകയാണെന്ന് റഷീദ് അവനെ വിളിച്ചറിയിച്ചിരുന്നു.
മാധ്യമങ്ങൾ കാര്യങ്ങൾ ഏറ്റു പിടിക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.
അവർക്കെതിരെ കൂടുതൽ തെളിവുകളും സാക്ഷികളും കിട്ടിയേക്കും.
കൂട്ടത്തിൽ റിഷിനും വർക്കിയും കൂടി വാർത്തകളിൽ നിറഞ്ഞു നിൽക്കും..
ആ ഓർമയിൽ തന്നെ ക്രിസ്റ്റിയുടെ മുഖം വലിഞ്ഞു മുറുകി.
❣️❣️
മറിയാമ്മച്ചിയാണ് ക്രിസ്റ്റിക്ക് വാതിൽ തുറന്നു കൊടുത്തത്.
“എങ്ങനെ ഉണ്ടെടാ അവന്?”
ക്രിസ്റ്റി അകത്തേക്ക് കയറി വാതിൽ അടക്കുന്നതിനിടെ മറിയാമ്മച്ചി ചോദിച്ചു.
“ഇപ്പൊ ആശ്വാസമായി. പനിയൊക്കെ കുറഞ്ഞു ”
പാറി പറന്നു കിടക്കുന്ന മുടി ഇഴകളൊന്നു ഒതുക്കി കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
‘ഛർദിയൊക്കെ കുറഞ്ഞോ..? ”
മറിയാമ്മച്ചി വീണ്ടും ചോദിച്ചു.
“മ്മ്..”
ഒരു നെടുവീർപ്പോടെ അവനൊന്നു മൂളി.
“അപ്പനും മകനും കുറേ പേരുടെ കണ്ണീർ കുടിച്ചതല്ലേ..ദഹിക്കാതെ കിടപ്പുണ്ടാവും.കുറച്ചങ്ങോട്ട് ഛർദിച്ച് കളയട്ടെ ”
ഉള്ളിലെ തീരാത്ത വെറുപ്പോടെ മറിയാമ്മച്ചി പറഞ്ഞു.
ക്രിസ്റ്റി അതിനുത്തരമൊന്നും പറഞ്ഞില്ല.
‘നിനക്ക് കഴിക്കാൻ വല്ലതും വേണോ ടാ? ”
അവൻ മിണ്ടാതെ നിൽക്കുന്നത് കണ്ടതും മറിയാമ്മച്ചി വീണ്ടും ചോദിച്ചു.
“വേണ്ട.. ഞാൻ കഴിച്ചു ..”
“ചായ വേണോ..?”
അവന്റെ ഉറക്കം തൂങ്ങി കലങ്ങി ചുവന്നു കിടക്കുന്ന കണ്ണിലേക്കു നോക്കി മറിയാമ്മച്ചി വീണ്ടും ചോദിച്ചു.
“ഇപ്പൊ ഒന്നും വേണ്ട മറിയ്യമ്മച്ചി. ഞാനൊന്ന് കുളിച്ചിട്ട് കിടക്കട്ടെ. നിങ്ങള് പോയി കിടന്നോ ”
അവൻ അവരുടെ തോളിൽ കയ്യിട്ട് പിടിച്ചിട്ട് ചിരിയോടെ പറഞ്ഞു.
“എന്നാ പോയി കിടന്നോ ”
അവന്റെ കവിളൊന്നു തൊട്ട് കൊണ്ട് മറിയാമ്മച്ചി പറഞ്ഞു.
ക്രിസ്റ്റി ചിരിയോടെ തലയാട്ടിയിട്ട് സ്റ്റെപ്പ് കയറി.
മുറിയിലെത്തി ലൈറ്റ് ഇട്ട് നോക്കുമ്പോൾ പാത്തു അവിടുണ്ടായിരുന്നില്ല.
അവന്റെ നെറ്റി ചുളിഞ്ഞു.
“ഇവളിത് എവിടെ പോയി?”
കയ്യിലെ ഫോണും പേഴ്‌സും മേശയിലേക്ക് വെച്ച് കൊണ്ടവൻ മുറിയുടെ പുറത്തേക്ക് നടന്നു.
മുകളിലെ ഹാളിലെ ലൈറ്റ് ഇട്ടു.
പ്രതീക്ഷച്ചത് പോലെ തന്നെ മീരയുടെ മുറിയിലുണ്ട്.
അവൾ മാത്രമല്ല. ദിലുവും.
മൂന്നും കൂടി അടുക്കി വെച്ചത് പോലെ ഒട്ടി പിടിച്ചു കിടക്കുന്നത് കണ്ടിട്ട് അവന് ചിരി വന്നു.
അതിനേക്കാൾ ആ കാഴ്ച്ച ഉള്ളിലൊരു കുളിരായിരുന്നു.
പാത്തുവിനെ വിളിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് പോവണമെന്നുണ്ടായിരുന്നു.
പിന്നെ അവൾ ഉറക്കമാണ്… അത് ശല്യപെടുത്തണ്ട എന്ന് കരുതിയിട്ട് പതിയെ വാതിൽ ചാരി.
ഇച്ഛാ..
അവൻ വാതിലടക്കും മുന്നേ പാത്തു തന്റെ കെട്ടിപിടിച്ചു കിടക്കുന്ന ദിലുവിന്റെ കൈകൾ വേർപ്പെടുത്തി പുതപ്പ് മാറ്റി എഴുന്നേറ്റു താഴെ ഇറങ്ങിയിരുന്നു.
“ആഹാ.. ഉറങ്ങിയിരുന്നില്ലേ?”
ക്രിസ്റ്റി ആശ്ചര്യത്തോടെ ചോദിച്ചു.
ഇല്ലെന്നവൾ ചിരിയോടെ ചുമൽ പൊക്കി കാണിച്ചു.
“എന്നാ വാ.. അവരുറങ്ങിക്കോട്ടേ ”
ക്രിസ്റ്റി വിളിക്കാൻ കാത്തിരുന്നത് പോലെ അവളോടി പുറത്ത് ചാടി.
അവൻ വാതിൽ അടച്ചു.
“ന്തേയ് ഉറങ്ങാഞ്ഞേ..?”
പാത്തുവിനെ ചേർത്ത് പിടിച്ചു കൊണ്ട് തന്റെ മുറിയുടെ നേരെ നടക്കുന്നതിനിടെ ക്രിസ്റ്റി ചോദിച്ചു.
“എനിക്കുറക്കം വരാഞ്ഞിട്ട്..”
അവൾ അവനെ ചുറ്റി പിടിച്ചു.
“അതെന്താ ഉറക്കം വരാഞ്ഞേ?”
അവന്റെ ചുണ്ടിലൊരു കള്ളചിരിയുണ്ടായിരുന്നു ആ ചോദ്യത്തോടൊപ്പം.
പാത്തു ഒന്നും പറയാതെ അവനിലേക്ക് കൂടുതൽ ചേർന്നു നിന്നു.
“ഹോസ്പിറ്റലിൽ നിന്നും വരുന്നതാ ഡീ പെണ്ണേ. കുളിക്കണം ”
അവളെ അകറ്റി മാറ്റി കൊണ്ടാണ് ക്രിസ്റ്റിയത് പറഞ്ഞത്.
പാത്തു മുഖം ചുളിച്ചു കൊണ്ടവനെ നോക്കി.
അവൾ അവനെ നോക്കി ചുണ്ട് ചുളുക്കി കൊണ്ട് കട്ടിൽ കേറി ചമ്രം പടിഞ്ഞിരുന്നു.
വാതിലടച്ചു തിരിഞ്ഞ ക്രിസ്റ്റിക്ക് അവളുടെ ഇരുപ്പ് കണ്ടതും ചിരി വന്നു.
“ഈ കുറുമ്പൊക്കെ അറക്കലിൽ ആയപ്പോൾ നീ എങ്ങനെ ഒതുക്കിപിടിച്ചെടി..?”
അവൻ ചിരിയോടെ തന്നെ ചോദിച്ചു.
“ഇച്ഛായൊന്ന് കുളിച്ചു വരുന്നുണ്ടോ.. ഇനിയും വർത്താനം പറഞ്ഞു നിക്കാതെ.എനിക്കുറക്കം വരുന്നുണ്ട് ”
അവൾ വീണ്ടും പറഞ്ഞു.
“നിനക്കുറങ്ങാൻ എന്തിനാ പാത്തോ ഞാൻ..?”
ഷർട്ടിന്റെ ബട്ടൺ അഴിച്ചു കൊണ്ടവൻ ചോദിക്കുമ്പോൾ പാത്തു ആ ചോദ്യം കേട്ട് മുഖം കുനിച്ചിരുന്നു ചിരിച്ചു.
തല ചെരിച്ചു നോക്കി കൊണ്ട് ക്രിസ്റ്റീയും ചിരിക്കുന്നുണ്ടായിരുന്നു.
“ഒരഞ്ചു മിനിറ്റ്.. ഇപ്പൊ വരാം ട്ടോ ”
അത് പറഞ്ഞു കൊണ്ടവൻ അവളുടെ മൂക്കിൽ തുമ്പിലൊന്നു പിടിച്ചുലച്ചു കൊണ്ട് മാറിയുടക്കാനുള്ള ഒരു ലുങ്കിയുമായി ബാത്റൂമിലേക്ക് കയറി.
പറഞ്ഞത് പോലെ തന്നെ.. അഞ്ചു മിനിറ്റ് കൊണ്ടവൻ തിരിച്ചിറങ്ങി വന്നിരുന്നു.
കയ്യിലുള്ള തോർത്ത് കൊണ്ട് മുടി ഒന്ന് കൂടി തുടച്ചിട്ട്… അത് തിരികെ വെച്ച് കൊണ്ട് അവൾക്കരികിൽ വന്നിരുന്നു.
“ഇനി പറ…”
അലങ്കോലമായി കിടക്കുന്ന മുടിയിഴകൾ കൈ കൊണ്ടൊന്നു കൊതി ഒതുക്കി കൊണ്ടവളെ നോക്കി കണ്ണടച്ച് ചിരിച്ചു.
“ഒരു.. ഒരു ഷർട്ട് ഇട്ടൂടെ ”
പാത്തു പതറി കൊണ്ടവനെ നോക്കി.
“പിന്നെ ഉറങ്ങുമ്പോ ഞാൻ കോട്ടും സൂട്ടും ധരിക്കയല്ലേ ”
ക്രിസ്റ്റി കണ്ണുരുട്ടി.
“ഇന്നലെ ഷർട്ട് ഇട്ടിരുന്നല്ലോ..”
പാത്തു വിടാനുള്ള ഭാവമില്ലായിരുന്നു.
“അത് ഇന്നലെയല്ലേ.. ഇത് ഇന്നും.”
അത് കേട്ടതും വീണ്ടും പാത്തുവിന്റെ മുഖം ചുളിഞ്ഞു.
“സത്യത്തിൽ എന്താ നിന്റെ പ്രശ്നം…?”
വീണ്ടും കള്ളചിരിയോടെ ക്രിസ്റ്റി ചോദിച്ചു.
“ഒന്നുല്ല..”
അവനെ നോക്കാതെ പാത്തു പതിയെ പറഞ്ഞു.
“സ്കൂളിൽ പോണ പിള്ളേരെ വഴി തെറ്റിച്ചാൽ ഞാൻ എന്റെ മറിയാമ്മച്ചിയോട് പറഞ്ഞു കൊടുക്കും കേട്ടോ..”
അത് പറഞ്ഞു കൊണ്ടവൻ അവൾ മടിയിലേക്ക് കിടന്നു.
അതോട്ടും പ്രതീക്ഷിക്കാത്തിരുന്നത് കൊണ്ട് പാത്തു ഞെട്ടി പോയിരുന്നു അവന്റെയാ പ്രവർത്തിയിൽ.
“ഹോസ്പിറ്റലിൽ.. എങ്ങനുണ്ട്?”
പതിയെ അവന്റെ മുടിയിഴകളിൽ കൂടി വിരലോടിച്ചു കൊണ്ട് പാത്തു ചോദിച്ചു.
“അവനൊട്ടും വയ്യ..”
അത് പറയുമ്പോൾ അവന്റെ സ്വരം പതിഞ്ഞു പോയിരുന്നു.
കുറഞ്ഞ വാക്കുകളിൽ അവിടെയുള്ള അവസ്ഥ ക്രിസ്റ്റി പാത്തുവിനോട് പറഞ്ഞു കൊടുത്തു.
“അപ്പൊ… അപ്പൊ അവനെയിനി പോലീസ് അറസ്റ്റ് ചെയ്യുവോ?”
പാത്തു ക്രിസ്റ്റിയെ നോക്കി.
“മ്മ്… ഇപ്പോഴത്തെ ഈ അവസ്ഥയിൽ അറസ്റ്റ് ചെയ്യാൻ വയ്യാത്തത് കൊണ്ട് പോലീസ് വെയിറ്റ് ചെയ്യുന്നതാ ”
“ഇനി.. ഇനിയിപ്പോ എന്ത് ചെയ്യും..?”
പാത്തു വീണ്ടും അവനെ നോക്കി.
“തെറ്റ് ചെയ്താൽ ശിക്ഷ കിട്ടുകയെന്നത് നമ്മുടെ നാട്ടിലെ നിയമമാണ് പാത്തോ..”
അവന്റെ പതിഞ്ഞ വാക്കുകൾ..കണ്ണടച്ച് കൊണ്ടാണ് അവൻ കിടക്കുന്നത്.
പാത്തുവിന്റെ ഉള്ളിലും സങ്കടം തോന്നി.
അവൾ കുനിഞ്ഞിട്ട് അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
ക്രിസ്റ്റി കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവനെ നോക്കി.
ഇപ്രാവശ്യം പാത്തുവിന്റെ ചുണ്ടിലായിരുന്നു ഒരു ചിരിയുണ്ടായിരുന്നത്.
“അത് ശരി.. എനിക്ക് ഇതൊന്നും പാടില്ല. നിനക്ക് ചെയ്യാം.. ഇതെവിടുത്തെ നിയമം ”
അവൻ ചാടി എഴുന്നേറ്റ് കൊണ്ടവളെ തുറിച്ചു നോക്കി.
“ഇച്ഛാ സ്റ്റുഡന്റ് അല്ലേ?”
അവൾ വാ പൊതിഞ് പിടിച്ചു ചിരിയോടെ പറഞ്ഞു.
“ആഹാ.. എങ്കിൽ അതൊന്ന് കാണാണമല്ലോ ”
മുണ്ട് മടക്കി കുത്തി അവൻ ചാടി പിടിക്കും മുന്നേ പാത്തു കിടക്കയിൽ നിന്നും താഴെക്കിറങ്ങി.
“പ്ലീസ്… വേണ്ട.. ഇനി ഞാൻ ചെയ്യില്ല ”
അവൾ അവനെ നോക്കി പറഞ്ഞു.
“നോ പ്ലീസ്.. എനിക്ക് കിട്ടിയൊരു സാധനം തിരിച്ചു കൊടുത്താ ശീലം ”
അതും പറഞ്ഞു കൊണ്ടവൻ മീശ പിരിച്ചു.
പാത്തു ഓടും മുന്നേ ക്രിസ്റ്റി കൈ നീട്ടി പിടിച്ചു വലിച്ചു.
ക്രിസ്റ്റിയുടെ കൈപിടിയിലൊതുങ്ങി നിൽക്കുമ്പോൾ പാത്തു വിറക്കുന്നുണ്ടായിരുന്നു.
“ഞാൻ… ഞാൻ ഇച്ചേടെ സങ്കടം കണ്ടപ്പോ ചെയ്തു പോയതാ…”
അവൾ തല ചെരിച്ചു നോക്കി കൊണ്ട് പതറി കൊണ്ട് പറയുന്നുണ്ടായിരുന്നു.
“എനിക്കറിയാം പാത്തോ..”
അവൻ ചിരിയോടെ അവളെ കൂടുതൽ ഒതുക്കി പിടിച്ചു.
“ഇങ്ങനൊന്നുമല്ല..പത്തോ.തെളിഞ്ഞ മനസ്സോടെ.. ഒട്ടും സംഘർഷമില്ലാതെ വേണം എനിക്കെന്റെ പെണ്ണിനെ മുഴുവനുമായും സ്വന്തമാക്കാൻ. അത് വരെയും… ഇതിങ്ങനെ തന്നെ പോട്ടെ.. ല്ലേ ”
അത് പറഞ്ഞു കൊണ്ടവൻ അവളുടെ കവിളിൽ ചുണ്ട് ചേർത്തു…
❣️❣️
“ഇനി… ഇനി പോലീസ് കൊണ്ട് പോകുവോ?”
നിറഞ്ഞ കണ്ണോടെ ഗൗരി ചോദിക്കുമ്പോൾ ക്രിസ്റ്റി അവളെ അലിവോടെ നോക്കി.
“ഒരുപാട്… ഒരുപാട് ഉപദ്രവിക്കുമോ?”
വേദന തിങ്ങിയ അവളുടെ മുഖം.
റിഷിനെ കണ്ടു കിട്ടിയ കാര്യമറിഞ്ഞിട്ട് ക്രിസ്റ്റിയെ ഗൗരി വിളിച്ചിരുന്നു.
ക്രിസ്റ്റി വിചാരിച്ചത് പോലെ തന്നെ,
പിറ്റേന്ന് രാവിലെ മുതലുള്ള വാർത്തകളിൽ റിഷിനും വർക്കിയും നിറഞ്ഞു നിന്നിരുന്നു.
കൊടും ക്രിമിനലായ ഷാഹിദിന്റെ കൂട്ടാലികൾ എന്ന പേരിലാണ് മാധ്യമങ്ങൾ അവരെ ലോകത്തിനു മുന്നിൽ അവതരിക്കുന്നത്.
മിഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ.. ഉള്ളതും ഇല്ലാത്തതും പോലെയുള്ളവയായിരുന്നു.
അവർക്ക് തോന്നിയ പോലെ.. കാര്യങ്ങൾ വളച്ചൊടിച്ചു.. മാറ്റി മറിച്ചു.. വെട്ടി തിരുത്തി..
അങ്ങനെ അങ്ങനെ ചോദ്യം ചെയ്യപ്പെടാത്ത അനേകം അനീതികൾ.
സോഷ്യൽ മിഡിയ വഴി വരുന്നതെല്ലാം ലോകം ഏറ്റെടുത്തു.
ഊഹങ്ങൾ കൊണ്ട് അനേകായിരം കാര്യങ്ങളെ വീണ്ടും പടച്ചു വിട്ടു.
കാര്യങ്ങൾ അതീവ ജാഗ്രതയോടെ ചെയ്തിട്ടും അതെങ്ങനെ ഇത്രയും പെട്ടന്ന് പുറം ലോകമറിഞ്ഞു എന്നത് റഷീദിന് പോലും അറിയില്ലായിരുന്നു.
ഏതായാലും കാര്യങ്ങൾ പിന്നെയുള്ള അയാളുടെ കയ്യിൽ നിന്നും പോയിരുന്നു.
അറിയാവുന്നവരെല്ലാം സംഭവം ഉള്ളതാണോ എന്നറിയാൻ ക്രിസ്റ്റിയുടെ ഫോണിലെക്ക് തുടരെ വരുന്ന ഫോൺ കോളുകൾ.
അറക്കലിൽ നിന്നും ഹമീദിനെയും നിയാസിനെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയ വിവരം ഫൈസിയാണ് ക്രിസ്റ്റിയെ വിളിച്ചറിയിച്ചത്.
അന്ന് ഹോസ്പിറ്റലിൽ പോകുന്ന വഴി ഗൗരിയെ കാണാൻ ചെന്നതാണ് ക്രിസ്റ്റി.
അവളുടെ വാടിയ മുഖം കാണുമ്പോഴൊക്കെയും അവനുള്ളിലും നോവാണ്.
ഒരുപാട് സ്നേഹിച്ചു പോയി എന്ന കാരണം കൊണ്ട് മുറിവേറ്റവളാണ്.
അവന്റെ വഴിയിലൊരു തടസ്സമാവാതിരിക്കാൻ സ്വന്തം വേദനകളെ അടക്കി പിടിച്ചു കൊണ്ട് പിന്തിരിഞ്ഞു നടക്കാൻ തുനിയുന്നവളാണ്.
“വിഷമിക്കരുത് ഗൗരി.. അവനിപ്പോൾ തിരിച്ചറിവിന്റെ പാതയിലാണ്. തീർച്ചയായും മാറ്റങ്ങളുണ്ടാവും. നമ്മുക്ക് കാത്തിരിക്കാം ”
അവളോട് വാക്ക് പറയുമ്പോൾ അതേ വിശ്വാസം അവനുള്ളിലും മുളപൊട്ടി തുടങ്ങിയിരുന്നു…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…